വേമ്പനാട്ടു കായലിൽ മാലിന്യപ്രശ്നം അതിരൂക്ഷം. ജലനിരപ്പു കുറഞ്ഞതോടെ മലിനീകരണത്തിന്റെ തോതു വർധിച്ചു. പുറമെ നിന്നു കൊണ്ടു വന്നു തള്ളുന്ന മാലിന്യങ്ങളും ജലാശയം മലിനമാക്കുന്നതിനു പ്രധാന കാരണമാകുന്നു. കോഴിമാലിന്യം അടക്കം തണ്ണീർമുക്കം ബണ്ടിൽക്കൊണ്ടു തള്ളുന്നതു പതിവായി.
ജലത്തിന്റെ അളവു കുറഞ്ഞത് മലിനീകരണം വർധിപ്പിച്ചിട്ടുണ്ട്. 68 സെന്റീമീറ്ററാണു തണ്ണീർമുക്കം ബണ്ടിലെ ജലനിരപ്പ് ഇപ്പോൾ. ഇതു ഈ സീസണിലെ കുറഞ്ഞ അളവാണെന്നാണു വിദഗ്ധാഭിപ്രായം. കഴിഞ്ഞ ദിവസങ്ങളിൽ 70 സെന്റീമീറ്റർ ഉയരം ഉണ്ടായിരുന്നു.
പോള ശല്യം കൂടി വർധിച്ചതോടെ ബണ്ടിനു സമീപത്തെ ജലം കറുത്ത നിറത്തിലായിട്ടുണ്ട്. ബണ്ടിനോടു ചേർന്നു പോള കൂടിക്കിടക്കുന്നതും ദൃശ്യമാണ്. ഇതു മത്സ്യസമ്പത്തിനേയും കക്കാവാരൽ മേഖലയേയും പ്രതികൂലമായി ബാധിക്കുന്നെന്നു തൊഴിലാളികൾ പറയുന്നു.
മലിനീകരണത്തിന്റെ തോതു വർധിക്കുന്നതാണു പോളയുടെ വ്യാപനത്തിനും കാരണം. മലിനീകരണം ഫോസ്ഫറസ്, നൈട്രേറ്റ് എന്നീ മൂലകങ്ങൾ ജലത്തിൽ കൂടുതലുണ്ടാകും. ഇതു പോള സമൃദ്ധമായി വളരാൻ കാരണമാകുന്നു. ജലയാനങ്ങളുടെ യാത്രയേയും പോള ബാധിക്കുന്നു. ഓരു വെള്ളം കയറ്റി ശുചീകരിച്ചാൽ മാത്രമേ പോളയുടെ ശല്യം ഇല്ലാതാകൂ.
സാധാരണ ഗതിയിൽ മാർച്ച് പകുതിയോടെയാണു തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്. എന്നാൽ ഇൗ വർഷം പ്രളയം വന്നു കൃഷി താമസിച്ചതിനാൽ ഏപ്രിൽ മാസം അവസാനമേ ഷട്ടർ തുറക്കാൻ സാധിക്കൂ എന്നാണ് കരുതപ്പെടുന്നത്. ഇതു മലിനീകരണ പ്രശ്നം രൂക്ഷമാക്കും. പഴയ ബണ്ട് റോഡിന്റെ വശങ്ങളിൽ നിറയെ കോഴി മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ഇവിടെ നിൽക്കാൻ സാധിക്കാത്ത വണ്ണം രൂക്ഷമായ ദുർഗന്ധവുമുണ്ട്. ബണ്ട് റോഡിന്റെ പൊളിക്കാതെ നിൽക്കുന്ന ഭാഗത്തു കൂടിയാണു മാലിന്യം തള്ളൽ.