കാര്യവട്ടത്തെ ‘സ്വന്തം മര’ത്തെ ആശ്ലേഷിച്ച് നൊബേൽ ജേതാവ്
തിരുവനന്തപുരം കാര്യവട്ടം സർവകലാശാല ക്യാംപസിലെ ബയോ ഇൻഫോമാറ്റിക്സ് വിഭാഗത്തിനു മുന്നിൽ തലയെടുപ്പോടെ നിൽക്കുന്ന അരയാൽ നട്ടതൊരു നൊബേൽ ജേതാവാണ്. 10 വർഷത്തിനു ശേഷം അദ്ദേഹം വീണ്ടുമെത്തി, ആ മരത്തെ കെട്ടിപ്പുണർന്നു. 2013 ൽ രസതന്ത്രത്തിനു നൊബേൽ നേടിയ മൈക്കൽ ലെവിറ്റ് ഇന്നലെ വീണ്ടും സർവകലാശാലയിലെത്തിയത് എറുഡൈറ്റ് പ്രഭാഷണ പരിപാടിയുടെ ഭാഗമായിട്ടാണ്. 2010 ലാണ് അദ്ദേഹം ഇതിനു മുൻപ് ഒരു പ്രഭാഷണത്തിനു ക്യാംപസിലെത്തിയത്.
അന്നു നട്ട തൈയാണ് ഇന്നു വലിയ മരമായി മാറിയത്. 2010 ൽ ലെവിറ്റ് നടത്തിയ പ്രഭാഷണത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട് അതേ വിഷയത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയ വിദ്യാർഥികളുമുണ്ട് കാര്യവട്ടം ക്യാംപസിൽ. ശാസ്ത്ര കണ്ടുപിടിത്തങ്ങൾ നടത്താൻ യുവതലമുറയെ വിശ്വാസത്തിലെടുക്കുകയും അവർക്കു തെറ്റു സംഭവിക്കുമ്പോൾ തള്ളിപ്പറയാതെ കൂടെ നിൽക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രോട്ടീൻ ശാസ്ത്രത്തിലെ തന്റെ ഗവേഷണത്തിന്റെ പരിണാമവും അദ്ദേഹം വിശദീകരിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ രാജൻ ഗുരുക്കൾ, പ്രോ വൈസ് ചാൻസലർ അജയകുമാർ, വകുപ്പ് മേധാവി ഡോ.അച്യുത് ശങ്കർ എസ്.നായർ, ഡോ.ഉമ്മൻ വി.ഉമ്മൻ, ഡോ.ബി.ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.