കാസർകോട് ജില്ലയിൽ ആദ്യമായി കണ്ടെത്തിയ ചങ്ങാലിപ്രാവ്. ഭീമനടി റിസർവ് വനത്തിൽ നിന്നു പക്ഷി നിരീക്ഷകൻ ശ്രീഹരി പകർത്തിയ ചിത്രം

ചങ്ങാലിപ്രാവിനെ (ഓറിയന്റൽ ടർട്ടിൽ ഡോവ്, സ്ട്രെപ്റ്റോപിലിയ ഓറിയന്റൽസ്) ആദ്യമായി കാസർകോട് ജില്ലയിൽ കണ്ടെത്തി. ജില്ലയിൽ രണ്ടിടങ്ങളിലായാണ് അടുത്തടുത്ത ദിവസങ്ങളിൽ ചങ്ങാലിപ്രാവിനെ കണ്ടത്. ക്രിസ്മസ് ദിനത്തിൽ ഭീമനടി റിസർവ് വനത്തിൽ നടത്തിയ പക്ഷി നിരീക്ഷണത്തിനിടെ മണ്ണുത്തിയിലെ കാർഷിക സർവകലാശാല ഫോറസ്ട്രി കോളജിൽ ബിരുദാനന്തര വിദ്യാർഥിയായ ശ്രീഹരി, ആർക്കിടെക്റ്റുമാരായ പി.ശ്യാംകുമാർ, ഹരീഷ് ബാബു എന്നീ മൂന്നംഗ സംഘമാണു ചങ്ങാലിപ്രാവിനെ ജില്ലയിൽ ആദ്യമായി കണ്ടത്.

ശ്രീഹരിയുടെ ക്യാമറയിലാണു ജില്ലയിൽ ആദ്യമായി എത്തിയ അതിഥിയുടെ ചിത്രം പതിഞ്ഞത്. പുതുവത്സരദിനത്തിൽ വെള്ളിക്കോത്ത് പെരളംവയലിൽ വീണ്ടും ഈ വിരുന്നുകാരനെ കണ്ടു. പടിഞ്ഞാറൻ സൈബീരിയ, തുർക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഹിമാലയം, നേപ്പാൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന പ്രാവാണിത്. ഇന്ത്യ. ശ്രീലങ്ക എന്നിവിടങ്ങളിലേക്കാണ് ഇവ പ്രധാനമായും ദേശാടനം നടത്തുന്നത്.

സാധാരണയായി കണ്ടുവരുന്ന അരിപ്രാവുമായി സാമ്യമുണ്ടെങ്കിലും വലുപ്പത്തിൽ കേമൻ ചങ്ങാലിപ്രാവുതന്നെയാണ്. ഡിസംബർ, ജനുവരി മാസങ്ങളിലാണു ഇന്ത്യയിലേക്കു ചങ്ങാലിപ്രാവുകളുടെ വരവ്. കേരളത്തിൽ അപൂർവമായി മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളതെന്നു പി.ശ്യാംകുമാർ പറഞ്ഞു

English Summary: Oriental turtle dove spotted in Kasargod