പമ്പ, മണിമല, അഴുതയാറുകൾ കരകവിഞ്ഞു; മണ്ണിടിച്ചിൽ ശക്തം
മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ എരുമേലിയിലെ പമ്പ, മണിമല, അഴുതയാറുകൾ കരകവിഞ്ഞു. ഓരോ മഴയ്ക്കു ശേഷവും അൽപ്പം ഇടവേള ലഭിക്കുന്നതിനാൽ മറ്റ് നാശനഷ്ടങ്ങളില്ല. എന്നാൽ നദീ തീരങ്ങളിൽ ഇടിച്ചിൽ ശക്തമാണ്. ശബരിമല പാതകളിൽ വെള്ളക്കെട്ട് നിറഞ്ഞു. പമ്പയാറ്റിൽ നിലവിലുള്ളതിനെക്കാൾ നാല് അടിയിലേറെ വെള്ളം ഉയർന്നതോടെ കണമല, അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ് സേകളിൽ തൊട്ടുതൊട്ടില്ല എന്ന കണക്കേയാണ് വെള്ളമൊഴുകിയത്.
കണമല കോസ് വേ ഒഴികെയുള്ള രണ്ട് കോസ് വേകളിലും വാഹന, കാൽനടയാത്രയുണ്ട്. മഴ തുടർന്നാൽ ഇവ വെള്ളത്തിനടിയിലാവും. മഴയിൽ കീരിത്തോട് ജോസഫ് ചാക്കോയുടെ വീടിന്റെ മുറ്റത്തിന്റെ സംരക്ഷണഭിത്തി തകർന്നു വീണു. 20 അടി ഉയരവും 30 അടി നീളവുമുള്ള ഭിത്തിയാണു തകർന്നു വീണത്. വീടിന്റെ ഭിത്തിക്കും വിള്ളലുണ്ടായി.
പമ്പാനദിയിലെ പെരുന്തേനരുവി ഡാം നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. കഴിഞ്ഞ ദിവസം ഡാമിലെ വെള്ളം തുറന്നു വിട്ടിരുന്നു. ഇതോടെ ഓഗസ്റ്റിലെ പ്രളയത്തിൽ ഡാമിൽ അടിഞ്ഞുകൂടിയ ചെളി കുറെയധികം ഒഴുകിപ്പോയി.ഇന്നലെ രാവിലെ 10 മുതൽ ഉച്ച വരെ അൽപം തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞതോടെ മഴ വീണ്ടും തുടങ്ങി.