തവളകളുടെ ലാര്‍വകളെ വിളിക്കുന്ന നാടന്‍ പേരാണ് വാല്‍മാക്രികള്‍ എന്നത്. വാല്‍മാക്രികളുടെ രൂപം കണ്ടാല്‍ നമുക്ക് ഒരിക്കലും അത് വളര്‍ന്ന് ഒരു തവളയായി മാറുമെന്ന് ഊഹിക്കാനാകില്ല. ഇത്തരത്തില്‍ തവളയും വാല്‍മാക്രികളും മാത്രമല്ല, പല ജീവിവര്‍ഗങ്ങളുടെയും ലാര്‍വയും യഥാര്‍ഥ ജീവിയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വ്യത്യാസങ്ങളുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടം അതിസൂക്ഷ്മ ലാര്‍വകളെ കണ്ടെത്തിയിരിക്കുകയാണ് സമുദ്രഗവേഷകര്‍. പക്ഷേ ഈ ലാര്‍വകള്‍ വളര്‍ന്ന് ഏത് ജീവിയായാണ് മാറുന്നതെന്ന് ഇതുവരെ ഗവേഷകര്‍ക്കു കണ്ടെത്താനായിട്ടില്ല.

ഫോറോനിഡ്സ്

കുതിരലാടത്തിന്‍റെ ആകൃതിയില്‍ കാണപ്പെടുന്ന ഇവയെ ഗവേഷകര്‍ വിളിക്കുന്നതും ആ പേരില്‍ തന്നെയാണ്, "ഹോഴ്സ് ഷൂ വേംസ്". ഫോറോനിഡ്സ് എന്നതാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്ന ഔദ്യോഗിക നാമം. മണ്ണിലോ ,പാറയിലോ, പവിഴപ്പുറ്റിലോ കൊളുത്തി നില്‍ക്കാന്‍ പാകത്തിനാണ് ഇവയുടെ ശരീര ഘടന. ശരീരം മുഴുവന്‍ സംരക്ഷിക്കുന്ന ഒരു സുതാര്യമായ ആവരണവു ഇവയ്ക്കുണ്ട്. തലയുടെ ഭാഗത്തായി കാണപ്പെടുന്ന ടെന്‍ടക്കിള്‍സ് അഥവാ നീരാളിക്കൈകള്‍ ഉപയോഗിച്ചാണ് ഇവ ഭക്ഷണം ശേഖരിക്കുന്നത്.

സൂക്ഷ്മജീവികളും സുതാര്യമായ ശരീരത്തോട് കൂടിയവയുമാണങ്കിലും ഈ ഗണത്തില്‍ പെട്ട മറ്റു ജീവികളെ പോലെ ഇവ ആഴക്കടലില്ല ജീവിക്കുന്നത്. സമുദ്രത്തില്‍ ശരാശരി 400 മീറ്റര്‍ആഴത്തിലാണ് ഈ ലാര്‍വകളെ കണ്ടു വരുന്നത്. 2 സെന്‍റിമീറ്റര്‍ മുതര്‍ 20 സെന്‍റിമീറ്റര്‍ വരെ വലുപ്പത്തില്‍ ഇവ കാണപ്പെടാറുണ്ട്. ലോകത്തെ എല്ലാ സമുദ്ര മേഖലയിലും ഇവയുടെ സാന്നിധ്യമുണ്ട്. 1856 ലാണ് ഇവയെ ആദ്യമായി ശാസ്ത്രലോകം കണ്ടെത്തുന്നത്.

ലാര്‍വകള്‍ ഒരേ പോലെ, ജീവികള്‍ വ്യത്യസ്തം

ലോകത്തെ സമുദ്രത്തിലാകെമാനം വ്യാപിച്ചു കിടക്കുന്നുവെങ്കിലും ഈ ലാര്‍വകള്‍ പരിണാമം സംഭവിച്ച് ഏതു ജീവിയായി മാറുന്നു എന്നത് ഇപ്പോഴും ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഒരുപക്ഷേ ഒരേ രൂപത്തില്‍ കാണപ്പെടുന്നുവെങ്കിലും ഈ ലാര്‍വകളെല്ലാം ഒരേ ഗണത്തില്‍പെട്ട ജീവികളുടേതായിരക്കണമെന്നില്ലെന്നും ഗവേഷകര്‍ കരുതുന്നു. ഇതിനു കാരണം ഈ ലാര്‍വകള്‍ക്ക് ആക്ടിനോട്രോസ് എന്ന ജീവിയുമായുള്ള ബന്ധമാണ്. ഫോറോനിഡ്സ് ലാര്‍വകള്‍ പൂര്‍ണവളര്‍ച്ചയെത്തി ആക്ടിനോട്രോസ് ആയി മാറുന്നു എന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജനിതക ഘടകങ്ങള്‍ കണ്ടെത്തിയതോടെയായിരുന്നു ഈ നിഗമനം.

എന്നാല്‍ പ്രകൃതി ഒളിപ്പിച്ചു വച്ച രഹസ്യം അല്‍പം കൂടി നിഗൂഢമായിരുന്നു. കാരണം തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എല്ലാ ഫോറോനിഡ്സ് ലാര്‍വകള്‍ക്കും ആക്ടിനോട്രോസുമായി ബന്ധമില്ലെന്നാണു കണ്ടെത്തിയത്. ഇതോടെയാണ് ഒരേ രൂപത്തില്‍ കാണപ്പെടുന്നുവെങ്കിലും ഈ ലാര്‍വകള്‍ വ്യത്യസ്ത ജനുസ്സില്‍ പെട്ട ജീവികളുടേതാകാംമെന്ന നിഗമനത്തിലേക്കു ഗവേഷകരെത്തിയത്. പക്ഷേ ഈ ജീവികള്‍ ഏതാണെന്നോ, എത്ര ജീവിവര്‍ഗങ്ങള്‍ ഈ ലാര്‍വകളില്‍ നിന്നു രൂപപ്പെടുന്നുണ്ടെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ആക്ടിനോട്രോസ് ഇനത്തില്‍പെട്ട 3 ജീവികളാണ് ഈ ചെറുലാര്‍വകളില്‍ നിന്ന് പരിണമിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഈ മൂന്ന് ജീവികളുമായും 75 ശതമാനം വരെ ജനിതകസാമ്യമുള്ള ചില ലാര്‍വകളെയും കണ്ടെത്തിയിട്ടുണ്ട്. ആക്ടിനോട്രോസ് ഇനത്തില്‍ പെട്ട കൂടുതല്‍ ജീവികള്‍ കൂടി ഒരുപക്ഷേ ഈ ലാര്‍വകളില്‍ നിന്നു പരിണമിക്കുന്നുണ്ട് എന്നതിന്‍റെ തെളിവായാണ് ഈ ജനിതക സാമ്യത്തെ ഗവേഷകര്‍ വിലയിരുത്തുന്നത്. അതേസമയം തന്നെ ഈ ആക്ടിനോട്രോസ് ജീവികളുമായി 1 ശതമാനം പോലും ജനിതക സാമ്യമില്ലാത്ത ലാര്‍വകളെയും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ആക്ടിനോട്രോസ് അല്ലാത്ത ചില ജീവികളും സമാന രൂപമുള്ള ലാര്‍വകളില്‍ നിന്ന് പരിണമിക്കുന്നുണ്ടാകാം എന്നു ഗവേഷകര്‍ കണക്കു കൂട്ടുന്നത്.