20 കൈകളുമായി ഒരു ഭീകരസത്വം അന്റാർട്ടിക്കയിൽ; കണ്ടെത്തിയത് അന്യഗ്രഹജീവിയെ അനുസ്മരിപ്പിക്കുന്നവ
Mail This Article
അന്റാർട്ടിക്കയിൽ നിന്നൊരു വിചിത്രജീവിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. അന്റാർട്ടിക്കയ്ക്കു സമീപം ഗവേഷകർ നടത്തിയ പര്യവേക്ഷണത്തിലാണ് ഈ ജീവികൾ വെളിവായത്. അന്റാർട്ടിക് സ്‌ട്രോബറി ഫെതർ എന്നു പേരിട്ടിരിക്കുന്ന ഈ കടൽജീവിക്ക് 20 കൈകളുണ്ട്. പ്രോമോകോക്രിനസ് ഫ്രഗേറിയസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ഫ്രാഗം എന്നാൽ ലാറ്റിനിൽ സ്‌ട്രോബറി എന്നർഥം.
സ്‌ട്രോബറിപ്പഴത്തിന്റെ ആകാരത്തെ അനുസ്മരിപ്പിക്കുന്ന രൂപമുള്ളതിനാലാണ് ഈ ജീവിക്ക് ഈ പേരു നൽകിയതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. പർപ്പിൾ മുതൽ കടുംചുവപ്പ് വരെ വിവിധ നിറങ്ങളും ഈ ജീവിക്കുണ്ട്.
ഇൻവെർട്ടിബ്രേറ്റ് സിസ്റ്റമാറ്റിക്‌സ് എന്ന ശാസ്ത്ര ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു. വളരെ സവിശേഷവും അപൂർവവുമായ രൂപവും ചലനങ്ങളുമുള്ള പ്രോമാകോക്രിനസ് വിഭാഗത്തിലുള്ള ജീവികളെ കണ്ടെത്താനായി 2008 മുതൽ 2017 വരെയുള്ള കാലയളവിൽ നിരവധി യാത്രകൾ ശാസ്ത്രസംഘം അന്റാർട്ടിക്കയിലേക്കു നടത്തിയിരുന്നു.
സമുദ്രാന്തർഭാഗത്ത് 65 മുതൽ 1170 മീറ്റർ വരെ താഴ്ചയിൽ ജീവിക്കാൻ സാധിക്കുന്ന ജീവികളാണ് ഇവയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു അന്യഗ്രഹജീവിയാണെന്നു പോലും തോന്നിപ്പോകും ഇവ.
ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാണ് അന്റാർട്ടിക. ഐസ് ഷെൽഫുകൾക്കിടയിൽ നിന്നും സമുദ്രമേഖലകളിൽ നിന്നുമൊക്കെ പുതിയതരം ജീവികളെ കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് അടുത്തിടെ സാധിച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ സവിശേഷതകൾ പുലർത്തുന്നവയാണ് ഈ ജീവികളിൽ പലതും. ഇനിയും ധാരാളം ജീവികൾ അന്റാർട്ടിക്കയിൽ നിന്നു മറനീക്കി പുറത്തുവരാനുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
Content Highlights: Antarctic Strawberry Feather | Antarctica | Animal