കടലാക്രമണവും കടലിന്റെ അടിത്തട്ടിൽ ചില മാറ്റങ്ങളും കണ്ടു തുടങ്ങിയിട്ടു 2 ദിവസമായെന്ന് മത്സ്യത്തൊഴിലാളികൾ. ഉൾക്കടലിൽ ബോട്ടിൽ മത്സ്യ ബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ ഇതേപ്പറ്റി തീരത്തെ മറ്റു മത്സ്യ തൊഴിലാളികളോടു പറഞ്ഞിരുന്നു.

‘കീഴാ തെകപ്പൽ’ എന്നാണ് മത്സ്യ തൊഴിലാളികൾ ഈ പ്രതിഭാസത്തെ വിളിക്കുന്നത്. വർഷംതോറും ഈ പ്രതിഭാസം ഉണ്ടാകാറുണ്ടെങ്കിലും ഇപ്പോൾ ശക്തി വളരെ കൂടുതലാണെന്ന് ഇവർ പറയുന്നു.

∙ കരയിൽ അനുഭവപ്പെടുന്ന ശക്തമായ കാറ്റ് ആദ്യം കടലിന്റെ അടിത്തട്ടിലാണ് ഉണ്ടാകുന്നതെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.

∙ കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി കടലിന്റെ അടിത്തട്ടിലെ ചെല്ലി പുഴുക്കൾ, പാമ്പുകൾ, മറ്റ് മാലിന്യങ്ങൾ ഒക്കെ വലകളിൽ കുടുങ്ങിയിരുന്നു.

∙ ഇത്തരം മാറ്റങ്ങൾ 2 ദിവസത്തിനകം കരയോടു ചേർന്ന് അനുഭവപ്പെട്ടു തുടങ്ങും.

∙ ശക്തമായ തിരയും ഉള്ളിൽ നിന്നു തന്നെ വെള്ളം ഇളക്കി മറിച്ചുള്ള വരവും അതുപോലെ കടൽ‌ തിരിച്ചു പോകുകയും ചെയ്യുന്നതിനാൽ വലിയ നാശം വിതയ്ക്കും.

∙ മാലിന്യം ഈ തിരയിൽ കരയിലേക്ക് എത്തും വെള്ളത്തിനു നിറവ്യത്യാസവും അനുഭവപ്പെടും.

∙ ഈ സമയം കടൽത്തീരത്തു നിൽക്കുന്നത് അപകടം ഉണ്ടാക്കും.

∙ നീന്തൽ അറിയുന്നവർ പോലും അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.

∙ കീഴാതെ തെകപ്പൽ നടക്കുമ്പോൾ വൻ തോതിൽ മണൽ തീരത്തു നിക്ഷേപിക്കും.

∙ എന്നാൽ നിക്ഷേപിച്ച മണൽ അടുത്ത ദിവസങ്ങളിൽ തിരിച്ചെടുക്കാനും സാധ്യതയുണ്ട്.

∙ ഫൈബർ കട്ടമരത്തിൽ പോകുന്ന മത്സ്യ തൊഴിലാളികൾ കൂടുതൽ ജാഗ്രത പാലിക്കണം.

∙ മലവെള്ളം വരുന്നതുപോലെ ഇരച്ചു കയറിയാണു കീഴാ തെകപ്പൽ എന്ന പ്രതിഭാസം കരയിലേക്കെത്തുക.

∙ ഇത്തരത്തിൽ കടലിനടയിൽ ഉണ്ടാകുന്ന പ്രതിഭാസം കാലാവസ്ഥാ മാറ്റങ്ങളുടെ മുന്നൊരുക്കമാണെന്നും ഇവർ പറയുന്നു. ഉൾക്കടലിൽ മത്സ്യ ബന്ധനം നടത്തുന്ന മത്സ്യ തൊഴിലാളികൾ ഇതേപ്പറ്റി പരസ്പരം ആശയവിനിമയം നടത്തിയതല്ലാതെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കാൻ സാധിച്ചില്ല.