Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുഹയിലേക്കവർ ടോർച്ചുമായി കയറി, നീണ്ടുവന്നത് തിളങ്ങുന്ന രണ്ട് ‘ചോരക്കണ്ണുകൾ’!

Orange cave crocodile

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗബോൺ എന്നും പരിസ്ഥിതി സ്നേഹികളുടെ പ്രിയദേശമാണ്. അവിടത്തെ ജൈവവൈവിധ്യം മാത്രമല്ല, കാലമിത്രയായിട്ടും തിരിച്ചറിയപ്പെടാതെ കിടക്കുന്ന ഒട്ടേറെ പ്രദേശങ്ങളും ജീവിവർഗങ്ങളുമെല്ലാം ഗവേഷകരുടെ ശ്രദ്ധ ഇവിടേക്കു ക്ഷണിക്കുന്നു. അത്തരത്തിലൊരു  കണ്ടെത്തൽ അടുത്തിടെ ഏതാനും യുഎസ് ഗവേഷകർ നടത്തി. ഗബോണിന്റെ തെക്കൻ മേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒട്ടേറെ ഗുഹകളുണ്ട്. അവയുടെ ഗവേഷണത്തിനായാണ് സ്പീലിയോളജിസ്റ്റുകൾ ഉൾപ്പെടെ എത്തിയത്. (ഗുഹകളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് സ്പീലിയോളജി) 

ഒരു നദിയോടു ചേർന്നുള്ള ഗുഹയിലേക്ക് ഗവേഷകർ പ്രവേശിച്ചു. മുന്നിൽ ടോർച്ചിന്റെ വെളിച്ചം മാത്രം. അകത്തേക്ക് ഏറെ ദൂരമെത്തിയപ്പോഴാണ് ഇരുട്ടിൽ എന്തോ തിളങ്ങുന്നതു കണ്ടത്. രണ്ടു ചോരക്കണ്ണുകൾ! മുതലയാണെന്നുറിപ്പിച്ചു, ഗവേഷകർ ജീവനും കൊണ്ടോടി. പക്ഷേ അന്നു മുതൽക്കു തന്നെ അവർക്കു മുന്നിൽ ഒരു ചോദ്യചിഹ്നമായി ആ കണ്ണുകളുണ്ടായിരുന്നു. ഗവേഷകര്‍ പൂർണമായും ഭയന്നോടിയില്ല, രണ്ടു വർഷത്തിനു ശേഷം വീണ്ടും തിരിച്ചെത്തി. ഏറെ നാളത്തെ പരിശ്രമത്തിനു ശേഷം അന്നത്തെ കണ്ണുകളുടെ ഉടമയെ വെളിച്ചത്തിലേക്കു കൊണ്ടു വന്നു. അപ്പോഴാണറിഞ്ഞത്, ആ കണ്ണുകൾക്കു ചുവപ്പല്ല ഓറഞ്ച് നിറമായിരുന്നെന്ന്!

കണ്ണുകൾക്കു മാത്രമല്ല ശരീരത്തിൽ ഭൂരിഭാഗവും ഓറഞ്ച് നിറമായിരുന്നു അവയ്ക്ക്. അബാൻഡ എന്ന ഗുഹയിൽ പിന്നെയും ഏറെ മുതലകളുണ്ടായിരുന്നു. അവയിൽ 40 എണ്ണത്തിന്റെ ഒരു കൂട്ടത്തിൽ നാലെണ്ണം എന്ന കണക്കിന് ഓറഞ്ച് വർണത്തിലുള്ളവയായിരുന്നു. ശാസ്ത്രലോകത്തെ അമ്പരപ്പിച്ച കണ്ടെത്തലായിരുന്നു അത്. എന്തായിരിക്കും ചില മുതലകൾക്കു മാത്രം ഇത്തരത്തിലൊരു നിറംമാറ്റം? വർഷങ്ങളായി വെയിലേൽക്കാതെ ‘ഡീപിഗ്മെന്റേഷൻ’ സംഭവിച്ചതാണെന്നായിരുന്നു പ്രബലമായ വാദം. എന്നാൽ തുടർ ഗവേഷണത്തിൽ ഒന്നു വ്യക്തമായി. ഗുഹയ്ക്കുള്ളിലെ വവ്വാലുകളാണു മുതലകളുടെ നിറംമാറ്റത്തിനു പിന്നിൽ. 

