മനുഷ്യനും മൃഗങ്ങളും ഒത്തൊരുമയോടെ വസിക്കേണ്ട ഇടമാണ് ഭൂമി. അതിജീവനത്തിന്‍റെ പേരിൽ പ്രകൃതിയോടും വന്യജീവികളോടും നമ്മൾ കാണിക്കുന്ന ക്രൂരത വെല്ലുവിളിക്കുന്നത് സഹവർത്തിത്വം എന്ന ഈ അടിസ്ഥാന തത്വത്തെയാണ്. മനുഷ്യനുമായി ഒത്തിണങ്ങി അവന്‍റെ മേധാവിത്വം അംഗീകരിച്ചു കഴിയുന്ന ജീവികളിൽ മുൻപന്തിയിലാണ് ആനകൾ. വന്യജീവി സംരക്ഷണമെന്നാൽ ഉൾക്കാടുകളിൽ ചില മേഖലകൾ കേന്ദ്രീകരിച്ചുള്ള മൃഗങ്ങളുടെ സംരക്ഷണം എന്ന പരമ്പരാഗത ചിന്തയെ തകർത്തെറിയാൻ നമ്മളെ പ്രേരിപ്പിക്കുകയാണ് ആനകൾ. അവ പകർന്നു നൽകുന്ന സഹവാസത്തിന്‍റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം, കാടുകളിൽ വലിയ ഭീഷണിയായി വളരുന്ന ഒരു തരം പാഴ്ച്ചെടിയുടെ ഗുണപ്രദമായ ഉപയോഗവും കോർത്തിണക്കിക്കൊണ്ടുള്ള ഒരു സമഗ്രപദ്ധതി അണിയറയിൽ ഒരുങ്ങുകയാണ്.
കൊങ്ങിണിച്ചെടിയുടെ (Lantana) തണ്ടുകളാൽ സൃഷ്ടിക്കപ്പെട്ട ആനകളുടെ ലോകസഞ്ചാരം എന്നു വിശേഷിപ്പിക്കാവുന്ന ഈ പദ്ധതിയുടെ പിന്നിൽ, ആനകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടന ദ് റിയൽ എലിഫന്‍റ് കലക്ടീവും യുകെയിലും യുഎസിലും നിരവധി ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയ മാർക്ക് ഷന്ദ് സ്ഥാപിച്ച, യുകെ ആസ്ഥാനമായ സംഘടന എലിഫന്‍റ് ഫാമിലിയുമാണ്.
കൊങ്ങിണിച്ചെടിയും വനാന്തരങ്ങളും
ബ്രിട്ടിഷ് കോളനികളില്‍നിന്നു ദക്ഷിണഅമേരിക്കയിലെത്തിയ കൊങ്ങിണിച്ചെടികൾ ഇന്നു ലോകമെമ്പാടുമുള്ള വനങ്ങൾ കീഴടക്കിക്കഴിഞ്ഞു. വിഷാംശമുള്ളതിനാൽ മൃഗങ്ങൾ ഇവയിൽനിന്ന് അകന്നു നിൽക്കുകയാണു പതിവ്. എന്നാൽ മറ്റു ചെടികളെ നിഷ്പ്രഭമാക്കി ഇവ വനങ്ങൾക്കും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയായി വളരുകയാണ്. ഇവയിൽ നിന്നു ഫർണിച്ചറും കരകൗശല വസ്തുക്കളും നിർമിക്കാനുള്ള വിദ്യ അശോക ട്രസ്റ്റ് ഫോർ റിസർച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്‍റ് രൂപകൽപന ചെയ്തതോടെ ഈ രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്കു തുടക്കം കുറിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് കൊങ്ങിണിച്ചെടികളുടെ തണ്ടിൽനിന്ന് ആനകളെ നിർമിക്കുന്ന ബൃഹത്തായ പദ്ധതിയും ചലിക്കുന്നത്.
