വയനാട് ജില്ലയിൽ വീണ്ടും തണുപ്പിന് കാഠിന്യമേറിയതോടെ ജനജീവിതം ദുഷ്ക്കരമായി. ക്രിസ്മസ് ദിനങ്ങളിലാണ് ഇൗ സീസണിൽ കൂടിയ തണുപ്പ് അനുഭവപ്പെട്ടത്. പിന്നീട് ഒരാഴ്ചയോളം താപനില ഉയർന്നിരുന്നു. എന്നാൽ രണ്ട് മൂന്ന് ദിവസമായി തണുപ്പ് പിന്നെയും കൂടി. 16 ന് രാവിലെ 9 ഡിഗ്രിയായിരുന്നു പെരിക്കല്ലൂരിലെ താപനില. ഇന്നലെ എട്ടായി കുറഞ്ഞു. സൂര്യൻ ഉദിച്ചുയരും വരെ പുറത്തിറങ്ങാനാവാത്ത വിധം തണുപ്പാണ്. നേരം ഇരുട്ടുന്നതോടെ നാട് വീണ്ടും തണുപ്പിലേക്ക് നീങ്ങുന്നു.
രാത്രിയും പുലർച്ചെയും യാത്ര ചെയ്യുന്നവരും പുറം ജോലി ചെയ്യുന്നവരുമെല്ലാം തണുപ്പിൽ വിറങ്ങലിക്കുന്നു. രാവിലെ വാഹനങ്ങളിൽ ഡീസൽ ഉറഞ്ഞ് സ്റ്റാർട്ട് ചെയ്യാനാവാത്ത അവസ്ഥ. പുലർകാല സർവീസുകൾ വൈകുന്നുമുണ്ട്.
ഗ്രാമങ്ങളിലും ടൗണിലുമെല്ലാം ആളുകൾ റോഡ് വക്കിൽ തീകൂട്ടി കായുന്നു. കോളനികളിൽ രാത്രി മുഴുവൻ തീക്കുണ്ഡമെരിയുന്നു. രാവിലെ ജോലിക്ക് എത്തേണ്ടവരും യാത്രക്കാരുമെല്ലാം കുറവാണ്. കർണാടക അതിർത്തിയോട് ചേർന്നുള്ള ഗ്രാങ്ങളിലൂടെ സന്ധ്യ കഴിഞ്ഞാൽ ബൈക്ക് യാത്രയും ദുഷ്കരമായി.
എല്ലുതുളച്ചുകയറുന്ന തണുപ്പെന്നാണ് ആളുകൾ പറയുന്നത്. രാവിലെ പച്ചവെള്ളത്തിൽ തൊടാനാവാത്ത അവസ്ഥയും. രാവിലെ പശുക്കറവയും പാൽ വിൽപനയുമെല്ലാം ബുദ്ധിമുട്ടിലായി. തണുപ്പേറിയതോടെ അങ്ങാടികൾ സന്ധ്യയോടെ ശൂന്യമാകുന്നു. കടകൾ നേരത്തെ അടയ്ക്കുന്നവരുമുണ്ട്. കിടപ്പാടമില്ലാതെ പാതയോരങ്ങളിലും ഷെഡ്ഡുകളിലും കഴിയുന്നവരാണ് ഏറെ വലയുന്നത്. ഗോത്ര മേഖലയിൽ വീട് നിർമാണം പൂർത്തീകരിക്കാതെ അനേകം പേർ ഷെഡ്ഡുകളിൽ കഴിയുന്നുണ്ട്.