ഉപ്പൂപ്പൻ, വലിയ മോതിരക്കോഴി, കായൽപ്പുള്ള്...പിന്നെ സാക്ഷാൽ രാജഹംസവും. പേരിലും കാഴ്ചയിലും വ്യത്യസ്തരായ ഇവരും തൃശൂരിലുണ്ട്. ദേശാടനകാലത്തിന്റെ വരവറിയിച്ച് തൃശൂരിൽ വിരുന്നുകാരായി എത്തിയിരിക്കുകയാണ് ഈ മഞ്ഞുകാല ദേശാടകർ.

പക്ഷിനിരീക്ഷണ കൂട്ടായ്മയായ കോൾ ബേഡേഴ്സ് കലക്ടീവ് തൃശൂരിലെ കോൾനിലങ്ങളിൽ നടത്തിയ ജനകീയ വിന്റർ ബേഡ് സർവേയിലാണ് വിരുന്നുകാരുടെ വരവറിഞ്ഞത്. വലിയ പുള്ളിപ്പരുന്തും, വർണക്കൊക്കും തലയെടുപ്പോടെ ക്യാമറകളിൽ പതിഞ്ഞു. 126 സ്പീഷിസുകളിലായി 30,000 ൽ പരം പക്ഷികളെ സർവേയിൽ രേഖപ്പെടുത്തി. വരത്തന്മാരും നാട്ടുകാരും കൂട്ടത്തിലുണ്ട്. ജനുവരിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ വാട്ടർബേഡ് സെൻസസിനു മുന്നോടിയായാണ് വിന്റർ ബേഡ് സർവേ നടത്തിയത്. കളനാശിനി ഉപയോഗിച്ച മേഖലകളിൽ പക്ഷികളുടെ വരവ് കുറഞ്ഞിട്ടുണ്ടെന്നാണു കണ്ടെത്തൽ.

ഏനാമാവ്, പുല്ലഴി, അടാട്ട്, മനക്കൊടി, ആലപ്പാട്, കോന്തിപുലം, തൊമ്മാന തുടങ്ങിയ വിവിധ കോൾമേഖലകളിൽ നടത്തിയ സർവേയിൽ 45ൽ പരം പക്ഷിനിരീക്ഷകർ പങ്കെടുത്തു. ഇ.എസ്.പ്രവീൺ, ഡോ.കെ.ജി.ദിലീപ്, രാജു കാവിൽ, രാജശ്രീ, മിനി ആന്റോ, ശ്രീകുമാർ ഗോവിന്ദൻകുട്ടി, ലതീഷ് ആർ.നാഥ്, എസ്.അബിൻ, പി.കെ.സിജി, മനോജ് കരിങ്ങാമഠത്തിൽ, കെ.സി.രവീന്ദ്രൻ, ഡോ.ജിഷ്ണു, നിഥീഷ് കെ.ബാലൻ, രഞ്ജിത്ത് മേനോൻ, പി.റിജു എന്നിവർ നേതൃത്വം നൽകി.നിരീക്ഷണ ഫലങ്ങൾ വിശകലനങ്ങൾക്കു ശേഷം വെബ്സൈറ്റിൽ (www.kole.org.in )പ്രസിദ്ധീകരിക്കും.

Migratory Birds At Kole Wetlands Near Pullu,Thrissur