ഭൂമിയിലെ ഇന്നുള്ള ജീവികളിൽ മികച്ച നിര്‍മാതാക്കള്‍ മനുഷ്യരാണെന്നു പറയാം. പക്ഷേ ഇവര്‍ നിര്‍മിച്ച വസ്തുക്കള്‍ ഇപ്പോള്‍ ഭൂമിക്കും പ്രകൃതിക്കും തന്നെ ഭാരമായി തീര്‍ന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഇങ്ങനെ പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് ഏറ്റവും തീവ്രമായി ആഘാതമേല്‍പ്പിക്കുന്ന മനുഷ്യനിര്‍മിതികളാണ് ഡാമുകള്‍. ഈ ഡാമുകള്‍ മൂലം ഇന്ന് ലോകത്തെ മൂന്നിലൊന്ന് നദികള്‍ മാത്രമാണ് സ്വതന്ത്രമായി തടസ്സം കൂടാതെ ഒഴുകുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

ഭൂമിയുടെ ജീവന്‍നിലനിര്‍ത്തുന്ന രക്തക്കുഴലുകളാണ് നദികളെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മൈക്കിള്‍ തിയം എന്ന വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ശുദ്ധജല ശാസ്ത്രജ്ഞന്‍ പറയുന്നു. തടസ്സങ്ങളില്ലാതെ ഒഴുകിയെത്തുന്ന ജലമാണ് താഴ്‌വാരങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നതും കൃഷി സമ്പന്നമാക്കുന്നതും കൂടാതെ അമിതമായ വെള്ളപ്പൊക്കവും വരള്‍ച്ചയും ഒഴിവാക്കുന്നതും. പക്ഷേ കൃഷിക്കും വൈദ്യുതിക്കും വേണ്ടിയെന്ന പേരില്‍ ഡാമുകള്‍ നിര്‍മിച്ച് കൂട്ടുമ്പോള്‍ മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നതിനു മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്നും മൈക്കിള്‍ ചൂണ്ടിക്കാട്ടുന്നു. 

നദികളിലെ നിര്‍മാണങ്ങള്‍ക്ക് അമിത പ്രാധാന്യവും മൂല്യവും കല്‍പ്പിക്കുന്നതാണ് നദികള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് മൈക്കിള്‍ തിയം പറയുന്നു. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിനു വേണ്ടി ഭൂമിയിലെ ശേഷിയക്കുന്ന തടയണകളില്ലാത്ത നദികളുടെ മാപ്പ് തയാറാക്കുകയാണ് മൈക്കില്‍ തീയമും സംഘവും ചെയ്തത്. ഇത് അധികാരികള്‍ക്ക് നദീസരംക്ഷണത്തിനു വേണ്ടിയുള്ള ഭാവി പദ്ധതികള്‍ തയാറാക്കുന്നതിനും ജനങ്ങള്‍ക്ക് പ്രകൃതിയെ തിരികെ നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാകുമെന്നാണ് ഗവേഷകർ കരുതുന്നത്.

വില്ലനാകുന്ന ഡാമുകള്‍

ഒരു ദശാബ്ദക്കാലം നീണ്ട പഠനത്തില്‍ 120 ലക്ഷം കിലോമീറ്ററോളം നീളത്തിലുള്ള നദീജലത്തെയാണ് ഗവേഷകര്‍ പഠനത്തിനു വിധേയമാക്കിയത്.ഇതാദ്യമാണ് സമാനമായ തരത്തിലുള്ള പഠനം നടക്കുന്നത്. അത് കൊണ്ട് തന്നെ ഈ പഠനത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതു തന്നെയാണ്. ഭൂമിയില്‍ 1000 കിലോമീറ്ററിനു മേല്‍ നീളമുള്ള നദികളില്‍ 77 ശതമാനവും ഉദ്ഭവസ്ഥാനത്തു നിന്ന് കടലിലേക്കുള്ള യാത്രയില്‍ മുറിഞ്ഞു പോകുന്നവയാണെന്നാണ് പഠനത്തില്‍ പറയുന്നത്. ജലം ഊറ്റുന്നതും, മണല്‍ വാരുന്നതുമെല്ലാം നദികളുടെ ഒഴുക്കു നിലച്ചു പോകുന്നതിനു കാരണമാണെങ്കിലും പ്രധാന വില്ലന്‍ ഡാമുകള്‍ തന്നെയാണ്.

ആയിരത്തിലേറെ വര്‍ഷക്കാലമായി മനുഷ്യരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചവയാണ് ഈ നദികള്‍. കൃഷിയും ഭക്ഷ്യോൽപാദനവും മുതല്‍ ഗതാഗതത്തിനും നഗരനിര്‍മാണങ്ങള്‍ക്കും ഒടുവില്‍ വ്യാവസായവൽക്കരണത്തിനും വരെ നദികള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം പൂര്‍ത്തിയായി ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പുതിയ മാര്‍ഗങ്ങൾ കണ്ടെത്തിയതോടെയാണ് ഡാമുകളുടെ നിര്‍മാണം വ്യാപകമായതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഡാമുകളുടെ നിർമാണത്തോടെ ഇനിയൊരിക്കലും പഴയ അവസ്ഥയിലേക്കു പോകാനാവാത്ത വിധം മുറിവേറ്റവയാണ് ഭൂമിയിലെ ഭൂരിഭാഗം നദികളും.

നദികളുടെ ഭാവി

ഇപ്പോഴും നദികള്‍ക്കേറ്റ മുറിവുകള്‍ പൂര്‍ണമായിട്ടില്ലെന്നാണ് ഇനി വരാനിരിക്കുന്ന അണക്കെട്ടുകളെ കുറിച്ചുള്ള കണക്കുകള്‍ നമ്മോട് പറയുന്നത്. ലോകത്താകെമാനം ഏതാണ്ട് 3700 ഡാമുകള്‍ ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. അതേസമയം തന്നെ നീളം കുറഞ്ഞ നദികള്‍ക്ക് ഈ പ്രതിസന്ധിയില്ലെന്നും പഠനം പറയുന്നു. നീളം കുറയുന്തോറും നദികള്‍ കടലിലേക്കെത്തുന്നതിനുള്ള തടസ്സങ്ങളും കുറഞ്ഞു വരികയാണെന്നാണു കണക്കുകള്‍ തെളിയിക്കുന്നത്. പക്ഷേ ഈ സുരക്ഷിതത്വവും എത്ര നാളേക്കെന്ന സംശയവും ഗവേഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.