ദിനം പ്രതി ടൺകണക്കിനു മാലിന്യങ്ങളാണ് സമുദ്രത്തിൽ വന്നടിയുന്നത്. ഇവയൊക്കെ പരിസ്ഥിതിക്കേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. എന്നാൽ ഈ മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിൽ ലോകത്തിനുതന്നെ മാതൃകയാവുകയാണു കെനിയയിലെ ഒരുകൂട്ടം പരിസ്ഥിതിസ്നേഹികൾ. തീരത്തടിയുന്ന ചെരുപ്പുകൾ ശേഖരിച്ച് അവയിൽ നിന്നും മനോഹരമായ വസ്തുക്കൾ നിർമ്മിച്ചാണ് ഇവർ വ്യത്യസ്തരാകുന്നത്.
സമുദ്ര സംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഓഷ്യൻ സോൾ എന്ന സംഘമാണ് ഈ ഉദ്യമത്തിനു പിന്നിൽ .1999 ൽ ജൂലി ചർച്ച് എന്ന ജീവശാസ്ത്ര ഗവേഷകയാണ് ഓഷ്യൻ സോളിനു രൂപം നൽകിയത്. കെനിയയിലെ കിവായു എന്ന സ്ഥലത്തെ തീരപ്രദേശത്തു ചില കുട്ടികൾ കടലിൽ നിന്നും ലഭിക്കുന്ന ചെരുപ്പുകൾ ഉപയോഗിച്ചു ചെറിയ കളിപ്പാട്ടങ്ങൾ നിർമ്മിച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഇത്തരമൊരു ആശയം ജൂലിയുടെ മനസ്സിൽ ഉദിച്ചത്. അങ്ങനെയാണ് ഓഷ്യൻ സോളിന്റെ പിറവി.
ഉപയോഗ ശൂന്യമായ ചെരുപ്പുകളിൽ നിന്നും വ്യത്യസ്ത നിറത്തിലും വലുപ്പത്തിലുമുള്ള മൃഗങ്ങളുടെ രൂപങ്ങളും കുട്ടികൾക്കുള്ള നിരവധി കളിക്കോപ്പുകളും ചുവർ അലങ്കരിക്കുന്നതിനുള്ള വസ്തുക്കളും ആഭരണങ്ങളും കീചെയ്നുകളുമെല്ലാം ഇൗ സംഘം നിർമിക്കുന്നുണ്ട് . തീരത്തടിയുന്ന ചെരുപ്പുകൾ സോപ്പുലായനി ഉപയോഗിച്ചു നന്നായി വൃത്തിയാക്കിയ ശേഷമാണ് കലാ സൃഷ്ടികൾക്കായി ഉപയോഗിക്കുന്നത്. വൃത്തിയാക്കിയശേഷം വേണ്ടരൂപത്തിൽ മുറിച്ചെടുക്കുന്ന കഷണങ്ങൾ യന്ത്രങ്ങളുടെ സഹായത്തോടെ മിനുക്കിയാണു രൂപങ്ങൾ സൃഷ്ടിക്കുന്നത്. ജിറാഫിന്റെയും സിംഹത്തിന്റെയും നീരാളിയുടെയും എന്നു വേണ്ട എണ്ണിയാൽ ഒടുങ്ങാത്ത വൈവിധ്യം നിറഞ്ഞ രൂപങ്ങളാണ് ഇവർ നിർമ്മിക്കുന്നത്. ഇതിനോടകം 5 ലക്ഷത്തിൽ പരം ജോഡി ചെരുപ്പുകളാണ് ഓഷ്യൻ സോളിലെ കലാകാരന്മാർ മനോഹര രൂപങ്ങളാക്കി മാറ്റിയെടുത്തത്.
അമേരിക്ക അടക്കം രാജ്യാന്തര തലത്തിൽ ഏറെ ആവശ്യക്കാരുമുണ്ട് ഓഷ്യൻ സോളിന്റെ ഉൽപന്നങ്ങൾക്ക്. വേണ്ടത്ര തൊഴിലവസരങ്ങളും മറ്റ് സൗകര്യങ്ങളും ഇല്ലാതിരുന്ന ഇൗ പ്രദേശത്തെ ജനങ്ങളെ ഏകോപിപ്പിച്ചാണ് ഓഷ്യൻ സോൾ പ്രവർത്തിക്കുന്നത്. 150 ൽ പരം ആളുകൾക്കു തൊഴിൽ അവസരങ്ങൾ നൽകുന്നതോടൊപ്പം തീരപ്രദേശം വൃത്തിയായി സൂക്ഷിക്കാനും ഇൗ സംരംഭത്തിലൂടെ സാധിക്കുന്നുണ്ട്. ഇനിനെല്ലാം പുറമേ, ലഭിക്കുന്ന ലാഭത്തിന്റെ നല്ലൊരു വിഹിതം സമുദ്ര സംരക്ഷണ പരിപാടികൾക്കായി നീക്കി വച്ചും പരിസ്ഥിതി സ്നേഹികൾക്കു മാതൃകയാവുകയാണ് ഈ സംഘം.