Orange cave crocodile

‘ഓറഞ്ച് ബാറ്റ്സ്’ എന്നറിയപ്പെടുന്ന വവ്വാലുകളായിരുന്നു ഗുഹ നിറയെ. ഇവയായിരുന്നു ചില മുതലകളുടെ പ്രധാന ഭക്ഷണവും. എന്നാൽ അവയെ ഭക്ഷിക്കുന്നതു കൊണ്ടായിരുന്നില്ല ഓറഞ്ചു നിറത്തിലുള്ള അവയുടെ കാഷ്ഠമായിരുന്നു ‘പ്രശ്നക്കാരൻ’. കാഷ്ഠത്തിലെ യൂറിയ ത്വക്കിലേക്കിറങ്ങിയതാണു നിറംമാറ്റത്തിനു കാരണം. ഡ്വാർഫ് ക്രോക്കഡൈൽസ് (Osteolaemus tetraspis) എന്ന വിഭാഗത്തിൽപ്പെട്ടവയായിരുന്നു ഈ ഓറഞ്ചു മുതലകൾ. ഇവ പരമാവധി അഞ്ചരയടി വരെയേ നീളം വയ്ക്കുകയുള്ളൂ. ഇവയിൽത്തന്നെ രണ്ടു തരം ജീവിതരീതികൾ പിന്തുടരുന്നവയെ ഗുഹകളിൽ കണ്ടെത്തി. ഒരു കൂട്ടർ ഗുഹകളിൽ കരയോടു ചേർന്നുള്ള ഇടുക്കുകളിലായിരുന്നു ജീവിച്ചിരുന്നത്. ഇവയ്ക്ക് എപ്പോൾ വേണമെങ്കിലും പുറത്തേക്കിറങ്ങാൻ സാധിക്കും. വെള്ളത്തിലിറങ്ങി മത്സ്യവും മറ്റുമാണു ഭക്ഷണം. 

Orange cave crocodile

എന്നാൽ ഓറഞ്ചു മുതലകൾ ഗുഹയിലെ ഉയർന്ന ഇടുക്കുകളിലാണു താമസം. ഇവിടേക്കു കയറണമെങ്കിൽ തൂണുപോലെ കുത്തനെയുള്ള പാറകൾ കടക്കണം. ഇവിടേക്കു കരയിൽ നിന്നു ‘കണക്‌ഷൻ’ ഉണ്ട്. പക്ഷേ ഈ ഇടുങ്ങിയ വഴി നിറയെ വെള്ളമാണ്. ഒരുവിധം താഴേക്കിറങ്ങിയാലും ഓറഞ്ചു മുതലകളുടെ വലുപ്പം ഈ ഇടുങ്ങിയ വഴിയിൽ തടസ്സം സൃഷ്ടിക്കും. അതിനാലാണു വവ്വാലുകളെയും ചിവീടുകളെയും പ്രധാന ഭക്ഷണമാക്കി ഇവ ഗുഹയിൽത്തന്നെ കൂടിയത്. ഏകദേശം 3000 വർഷങ്ങളായി ഇവ ഗുഹാവാസികളാണെന്നാണു കരുതുന്നത്. വർഷങ്ങൾക്കു മുൻപു സമുദ്രജലനിരപ്പു താഴ്ന്ന് പ്രദേശത്തു വെള്ളമിറങ്ങിയപ്പോൾ ഗുഹയിൽ അഭയം തേടിയവയായിരിക്കാം ഈ മുതലകൾ. പിന്നീട് പുറത്തിറങ്ങാൻ സാധിക്കാത്ത വിധം കുടുങ്ങുകയും ചെയ്തു. അബാൻഡ ഗുഹയിലെ മുതലകളെല്ലാം ഒരേ സ്പീഷീസിൽപ്പെട്ടതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും വർഷത്തിനിടെയുണ്ടായ ജനിതകമാറ്റം ചില മുതലകളെ മാത്രം ഓറഞ്ചു നിറക്കാരാക്കുകയായിരുന്നു.