വന്യമൃഗവേട്ടയുടെ ക്രൂരത ഏറ്റവുമധികം വെളിവാക്കുന്ന ചിത്രങ്ങളിലൊന്നാണ് അടുത്തിടെ വിയറ്റ്നാം അധികൃതര്‍ പുറത്തു വിട്ടത്. വിയറ്റ്നാം പൊലീസ് പിടികൂടിയ വേട്ടക്കാരുടെ സംഘത്തില്‍ നിന്നു ലഭിച്ചതാണ് ഈ ചിത്രം. പരിക്കേറ്റു ചാകാറായി കിടക്കുന്ന കടുവയുടെ മുകളില്‍ കയറി ഇരുന്ന് അതിന്‍റെ മുഖത്ത് ഒരാള്‍ ഇടിക്കുന്നതാണു ചിത്രത്തിലുള്ളത്. വെടിയേറ്റോ മറ്റോ കടുവയുടെ ദേഹത്തുണ്ടായ മുറിവില്‍ നിന്നു ചോര ഒലിക്കുന്നതും ചിത്രത്തില്‍ കാണാം. ചിത്രത്തിലെ കടുവയുടെ ദയനീയത ആരുടെയും കരളലിയിക്കും.
വിയ്റ്റ്നാം പൊലീസ് നല്‍കിയ ചിത്രങ്ങള്‍ ഫ്രീലാന്‍ഡ് എന്ന എന്‍ജിഒ ആണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഫ്രീലാന്‍ഡിന്‍റെ കൂടി സഹായത്തോടെ നടത്തിയ മൂന്നു മാസം നീണ്ട തിരച്ചിലിനൊടുവിലാണ് ഈ കൊള്ളസംഘത്തെ പൊലീസ് പിടികൂടിയത്. വിയറ്റ്നാം, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ കടുവകളെ വേട്ടയാടിയിരുന്നവരാണ് ഈ സംഘം. ഇവരില്‍ നിന്ന് മുതിര്‍ന്ന ഒരു കടുവയുടെ അസ്ഥികൂടവും പൊലീസ് കണ്ടെടുത്തു. ഫൊട്ടോയിലുള്ള കടുവയുടേതു തന്നെയാണോ ഈ അസ്ഥികൂടമെന്നു വ്യക്തമല്ല.
വേട്ടക്കാര്‍ക്കു വധശിക്ഷ നല്‍കണം
ട്വിറ്ററിലെത്തിയ ഫോട്ടോ നിരവധി പേരാണ് തുടര്‍ന്നു പങ്കുവച്ചത്. ശക്തമായ പ്രതിഷേധമാണ് എല്ലാവരും രേഖപ്പെടുത്തിയത്. പലരും വേട്ടക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവും മുന്നോട്ടു വയ്ക്കുന്നുണ്ട്. വേട്ടക്കാരെ പിടികൂടിയ പൊലീസിന് അഭിനന്ദനങ്ങളും നിരവധി പേര്‍ അറിയിക്കുന്നുണ്ട്. പിടികൂടിയവര്‍ എല്ലാം തന്നെ വിയറ്റ്നാം സ്വദേശികളാണ്. ഒക്ടോബറില്‍ ഒരു ടാക്സി ഡ്രൈവറില്‍ നിന്നു ലഭിച്ച സൂചനകളാണ് ഈ കൊള്ളസംഘത്തെ പിടികൂടാന്‍ സഹായിച്ചത്.
കടുവയുടെ തോല് മുതല്‍ അസ്ഥി വരെയുള്ള ഭാഗങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായാണ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഉപയോഗിക്കുന്നത്. ഇവിടങ്ങളിലെ പരമ്പരാഗത മരുന്നില്‍ കടുവയുടെ കാല്‍പ്പാദങ്ങളും, അവയുടെ അസ്ഥിയും ചേര്‍ക്കും. ഈ മരുന്നു നിർമാണത്തിനായി പുലി വര്‍ഗത്തില്‍ പെട്ട ജീവികളുടെ അസ്ഥികള്‍ക്ക് നിരവധി ആവശ്യക്കാരാണുള്ളത്. അതിനാല്‍ തന്നെ ശക്തമായ നടപടികൾ ഉണ്ടായിട്ടും ഏഷ്യയില്‍ നിന്ന് കടുവകളുടെയും ആഫ്രിക്കയില്‍ നിന്ന് സിംഹങ്ങളുടേയും ശരീരഭാഗങ്ങള്‍ ഇപ്പോഴും ഈ മേഖലയിലേക്കെത്തുന്നുണ്ട്. ചൈനയിലാണ് ഇവയുടെ ശരീരഭാഗങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ളത്.