എന്താണ് പുഴയെ കൊള്ളയടിക്കൽ; നദികൾ ഇല്ലാതാകുമോ?
റിവർ പൈറസി– അൽപമൊന്നു മലയാളീകരിച്ചാൽ ‘നദിയെ കൊള്ളയടിക്കൽ’ എന്നു പറയാം. പേരു പോലെത്തന്നെ നദിയെ പ്രകൃതി തന്നെ ‘കൊള്ളയടിച്ച്’ ഇല്ലാതാക്കുന്നതാണ് സംഭവം. പതിനായിരക്കണക്കിനു വർഷങ്ങൾക്കു ശേഷമാണ് ഈ വാക്ക് ലോകം ചർച്ച ചെയ്യുന്നത്. കാരണം അറിയാവുന്നിടത്തോളം അടുത്ത കാലത്തൊന്നും എവിടെയും റിവർ പൈറസി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ‘പുഴക്കൊള്ള’ കാനഡയിൽ നടന്നിരിക്കുന്നു. മൂന്ന് വർഷം മുൻപാണ് സംഭവം നടന്നത്. അവിടെ നാലേനാലു ദിവസം കൊണ്ട് ഒരു നദി മുഴുവനായി വറ്റി വരണ്ടു! ‘റിവർ പൈറസി’ എന്ന പ്രസ്തുത പ്രകൃതിപ്രതിഭാസത്തിനു മുന്നിൽ അമ്പരന്നു നിൽക്കുകയാണ് ഗവേഷകർ. 2016 മേയ് 26നും 29നും ഇടയ്ക്ക് കാനഡയിലെ സ്‌ലിംസ് നദിയാണ് പൂർണമായും ‘മാഞ്ഞു’പോയത്. ഇതു സംബന്ധിച്ച പഠനറിപ്പോർട്ട് അടുത്തിടെ പുറത്തുവന്നു. ആഗോളതാപനമാണ് കാരണമായി പറയുന്നത്. നാം ശ്രദ്ധിച്ചില്ലെങ്കിൽ ഇന്ത്യയിലുൾപ്പെടെ തിരിച്ചടി നേരിടേണ്ടി വരുമെന്നും വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.
എന്താണ് പുഴയെ കൊള്ളയടിക്കൽ?
കാനഡയിലെ യുകോൺ എന്ന സ്ഥലത്തിലൂടെയാണ് സ്‌ലിംസ് നദി ഒഴുകുന്നത്. ഇതിലേക്കാവശ്യമായ ജലം എത്തുന്നതാകട്ടെ സമുദ്രനിരപ്പിൽ നിന്ന് 6000–9000 അടി മുകളിലായുള്ള കേസ്കാവുഷ് എന്ന മഞ്ഞുമലയിൽ നിന്നും. ക്ലൂഓണീ എന്ന തടാകവുമായി കൂടിച്ചേരും മുൻപ് 24 കിലോമീറ്ററോളം നീളത്തിലാണ് സ്‌ലിംസ് നദി ഒഴുകുന്നത്. ചിലയിടങ്ങളിൽ ഈ നദിക്ക് 150 മീറ്റർ വരെയുണ്ടായിരുന്നു വീതി. മഞ്ഞുമലയിൽ നിന്നുള്ള വെള്ളം സ്‌ലിംസിലേക്കു മാത്രമല്ല കേസ്കാവുഷ് എന്ന നദിയിലേക്കും പാതിവഴിയിൽ വച്ച് വേർപിരിയുന്നുണ്ട്. അതായത് വെള്ളം പകുത്തുകൊടുക്കുന്ന അവസ്ഥ. സ്‌ലിംസ് നദിയില്‍ നിന്ന് വെള്ളം ക്ലൂഓണീ തടാകത്തിലെത്തും, അവിടെ നിന്ന് യുകോൺ നദിയിലേക്കും പിന്നീട് ബെറിങ് കടലിലേക്കുമാണ് ഒഴുകിപ്പോകുക. എന്നാൽ ആ വർഷം മേയിൽ കേസ്കാവുഷ് മഞ്ഞുമല അസാധാരണമായ നിലയിൽ പിൻവാങ്ങുക(glacier retreat)യായിരുന്നു.
മഞ്ഞുമലകളുടെ പിന്മാറ്റം എങ്ങനെ?
സാധാരണ ഗതിയിൽ ഉരുകുന്നതിനനുസരിച്ച് മഞ്ഞുമലകളിൽ പുതുതായി മഞ്ഞുകണങ്ങൾ കൂടിച്ചേരാറുണ്ട്. ഇതിന്റെ രണ്ടിന്റെയും തോത് ഒരേപോലെയായിരിക്കും. പക്ഷേ മഞ്ഞുരുകൽ കൂടുകയും പുതിയ മഞ്ഞ് എത്തിച്ചേരാതാകുകയും ചെയ്യുന്ന അവസ്ഥയാണ് ‘ഗ്ലേഷ്യർ റിട്രീറ്റ്’ എന്നറിയപ്പെടുന്നത്. ഇതാണ് കേസ്കാവുഷിനും സംഭവിച്ചത്. അതോടെ ഈ മഞ്ഞുമല തെക്കുഭാഗത്തേക്കായി ചെരിഞ്ഞു. അതുവരെ വടക്കുഭാഗത്ത് സ്‌ലിംസ് നദിയിലേക്ക് ഒഴുക്കിയിരുന്ന വെള്ളം ദിശമാറി തെക്കോട്ടൊഴുകാൻ തുടങ്ങി. അത് മഞ്ഞുമലയിൽ തെക്കോട്ടേക്കായി വിള്ളലുകളും സൃഷ്ടിച്ചു. കുത്തനെയുള്ള ഇറക്കമായിരുന്നു ഇതിന്റെ പ്രത്യേകത. അതുവഴി മുഴുവൻ വെള്ളവുമൊഴുകിയെത്തിയത് അൽസെക് നദിയിലേക്കും അവിടെ നിന്ന് ഗൾഫ് ഓഫ് അലാസ്കയിലേക്കും.
