കുമ്പളങ്ങിയിലെ ‘കവര്’ ചൈനീസ് കടലിൽ; അമ്പരപ്പിച്ച് സാറ്റലൈറ്റ് ചിത്രങ്ങൾ!
‘കവരടിച്ച് കെടക്കണ്‌ണ്ട്. കൊണ്ടോയി കാണിക്കാൻ പാടില്ലേ..?’ കുമ്പളങ്ങി നൈറ്റ്സ് കണ്ടവരാരും മറക്കാനിടയില്ല ഈ ഡയലോഗും അതിനു പിന്നാലെയുള്ള കാഴ്ചകളും. ബോബി സഹോദരൻ ബോണിയോടു പറയുന്നതാണിത്. കാമുകിയുമൊത്ത് ബോണി കായലിലെ കവര് കാണാൻ പോകുന്നുമുണ്ട്. രാത്രിക്കായലിൽ നീലവെളിച്ചമായി തിളങ്ങിക്കിടക്കുന്ന ഏതോ സൂക്ഷ്മജീവികൾ– അതാണു കുമ്പളങ്ങിക്കാരുടെ കവര്. വെള്ളത്തിൽ കയ്യോ കാലോ തൊട്ടാൽ അവയങ്ങനെ നീലനിറത്തിൽ തിളങ്ങി നിറയും. ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട് ഈ പ്രതിഭാസം. മുംബൈയിൽ പലപ്പോഴും രാത്രിയിൽ കടൽ നീലനിറമായെന്ന വാർത്ത പോലും വരാറുണ്ട്. നീലക്കണ്ണീർ, സീ സ്പാർക്കിള്‍സ് എന്നുമൊക്കെ ഇവയെ ഗവേഷകർ പേരിട്ടു വിളിക്കുന്നു.
ചൈനയിലെ കടലുകളിലും ജലാശയങ്ങളിലും പലപ്പോഴും ഈ നീലനിറം കലരാറുണ്ട്. സത്യത്തിൽ ഒരു തരം സൂക്ഷ്മജലജീവികളാണിങ്ങനെ തിളങ്ങി നില്‍ക്കുന്നത്. പ്ലാങ്ക്ടണുകൾ വിഭാഗത്തിൽപ്പെട്ട ഇവയുടെ ശാസ്ത്ര നാമം നോക്ടിലൂക്ക സിന്റിലാൻസ്. ബയോലുമിനസെൻസ് എന്ന ഗുണമാണ് നീലനിറത്തിൽ തിളങ്ങാൽ അവയെ സഹായിക്കുന്നത്. എന്നാൽ അടുത്തിടെ ഉപഗ്രഹചിത്രങ്ങളിൽ നിന്നുള്ള വിവരങ്ങളനുസരിച്ചു തയാറാക്കിയ പഠനറിപ്പോർട്ടിൽ ഈ പ്ലാങ്ക്ടണുകൾ കടലിൽ നിറയുകയാണെന്നാണു വിവരം. അതിനെന്താണു കുഴപ്പം? പ്രശ്നമുണ്ട്. കാഴ്ചയിൽ നല്ല തിളക്കമുണ്ടെങ്കിലും വിഷവസ്തുക്കളാണ് ഈ പ്ലാങ്ക്ടണുകൾ. കിഴക്കൻ ചൈനാക്കടലിൽ ഇവ വർധിക്കുന്നതാണ് ഗവേഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നതും.
2000–2017 കാലത്തെ സാറ്റലൈറ്റ് ഡേറ്റയാണ് ഗവേഷകർ പരിശോധിച്ചത്. കടൽത്തീരത്തു നിന്ന് കൂടുതൽ ദൂരേക്ക് ഇവ വ്യാപിച്ചിട്ടുണ്ട്. കടലിലെ ചൂടേറിയ ഭാഗത്തുള്ള ഇവയുടെ സാന്നിധ്യവും ആശങ്കയുളവാക്കുന്നു. 2012 മുതൽ അഞ്ചു വർഷക്കാലത്തിലാണ് ഇവയുടെ എണ്ണം വന്‍തോതിൽ കൂടിയത്. പ്രകാശത്തെ ആഗിരണം ചെയ്ത് ചിതറിപ്പിക്കാനുള്ള കഴിവാണ് ഈ പ്ലാങ്ക്ടണുകളെ തിളക്കമുള്ളവയാക്കുന്നത്. കടൽജലത്തിലുണ്ടാകുന്ന ഈ മാറ്റം തിരിച്ചറിഞ്ഞാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് ഇവയുടെ വ്യാപ്തി മനസ്സിലാക്കുന്നതും. നാസയുടെ ടെറ, അക്വ ഉപഗ്രഹങ്ങളിൽ നിന്നും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നും ലഭിച്ച ഡേറ്റയാണ് കിഴക്കൻ ചൈനക്കടലിലെ പ്ലാങ്ക്ടണുകളെക്കുറിച്ചു പഠിക്കാൻ ഗവേഷകർ ഉപയോഗപ്പെടുത്തിയത്. ഏകദേശം 18 വർഷത്തെ ഡേറ്റയുണ്ടായിരുന്നു. ആയിരത്തോളം ഫോട്ടോകളും.
