ആകാശത്തേക്കു ‘പറക്കുന്ന’ വെള്ളച്ചാട്ടം; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ

Image Credit: Abhinandan Kavale/ Caters News

അധികമാരും കേൾക്കാനിടയില്ലാത്ത ഒരിടം. എന്നാൽ ഒരിക്കൽ എത്തിച്ചേർന്നാൽ പിന്നീടൊരിക്കലും മനസ്സില്‍ നിന്നിറങ്ങിപ്പോകാത്തത്രയും കാഴ്ചകളാണ് അവിടെ കാത്തിരിക്കുന്നത്. സഹ്യാദ്രി മലനിരകളുടെ സൗന്ദര്യം മാത്രമല്ല, എണ്ണിയാലൊടുങ്ങാത്ത വെള്ളച്ചാട്ടങ്ങളുമാണ് മഹാരാഷ്ട്രയിലെ അംബോലി താഴ്‌വരയിൽ കാത്തിരിക്കുന്നത്. സിന്ധുദുർഗ് ജില്ലയിലെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിൽ പക്ഷേ കണ്ണിനു കുളിരേകുന്ന കാഴ്ചകളുണ്ടാകണമെങ്കിൽ മൺസൂൺ കനിയണം. എത്രത്തോളം മഴ ലഭിക്കുന്നോ അത്രയേറെ വെള്ളച്ചാട്ടങ്ങളായിരിക്കും മലനിരകളിൽ പലയിടത്തായി പ്രത്യക്ഷപ്പെടുക. 

എന്തായാലും ഇന്നേവരെ മഴ ചതിച്ചിട്ടില്ല. ഓരോ വർഷവും ശരാശരി 750 സെ.മീറ്ററോളം മഴ അംബോലിയിൽ ലങിക്കും. അവിടത്തെ പ്രശസ്തമായ ഹിൽ സ്റ്റേഷനാണു കവലേഷട്ട്. ടൂറിസ്റ്റുകൾക്കായി വ്യൂ പോയിന്റും തയാറാക്കിയിട്ടുണ്ട് ഇവിടെ. ഏറെ നടന്നെത്തിയാൽ ഇവിടെ കാണാനാകുക അതിസുന്ദരമായ കാഴ്ചകൾ. കോടമഞ്ഞും കാറ്റും വെള്ളച്ചാട്ടങ്ങളുമൊക്കെ നിറഞ്ഞ ഇവിടെ നിന്നുള്ള ഒരു വിഡിയോയാണ് ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുന്നത്. വെള്ളച്ചാട്ടങ്ങളിൽ ഏതാനും എണ്ണം താഴേക്കു പോകുന്നതിനു പകരം മുകളിലേക്കു പറക്കുന്ന കുതിക്കുന്നതാണു കാഴ്ച. 

കവലേഷട്ടിലേത് ഏകദേശം 400 അടി ഉയരമുള്ള വെള്ളച്ചാട്ടമാണ്. സമീപത്തു തന്നെ ചെറുതും വലുതുമായ മറ്റു വെള്ളച്ചാട്ടങ്ങളുമുണ്ട്. ഇതിന് അഭിമുഖമായും പലപ്പോഴും കനത്ത മഴക്കാലത്ത് വെള്ളച്ചാട്ടങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ അഭിനന്ദൻ എന്ന ചെറുപ്പക്കാരന്റെ ക്യാമറയിലാണു തികച്ചും വ്യത്യസ്തമായ ആ കാഴ്ച പതിഞ്ഞത്. കോടമഞ്ഞു മാറുമ്പോൾ കവലേഷട്ടിൽ കാറ്റു വീശുക പതിവാണ്. വെള്ളച്ചാട്ടത്തിന്റെ വേലിക്കെട്ടിനപ്പുറത്തേക്ക് ആ സമയം വസ്ത്രങ്ങളോ കുടയോ എറിഞ്ഞാൽ അതു തിരികെയിങ്ങു പോരും. അത്രയേറെ ശക്തമാണു കാറ്റ്. 

അത്തരമൊരു കാറ്റാണ് വെള്ളച്ചാട്ടത്തോടും കുസൃതി കാണിച്ചത്. കാറ്റിന്റെ ശക്തി താങ്ങാനാകാതെ, താഴേക്കു കുതിച്ചു പാഞ്ഞിരുന്ന വെള്ളച്ചാട്ടം അതിന്റെ ‘കൈ’ പിടിച്ച് മുകളിലേക്കു പോന്നു. അതോടെ ശരിക്കും വിഡിയോയിൽ വെള്ളച്ചാട്ടം ആകാശത്തേക്കു പറക്കുന്നതു പോലെയായി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അഭിനന്ദനിന്റെ ക്യാമറയിൽ ഈ വിഡിയോ പതിഞ്ഞത്. പലരും ഈ അദ്ഭുതക്കാഴ്ച കണ്ട് അതിനടുത്തേക്ക് ഓടിയെത്തുന്നതും വിഡിയോയിൽ കാണാം. ഒന്നോ രണ്ടോ മണിക്കൂർ മടുപ്പു കൂടാതെ ചെലവഴിക്കാനാകുന്ന ഇടമാണ് കവലേഷട്ട് വ്യൂ പോയിന്റ്. ഇനിയിപ്പോൾ യാത്രാപ്രേമികൾക്ക് അവിടേക്കു പോകാൻ ഒരു കാരണം കൂടിയായി!