എല്ലാം വളരെ പെട്ടെന്നായിരുന്നു!
1956 മുതൽ 2007 വരെയുള്ള കാലത്തിനിടെ കേസ്കാവുഷ് മഞ്ഞുമല 600 മുതൽ 700 മീറ്റർ വരെ പുറകോട്ട് പോയതായി കണ്ടെത്തിയിട്ടുണ്ട്. അതുവഴി ‘റിവർ പൈറസി’യുടെ സാധ്യതയും ഗവേഷകർ കണക്കുകൂട്ടിയിരുന്നു. പക്ഷേ നൂറുകണക്കിന് വർഷങ്ങളെടുക്കുമായിരുന്നു അത് സംഭവിക്കാൻ. ആ നിഗമനങ്ങളെയെല്ലാം അട്ടിമറിച്ചാണ് 2016ലെ വസന്തകാലം തീരും മുൻപേ സ്‌ലിംസ് നദി ഇല്ലാതായത്! കേസ്കാവുഷ് മഞ്ഞുമലയുടെ പിൻവാങ്ങലും ഏതാനും വർഷങ്ങളായി കാലാവസ്ഥാ ശാസ്ത്രജ്ഞർ പഠിച്ചു വരികയായിരുന്നു.
അതിനിടെയാണ് ക്ലൂഓണീ നദിയിലെ ജലനിരപ്പ് പെട്ടെന്നു താഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതോടെ സ്‌ലിംസ് നദിയുടെ ഉദ്ഭവസ്ഥാനത്തെ ജലത്തിന്റെ അളവെടുക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ഒരു തുള്ളിയില്ലാതെ വറ്റിയതായി കണ്ടത്. മാത്രവുമല്ല ഒരു കാലത്ത് കുതിച്ചൊഴുകിയിരുന്ന നദിയുടെ പരിസരമാകെ ഇന്ന് പൊടിക്കാറ്റാണ്. തുടർന്ന് ഹെലികോപ്റ്ററിൽ പോയും ഡ്രോൺ അയച്ചും മഞ്ഞുമല പരിശോധിച്ചപ്പോഴാണ് അപ്രതീക്ഷിതമായ പിൻവാങ്ങൽ ശ്രദ്ധയിൽപ്പെട്ടത്.
അൽസേക് നദി ‘വലുതായി’
അതേസമയം അൽസേക് നദി ലോട്ടറിയടിച്ച അവസ്ഥയിലാണ്. യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചിരിക്കുന്ന ഇവിടം റാഫ്റ്റിങ്ങിനും പേരുകേട്ടതാണ്. 2016 മേയ് മാസത്തിനു മുൻപ് സ്‌ലിംസിലും അൽസേക് നദിയിലും ഏകദേശം ഒരേ അളവിലായിരുന്നു വെള്ളം. എന്നാൽ ഇപ്പോഴാകട്ടെ സ്‌ലിംസിനേക്കാൾ 60–70 മടങ്ങ് ഇരട്ടിയാണ് അൽസേക്കിലെ ജലത്തിന്റെ അളവ്!
ചൂട് ക്രമാതീതമായി വർധിക്കുന്നത് എങ്ങനെയാണ് പരിസ്ഥിതിയിൽ അസാധാരണമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നത് എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് സ്‌ലിംസ് നദിയുടെ അപ്രത്യക്ഷമാകലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിഭാസത്തിന് 0.5 ശതമാനം മാത്രമേ കാലാവസ്ഥാപരമായ കാരണങ്ങള്‍ക്കു സാധ്യതയുള്ളൂ. ബാക്കി 99.5 ശതമാനം സാധ്യതയും കാരണമായി ചൂണ്ടിക്കാട്ടുന്നത് പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളെയാണ്.
യൂകോൺ നദീപ്രദേശത്ത് അധികം ആൾതാമസമില്ല, അതിനാൽത്തന്നെ സ്‌ലിംസ് നദിയില്ലാതായതിന്റെ പ്രശ്നം ജനങ്ങളെ കാര്യമായി ബാധിക്കില്ല. അതേസമയം രാജ്യാന്തര തലത്തിൽ മഞ്ഞുമലകളുടെ പിൻവാങ്ങൽ’ രൂക്ഷമാകുകയാണ്. മഞ്ഞുമലയിൽ നിന്നുള്ള വെള്ളമാണ് ഇന്ത്യയിൽ ഗംഗാനദിയുടെ പോലും അടിസ്ഥാനം. ഗംഗയിലേതിനു സമാനമായി നദികളെ ആശ്രയിച്ച് ജീവിക്കുന്ന ഒട്ടേറെ ജനവിഭാഗങ്ങളുണ്ട് ലോകത്ത്. പെട്ടെന്നൊരു നാൾ നദികളിലേക്കുള്ള വെള്ളം നിലച്ചാൽ എന്താണ് സംഭവിക്കുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യന്റെ കൃഷിയിടവും ജോലിയും വീടും ജീവനും വരെയെടുക്കുന്ന ദുരന്തത്തിലേക്കായിരിക്കും അത് നയിക്കുക...