പശ്ചിമഘട്ടത്തിൽ പുതിയ ഔഷധച്ചെടി; ‘ഹിഡിയോട്ടിസ് ഇന്ദിരെ’
കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ഔഷധസസ്യ ഗവേഷണകേന്ദ്രം പശ്ചിമഘട്ടത്തിൽനിന്ന് പുതിയ ഔഷധച്ചെടി കണ്ടെത്തി. നിരവധി ഔഷധസസ്യങ്ങൾ ഉൾപ്പെടുന്ന റൂബിയേസിയ ശാസ്ത്രകുടുംബത്തിലെ ഹിഡിയോട്ടിസ് ജനുസ്സിൽപെട്ടതാണ് സസ്യം. ഔഷധസസ്യങ്ങളെ തിരിച്ചറിയാനും അവയുടെ വർഗീകരണത്തിലും പ്രധാന പങ്കുവഹിച്ച ഔഷധസസ്യ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.ഇന്ദിര ബാലചന്ദ്രനോടുള്ള ബഹുമാനമായി ഈ സസ്യത്തിന് ‘ഹിഡിയോട്ടിസ് ഇന്ദിരെ’ എന്ന് നാമകരണം ചെയ്തു.
ഗവേഷണകേന്ദ്രം സസ്യവർഗീകരണ വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ. കെ.എം.പ്രഭുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ചെടിയെ ശാസ്ത്രലോകത്തിനു മുന്നിലെത്തിച്ചത്. പശ്ചിമഘട്ടത്തിലെ ഉയർന്ന പുൽമേടുകളിൽ കാണുന്ന അപൂർവ സസ്യങ്ങളെക്കുറിച്ച് പഠിക്കുമ്പോഴാണ് പാലക്കാട് മുത്തിക്കുളം കാട്ടിലെ എലിവാൽമലയിൽനിന്ന് ഗവേഷകസംഘം ചെടി കണ്ടെത്തുന്നത്. പർപ്പടകപ്പുല്ല് ഈ വിഭാഗത്തിൽപെടുന്നതാണ്. മറ്റു സസ്യങ്ങളുമായി ചെറിയ സാദൃശ്യം കാണപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ ബാഹ്യ, ആന്തരിക ഘടനകൾ വിഭിന്നമാണ്.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6,300 അടി ഉയരത്തിൽ കാണുന്ന ഈ ചെടിയുടെ വെള്ളനിറത്തിലുള്ള പൂങ്കുലകളാണ് മറ്റു സസ്യങ്ങളുടെ ഇടയിൽനിന്നു കണ്ടെത്തുന്നതിന് സഹായിച്ചതെന്ന് ഡോ. കെ.എം.പ്രഭുകുമാർ പറഞ്ഞു. ഡോ. സി.എൻ.സുനിൽ, ഡോ. ആർ.ജഗദീഷൻ, വി.വി.നവീൻകുമാർ, ഐശ്വര്യ പിലാത്തോട്ടത്തിൽ, വി.എസ്.ഹരീഷ് എന്നിവരും ഗവേഷണ സംഘത്തിൽ ഉണ്ടായിരുന്നു