Image Credits: Dr. Rana M S

ചിത്രങ്ങൾ: ഡോ. റാണ എംഎസ്

Image Credits: Dr. Rana M S

തൃശൂർ കോൾപാടങ്ങളിലേക്കു സ്നേഹദൂതുമായി രാജഹംസങ്ങൾ വിരുന്നെത്തി. ഗ്രേറ്റർ ഫ്ലമിംഗോ എന്നറിയപ്പെടുന്ന വലിയ രാജഹംസങ്ങളാണ് ഇവിടുത്തെ പാടശേഖരങ്ങളിൽ എത്തിയിരിക്കുന്നത്.പതിവായെത്തുന്ന നാല് രാജഹംസങ്ങൾ തന്നെയാണ് ഇത്തവണയും ഇവിടെയെത്തിയിരിക്കുന്നതെന്ന് പക്ഷിനിരീക്ഷകർ വ്യക്തമാക്കി. മുൻവർഷങ്ങളിലും ഇവ ഈ സമയത്ത് കോൾപാടങ്ങളിലേക്കെത്തിയിരുന്നു. അരയക്കൊക്ക്, പൂനാര എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവ അപൂർവമായാണു കേരളത്തിൽ എത്താറുള്ളതെന്നു പക്ഷിനിരീക്ഷകർ പറയുന്നു. ഒരു മീറ്ററോളം നീളമുള്ള കാലുകൾക്കും നീണ്ട കഴുത്തിനും പുറമെ പിങ്ക് നിറം കലർന്ന കൊക്കും വെളുത്ത തൂവലുകളുമാണു പ്രത്യേകത.

Image Credits: Dr. Rana M S

ചിറകുകളിലെ തൂവലുകൾക്കു കടുത്ത പിങ്ക് നിറമായിരിക്കും. നീണ്ടുവളഞ്ഞ കൊക്കിന്റെ അഗ്രഭാഗം കറുപ്പുനിറത്തിലായിരിക്കും. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇവയുടെ വരവ്. നൂറുപക്ഷികളെങ്കിലും അടങ്ങുന്ന സംഘമായിട്ടായിരിക്കും യാത്ര. ഒരു ദിവസം അഞ്ഞൂറിലേറെ കിലോമീറ്റർ താണ്ടും.വെള്ളത്തിലും കരയിലുമുള്ള ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണു പ്രധാന ആഹാരം. രാജ്യത്തെ കടൽക്കരയിലെ ചതുപ്പുകളിലാണ്‌ ഇവ കൂട്ടമായി വസിക്കുന്നത്‌. നവംബർ, ഡിസംബർ മാസങ്ങളിൽ കൂട്ടമായി ദേശാടനം ചെയ്യും.

കടൽക്കരയിലെ ചതുപ്പിൽ ഉയരത്തിൽ മൺകൂനകൾ ഉണ്ടാക്കി അതിനു മുകളിലെ കുഴികളിലാണു മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നത്‌. വെള്ളക്കെട്ടുകളിലും ചതുപ്പു പ്രദേശങ്ങളിലും പരതി ചെറുമീനുകൾ, കക്കകൾ, ചെമ്മീനുകൾ, പ്രാണികൾ എന്നിവയും ആഹാരമാക്കും. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡോ. റാണ എംഎസ് ആണ് ഇവയുടെ ചിത്രം പകർത്തിയത്.

English Summary: Migratory Birds Pile up at Thrissur Kole Lands

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT