കോഴിക്കോട് മേപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് ആൾപ്പൊക്കത്തിൽ സോപ്പുപത പോലെ പൊന്തിവരുന്ന പ്രതിഭാസം നാട്ടുകാർക്കു വിസ്മയവും ആശങ്കയുമായി. മേപ്പാടി താഴെ അരപ്പറ്റ ഹാരിസൺ തേയില തോട്ടത്തിലെ അഞ്ചേക്കർ എന്നറിയപ്പെടുന്ന പ്രദേശത്താണു കുടിവെള്ള കിണറിനു സമീപം ചൊവ്വാഴ്ച രാത്രി പത പൊങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.പിന്നീടിതു വലുതായി വന്നു. വിവരമറിഞ്ഞ് ഒട്ടേറെപ്പേർ ഇതു കാണാനെത്തി. വെയിൽ ചൂടായതോടെ കുറഞ്ഞു വന്നു.
പത വന്ന വഴി
അരപ്പറ്റയിൽ ഹാരിസൺ തേയിലത്തോട്ടത്തിൽ കിണറിന് സമീപം ഉയർന്നു കണ്ട പത സോപ്പ് നിർമാണ യൂണിറ്റിലെ പദാർഥങ്ങളിൽ നിന്നുണ്ടായതെന്നാണ് നിഗമനം.
എസ്റ്റേറ്റിന് കുറച്ചകലെ സ്വകാര്യമായി ഉൽപാദിപ്പിക്കുന്ന സോപ്പ് നിർമാണ യൂണിറ്റിലെ സാമഗ്രികൾ ഇവിടെ കൊണ്ടുവന്ന് വൃത്തിയാക്കിയിരുന്നതായി ഉടമ മൂപ്പൈനാട് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ വെള്ളവും മഞ്ഞുമായി കലർന്നാണ് പത രൂപപ്പെട്ടതെന്നാണ് നിഗമനം. രണ്ടു ദിവസം കൊണ്ട് പതയുടെ അവശിഷ്ടങ്ങൾ പൂർണമായി ഇല്ലാതായിട്ടുണ്ട്.
എന്നാൽ, പ്രതിഭാസം ഉണ്ടായതെങ്ങനെയെന്നതിന് ആധികാരിക വിശദീകരണം നൽകുന്നതിനുള്ള പരിശോധന ഇതുവരെ നടന്നിട്ടില്ല. ശാസ്ത്രീയപഠനങ്ങൾക്കു ശേഷം മാത്രമേ ഇക്കാര്യം ഉറപ്പാക്കാനാകൂവെന്നും കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ (സിഡബ്ല്യുആർഡിഎം) മാത്രമേ ഇതിനുള്ള സംവിധാനമുള്ളൂവെന്നും ജില്ലാ ജിയോളജിസ്റ്റ് ടി.എം. ഷെൽജിമോൻ പറഞ്ഞു.