പാഴ്ച്ചെടികളിൽ വിരിയുന്ന ആനകൾ
ഭൂമി ഒത്തൊരുമിച്ചു ജീവിക്കേണ്ട ഇടമാണെന്ന സന്ദേശം പറയാൻ ആനയാണു നല്ല പ്രതിനിധിയെന്ന തിരിച്ചറിവാണ് കൊങ്ങിണിത്തണ്ടിൽനിന്നു പടുകൂറ്റൻ ആനകളുടെ നിർമാണമെന്ന ആശയത്തിലേക്കു നയിച്ചത്. പനിയ, ബേട്ടക്കുറുമ്പ, സോലിഗ സമുദായങ്ങളിൽപ്പെട്ട 70 ആദിവാസി കലാകാരൻമാരാണ് ഈ ആനകളുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കാട്ടാനകളെക്കുറിച്ചുള്ള സമഗ്രമായ അറിവും തങ്ങളുടെ കലാപരമായ മേൻമയും സംയോജിപ്പിച്ചാണ് ഇവർ ആനകൾക്കു ജീവനേകുന്നത്. ദക്ഷിണേന്ത്യയിൽനിന്നുള്ള ആനകളെ അധികരിച്ചാണ് ഓരോ ആനയുടെയും രൂപകൽപന. ജനങ്ങളുമൊത്തുള്ള ആനകളുടെ സഹവാസത്തിന്‍റെ കഥ കൂടിയാണ് ഇവ പറയുന്നത്. ആനകളെ വ്യക്തിപരമായി തിരിച്ചറിഞ്ഞ്, തിരക്കേറിയ ലോകത്ത് ഓരോ ആനയും ഏതു രീതിയിലാണു പെരുമാറുന്നതെന്നു മനസ്സിലാക്കിക്കൂടിയാണ് കൊങ്ങിണിത്തണ്ടിലെ കലാരൂപമായി ഇവ രൂപാന്തരം പ്രാപിക്കുന്നത്.
ലോകം ചുറ്റാൻ 101 ആനകൾ
ഇത്തരത്തിൽ നിർമിക്കുന്ന 101 വലിയ ആനകളെ 2019 ൽ ഇന്ത്യയിൽ കൊച്ചി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. 2020 ൽ യുകെയിലെ വിക്ടോറിയ, ആൽബെർട്ട് മ്യൂസിയങ്ങളിലും ലണ്ടനിലെ റോയൽ പാർക്കുകളിലും ഇവ സ്ഥാനം പിടിക്കും. 2021 ൽ യുഎസിലുടനീളം കൂറ്റൻ ട്രക്കുകളിൽ ഇവ സഞ്ചരിക്കും. ചരിത്രപ്രധാനമായ ഇടങ്ങളിൽ പ്രദർശനവുമുണ്ടാകും. റോയൽ ചെൽസി ഹോസ്പിറ്റലിൽ 2017 ൽ നടന്ന പ്രദർശനത്തിൽ അഞ്ച് ആനകൾ സ്ഥാനം പിടിച്ചിരുന്നു. കടൽമാർഗമാണ് ഇവയെ ചെൽസിയിലെത്തിച്ചത്. ആനകളുടെ നിർമാണത്തിലും പദ്ധതി നടത്തിപ്പിലും മറ്റു പ്രകൃതിസംരക്ഷണ പ്രസ്ഥാനങ്ങളും സഹകരിക്കുന്നുണ്ട്.
ലേലത്തിനായി സഹ്യന്‍റെ പുത്രൻമാർ
യുഎസിലുടനീളമുള്ള പര്യടനത്തിനു ശേഷം സാൻഫ്രാൻസിസ്കോയിൽ വച്ച് ഇവയെ ലേലം ചെയ്യും. ആനവിദഗ്ധരും ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ധരും അടങ്ങുന്ന സമിതി നിയന്ത്രിക്കുന്ന ഏഷ്യൻ എലിഫന്‍റ് ഫണ്ടിലേക്കാണ് ലേലത്തിൽനിന്നു ലഭിക്കുന്ന പണം എത്തുക. ആനകളുടെ ക്ഷേമവും മനുഷ്യരും ആനകളും തമ്മിലുള്ള മികച്ച സഹവർത്തിത്വവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഫണ്ട് വിനിയോഗിക്കുക. സുതാര്യമായ പ്രക്രിയയിലൂടെയാകും ഗ്രാന്‍റ് വിതരണം.
തുടക്കം കൊച്ചിയിൽനിന്ന്
കൊച്ചിയിൽ ഈ മാസം 26 നു തുടങ്ങി മൂന്നാഴ്ച നീളുന്ന, 30 ആനകളുടെ പ്രദർശനത്തോടെയാണ് ഈ പദ്ധതിയുടെ തുടക്കം. പൊതുജനങ്ങള്‍ക്ക് വിദഗ്ധരുമായി ആശയവിനിമയത്തിനുള്ള സൗകര്യവും ഉണ്ടാകും. കൊച്ചി ആസ്ഥാനമായ തോട്ട് ഫാക്ടറിയാണ് പരിപാടിയുടെ ഡിസൈൻ പാർട്ണർ.