‘പരിസ്ഥിതിക്ക് ദോഷം ഉണ്ടാകട്ടെ, എന്നിട്ടു നടപടിയെടുക്കാം’
കവ്വായി കായലിലെ നീരൊഴുക്കു തടഞ്ഞ് പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന ബണ്ടുകൾ തുറക്കണമെന്ന ആവശ്യത്തിനു നേരെ ബന്ധപ്പെട്ടവർ മുഖം തിരിക്കുന്നതിൽ പ്രതിഷേധം.തൃക്കരിപ്പൂർ, വലിയപറമ്പ്, പടന്ന എന്നീ പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന 3 ബണ്ടുകൾ നിലവിൽ കവ്വായി കായലിൽ ഉണ്ട്. തീരദേശ വാസികൾ യാത്രാ ദുരിതം പരിഹരിക്കുന്നതിനു നിർമിച്ചതാണിവ.
2 പതിറ്റാണ്ടിലധികം പഴക്കമുള്ളതാണ് 3 ബണ്ടുകളും. വർഷമേറുന്തോറും ബണ്ടുകൾ പരിസ്ഥിതി പ്രശ്നത്തിനു കാരണമാകുകയാണ്. മാടക്കാൽ – ഉടുമ്പുന്തല, പടന്ന – തെക്കെകാട് എന്നീ ബണ്ടുകൾക്കു പിന്നീട് കലുങ്കുകൾ പണിത് നീരൊഴുക്കിനു സൗകര്യമുണ്ടാക്കിയിട്ടുണ്ട്. ഇടയിലക്കാട്–വെള്ളാപ്പ് ബണ്ടിനാകട്ടെ കലുങ്ക് പണിതിട്ടുമില്ല. മൂന്നിടങ്ങളിലും പാലങ്ങൾ സ്ഥാപിച്ച് ബണ്ടുകൾ ഒഴിവാക്കണമെന്ന നിർദേശം നേരത്തെയുണ്ട്.
പരിസരവാസികളുടെ കുടിനീരിനെയും മൽസ്യ സമ്പത്തിനെയും പ്രതികൂലമായി ബാധിക്കുന്നുന്നുണ്ട് നീരൊഴുക്കിനു തടസ്സം സൃഷ്ടിക്കുന്ന ബണ്ടുകൾ. കേരളത്തിൽ മലിനീകരിക്കപ്പെടാത്ത കായലെന്ന ഖ്യാതിയുണ്ട് കവ്വായി കായലിന്. നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കിൽ ബണ്ട് പരിസരങ്ങൾ ദുർഗന്ധപൂരിതമാകും. മാടക്കാൽ ബണ്ടിൽ 3 വർഷം മുൻപ് കലുങ്ക് പണിയാൻ കാരണം കായൽ ജലത്തിന്റെ കടുത്ത ദർഗന്ധവും കക്ക വാരുന്നതിനും മീൻ പിടിക്കാനും കായലിൽ ഇറങ്ങുന്ന തൊഴിലാളികൾക്ക് രോഗം അനുഭവപ്പെട്ടു തുടങ്ങിയതു കൊണ്ടുമാണ്.
ആയിരക്കണക്കിനു കല്ലുമ്മക്കായ കർഷകർക്ക് ബുധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ ഇടയിലക്കാട് ബണ്ട് നീക്കം ചെയ്ത് പകരം റോഡ് പാലം പണിയാൻ അധികൃതർ തയാറാകണമെന്നു തയ്യൽ തൊഴിലാളി യൂനിയൻ (എസ്ടിയു) സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീൻ ആയിറ്റി സർക്കാരിനു സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.