ഗുഹയ്ക്കുള്ളിൽ മരങ്ങളും മേഘങ്ങളും തടാകങ്ങളും; അദ്ഭുതലോകം ഒളിപ്പിച്ച് നിഗൂഢ ഗുഹ!
1990 ൽ വിയറ്റ്നാമിലെ കാടിനു നടുവിൽ കൊടുങ്കാറ്റിൽ നിന്ന് രക്ഷതേടി ഒരു വലിയ പാറക്കൂട്ടത്തിനു താഴെ നിൽക്കുകയായിരുന്നു ഹൊ കാൻഹ് എന്ന വ്യക്തി. അപ്പോഴാണ് പാറക്കൂട്ടത്തിനിടയിലെ ആഴമുള്ള ഒരു ദ്വാരത്തിലൂടെ കാറ്റും അല്പാല്പമായി നേർത്ത മേഘങ്ങളും പുറത്തേക്കു വരുന്നത് ഹൊയുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ അത് പരിശോധിക്കാൻ ഹൊ തുനിഞ്ഞില്ല. 18 വർഷങ്ങൾക്കു ശേഷം ബ്രിട്ടിഷ് കേവ് റിസേർച് അസോസിയേഷനിലെ ഗുഹാ ഗവേഷകരാണ് അന്ന് ഹൊ കണ്ടത് ഒരു ഗുഹയായിരുന്നുവെന്ന് കണ്ടെത്തിയത്. അവർക്ക് വഴികാട്ടിയായത് ഹൊയും. കൂടുതൽ പഠനങ്ങൾ നടന്നപ്പോൾ കണ്ടെത്തിയ വസ്തുതയായിരുന്നു ഏറെ അമ്പരപ്പിക്കുന്നത്. ഹാങ് സൺ ദൂങ് എന്ന ഇൗ ഗുഹ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗുഹയാണ്!
വിയറ്റ്നാമിലെ ഖ്വാങ്ങ് ബിൻ പ്രവിശ്യയിലുള്ള ഫോങ് നാ കേ ബാങ് നാഷണൽ പാർക്കിലാണ് ഹാങ് സൺ ദൂങ് സ്ഥിതിചെയ്യുന്നത്. ഹവാർഡ് ലിമ്പേർട്ട് എന്ന ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2009ൽ ഗുഹ കണ്ടെത്തിയത്. 200 മീറ്റർ ഉയരവും 175 മീറ്റർ വീതിയുമാണ് ഗുഹയ്ക്കുള്ളത്. ചില ഭാഗങ്ങളിൽ 503 മീറ്റർ വരെ ഉയരമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 9.4 കിലോമീറ്ററാണ് ഗുഹയുടെ നീളം. അതായത് 40 നിലയുള്ള ഉള്ള ഒരു കെട്ടിടം അങ്ങനെതന്നെ ഗുഹയ്ക്കുള്ളിൽ കടത്തി വയ്ക്കാൻ സാധിക്കും.
50 മീറ്ററോളം ഉയരമുള്ള മരങ്ങൾ നിറഞ്ഞ ഒരു വനവും സൺ ദൂങ്ങിനുണ്ട്. ഗുഹയ്ക്കുള്ളിൽ തന്നെ മേഘങ്ങൾ ഉണ്ടാകത്തക്കവിധമുള്ള പ്രത്യേകതരം കാലാവസ്ഥയും സൺ ദൂങ്ങിന്റെ മറ്റൊരു സവിശേഷതയാണ്. കാഴ്ചയ്ക്ക് ഏറെ മനോഹരമാണെങ്കിലും ഈ മേഘങ്ങൾ പലപ്പോഴും ഗുഹയ്ക്കുള്ളിലെ കാഴ്ചകൾക്കു തടസ്സമാകാറുണ്ട്. നൂറിലധികം തവണ ഗുഹയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും ഇനിയും അതിന്റെ സൗന്ദര്യം പൂർണമായി ആസ്വദിച്ചിട്ടില്ലെന്ന് ലിമ്പേർട്ട് പറയുന്നു. ലോകത്തെങ്ങും ഇത്ര ഭംഗിയുള്ള മറ്റൊരിടമുണ്ടാകില്ല എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
മനോഹരമായ തടാകങ്ങളും ഗുഹയ്ക്കുള്ളിലുണ്ട്. ചിലഭാഗങ്ങളിൽ ഗുഹയുടെ വിള്ളലുകളിൽ കൂടി സൂര്യപ്രകാശം ഉള്ളിലേക്കെത്തുന്ന കാഴ്ച അതിമനോഹരമാണ്. കുരങ്ങൻമാരും പാമ്പുകളും എലികളും കിളികളും വവ്വാലുകളും തുടങ്ങി നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ് ഗുഹ. ഇതിനു പുറമേ പുതിയ ഇനങ്ങളിൽപ്പെട്ട മീനുകളെയും ചിലന്തികളെയും തേളുകളെയും ചെമ്മീനുകളെയും വരെ ഗുഹക്കുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വെളിച്ചം കടക്കാത്ത പ്രദേശത്ത് ജീവിക്കുന്നതിനാലാവണം അവ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി ഏറെയും വെളുത്തനിറത്തിലുള്ളവയും കണ്ണുകളില്ലാത്തവയുമാണ്. 400 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഫോസിലുകളും ഗുഹയിൽ നിന്നു ലഭിച്ചിട്ടുണ്ട്.
ഗുഹയിൽ ഇതിൽ മുൻപ് മനുഷ്യർ ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും ഇന്നോളം ലഭിച്ചിട്ടില്ല. എന്നാൽ സൺ ദൂങ്ങിനു സമീപമുള്ള മറ്റൊരു ഗുഹയിൽ നിന്നും അയ്യായിരം വർഷം പഴക്കമുള്ള ശില കൊണ്ട് നിർമിച്ച ഒരു മഴു കണ്ടെടുത്തിരുന്നു. സൺ ദൂങ്ങിലേക്ക് എത്തിപ്പെടാനുള്ള പ്രയാസം കൊണ്ടാവാം 2009 വരെ ഈ ഗുഹയെപ്പറ്റി ലോകം അറിയാതെ പോയതെന്നാണ് ലിമ്പേർട്ട് പറയുന്നത്.
ഗുഹ സന്ദർശിക്കാൻ സഞ്ചാരികൾക്ക് അവസരമുണ്ടെങ്കിലും വർഷത്തിൽ ആയിരം പേരെ മാത്രമേ ഇതിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കാറുള്ളൂ. മഴക്കാലത്ത് പൊതുവെ സന്ദർശകരെ അനുവദിക്കാറുമില്ല.
English Summary: world's largest cave, Hang Son Doong, in Vietnam