നീല വെളിച്ചം കൂടുതലായി വലിച്ചെടുത്ത് ചുവപ്പുപ്രകാശം അധികമായി വിതരണം ചെയ്യുന്ന സ്വഭാവവുമുണ്ട് ഇവയ്ക്ക്. കടലും ജലാശയങ്ങളും ചേരുന്ന ഭാഗത്ത് തീരത്തോടു ചേർന്നായിരിക്കും പലപ്പോഴും പ്ലാങ്ക്ടണുകൾ ധാരാളമായുണ്ടാവുക. എന്നാൽ കാലം പോകവേ ഇവ തീരത്തു നിന്നു ദൂരേക്കു സഞ്ചരിക്കുന്നതായാണു കണ്ടത്. സാധാരണ ഗതിയിൽ 20–25 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിലാണ് ഈ പ്ലാങ്ക്ടണുകളെ കാണാറുള്ളത്. എന്നാലിപ്പോൾ അതിലും മാറ്റം വന്നിരിക്കുന്നു. 28 ഡിഗ്രി സെൽഷ്യസ് ചൂടുള്ള കടൽഭാഗത്തു വരെ ഇവയെ കണ്ടെത്തി. ജലാശയങ്ങളിലെ ഓക്സിജന്‍ വലിച്ചെടുത്ത് മറ്റുജീവികളെ കൊന്നൊടുക്കുന്ന സ്വഭാവവുമുണ്ട് ഇവയ്ക്ക്. ചിലപ്പോഴൊക്കെ അമോണിയയും പുറത്തുവിടും. എന്നാൽ ഇവ മനുഷ്യനെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ പഠനം ഇതുവരെ നടന്നിട്ടില്ല.
അമിതമായ അളവിൽ ഇവ കടല്‍ജീവികൾക്ക് ഏറെ ദോഷകരമാണ്. മനുഷ്യരിൽ കരളിന്റെയും നാഡീവ്യവസ്ഥയുടെയും തകരാറിനിടയാക്കുന്നതാണ് ഇവയിൽ ചിലതിന്റെ വിഷമെന്നാണു കണ്ടെത്തിയിരിക്കുന്നത്. എന്നാൽ എല്ലാം അപകടകാരികളല്ല താനും. വൻതോതിൽ ഈ പ്ലാങ്ക്ടണുകളുണ്ടാകുന്നത് മനുഷ്യർക്ക് ദോഷകരമാണെന്നു തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ ഇവയുടെ സാന്നിധ്യത്തില്‍ ജലാശയങ്ങളിലേക്ക് ഇറങ്ങരുതെന്ന് വിവിധ രാജ്യങ്ങൾ ടൂറിസ്റ്റുകൾക്കു മുന്നറിയിപ്പു നൽകുന്നതു പതിവാണ്. ഇപ്പറഞ്ഞതെല്ലാം വൻതോതിൽ പ്ലാങ്ക്ടണുകളുമായി സമ്പർക്കം വരുമ്പോഴുള്ള പ്രശ്നം. അൽപാൽപമായി ദീർഘകാലത്തേക്ക് ഇവയുമായി സമ്പർക്കമുണ്ടായാൽ എന്തൊക്കെ പ്രശ്നമുണ്ടാകും എന്നതിനെപ്പറ്റി ഇതുവരെ പഠനം നടന്നിട്ടില്ല. കൃഷിഭൂമികളിൽ നിന്നു കടലിലേക്ക് ഒലിച്ചിറങ്ങുന്ന വളക്കൂറുള്ള മണ്ണും വെള്ളവുമെല്ലാം പ്ലാങ്ക്ടണുകളുടെ വളർച്ചയ്ക്കു സഹായകരമാകുന്നുണ്ട്. മറ്റേതെല്ലാം വഴികളിലൂടെയാണ് ഇവയുടെ വളർച്ച ശക്തമാകുന്നതെന്ന പരിശോധനയും ഗവേഷകർ ശക്തമാക്കിയിട്ടുണ്ട്.