പതിവില്ലാത്ത കുളിരിന്റെ പിടിയിലാണു പാലക്കാട്. രാവിലെയും രാത്രിയും നല്ല തണുപ്പ്. നെല്ലിയാമ്പതിയിൽ കഴിഞ്ഞ ആഴ്ച തണുപ്പ് 12 ഡിഗ്രി വരെയെത്തിയപ്പോൾ മറ്റിടങ്ങളിൽ 21 ഡിഗ്രി വരെയായി. പകൽച്ചൂടിന്റെ കാഠിന്യവും കുറവാണ്.
മലയോര മേഖലകളിലാണു തണുപ്പ് കൂടുതൽ. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിൽ ഡിസംബറിൽ നല്ല തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ജില്ലയിലെ മറ്റു മേഖലകളിൽ ഇത്രയധികം തണുപ്പ് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടില്ല. നെല്ലിയാമ്പതി കഴിഞ്ഞാൽ കല്ലടിക്കോട്, മണ്ണാർക്കാട് മേഖലകളിലാണു കൂടുതൽ തണുപ്പ്.
ഈ മേഖലകളിൽ വർഷങ്ങൾക്കു മുൻപ് 19 ഡിഗ്രിവരെ തണുത്തിട്ടുണ്ട്. ഇത്തവണ കാറ്റ് കൂടിയതോടെ തണുപ്പു നന്നായി അനുഭവപ്പെടാൻ ഇടയാക്കി. കഴിഞ്ഞ വർഷങ്ങളിലൊന്നും പുലർച്ചെ ഇത്തരത്തിൽ കാറ്റു വീശിയിട്ടില്ലെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.
ഇതു തണുപ്പിന്റെ കാഠിന്യം വർധിപ്പിക്കുന്നു. പുലർച്ചെ 2 മുതൽ 5 വരെയാണ് ഏറ്റവും കൂടുതൽ തണുപ്പ്. ഈ മാസം അവസാനം വരെ ഈ രീതിയിൽ തണുപ്പ് അനുഭവപ്പെടുമെന്നാണു മുണ്ടൂർ ഐആർടിസിയിലെ വിദഗ്ധരുടെ നിഗമനം. തണുപ്പ് കൂടിയത് ഏപ്രിൽ, മെയ് മാസങ്ങളിലെ ചൂട് കഠിനമാക്കുമെന്നും വിലയിരുത്തലുണ്ട്.
ഊട്ടിയിൽ അതിശൈത്യം
നീലഗിരിയിലെ ഊട്ടി, കുനൂർ തുടങ്ങിയ സ്ഥലങ്ങൾ അതിശൈത്യത്തിന്റെ പിടിയിൽ. ഊട്ടി കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ, കാന്തൽ, എച്ച്പിഎഫ്, തലകുന്ത, എമറാൾഡ്, അവലാഞ്ചി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കമ്പിളി പുതച്ച പോലെയാണു പുലർവേള. രാവിലെ 10 വരെ തുടരുന്ന ശൈത്യം വൈകിട്ട് അഞ്ചിനു വീണ്ടും തുടങ്ങും.
ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിൽ 4 മുതൽ 2 ഡിഗ്രി വരെയാണു താപനില. മഞ്ഞുവീഴ്ച കൃഷിയെയും ബാധിച്ചു തുടങ്ങി. മഞ്ഞു വീണു തേയില കരിഞ്ഞുപോകുന്നതു ചെറുകിട തേയില കർഷകരെ ഏറെ ദുരിതത്തിലാക്കി.