അരയാൽ മുത്തച്ഛന് ചിതയൊരുക്കുന്ന ഗ്രാമം
പെരിന്തൽമണ്ണ എരവിമംഗലം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരുന്ന ഭക്തർക്ക് വർഷങ്ങളായി തണലൊരുക്കിയ പടുകൂറ്റൻ അരയാൽ മരം വിസ്‌മൃതിയിലേക്ക്. ക്ഷേത്രത്തിന്റെ മുൻവശത്തെ മൈതാനത്തുള്ള ഈ ആൽ മുത്തച്ഛൻ പ്രായാധിക്യത്താൽ മൃതാവസ്‌ഥയിലാണ്.
800 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ആലിനെ 21ന് വെട്ടിമുറിച്ച് ദഹിപ്പിക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം.മനുഷ്യജന്മത്തിന് തുല്യമാണ് ആൽമരം എന്ന വേദവിധി പ്രകാരമാണ് ആൽമരത്തെയും ദഹിപ്പിക്കാൻ തീരുമാനിച്ചത്.
സംസ്‌കാര കർമത്തിന് ആലിനോടു തന്നെ അനുവാദം ചോദിക്കുന്ന അനുജ്ഞാകർമം ക്ഷേത്രം തന്ത്രി ശ്രീധരം ചുമരത്ത് ദിവാകരൻ നമ്പൂതിരിപ്പാട് 21നു രാവിലെ 10ന് നിർവഹിക്കും. തുടർന്ന് ആൽമരത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കും.