ഏഴഴകുമായി കറുത്ത പൂവ്

തളിപ്പറമ്പ് ∙ ഏഴഴകുമായി തളിപ്പറമ്പിൽ കറുത്ത പുഷ്പം വിടർന്നു. കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപം സിന്ദൂരത്തിൽ സി.കെ. അനിതയുടെ വീട്ടിലാണ് അപൂർവ ഇനത്തിൽപ്പെട്ട ബാറ്റ്ഫ്ലവർ എന്നും മലയാളത്തിൽ വവ്വാൽ പൂവ് എന്നും അറിയപ്പെടുന്ന കറുത്ത നിറത്തിലുള്ള പൂവ് വിടർന്നത്.

ഒരാഴ്ച മുൻപ് വിടരാൻ തുടങ്ങിയ പൂവ് കഴിഞ്ഞ ദിവസമാണ് ഇതളുകൾ പൂർണമായും തുറന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ പുഷ്പ പ്രദർശനങ്ങളിലൊന്നും ഇത്തരമൊരു ചെടി കാണാൻ സാധിച്ചിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.

ഒരു വർഷം മുൻപ് ചാലോടുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇവർക്ക് ചെടി ലഭിച്ചത്. വാഴയുടെ ഇലകൾപോലെ ഒരു അടിയോളം വലുപ്പമുളള ഇലകൾക്കിടയിൽ മണ്ണിനുള്ളിലെ കിഴങ്ങിൽ നിന്നാണ് രണ്ട് അടിയോളം ഉയരത്തിൽ പൂവിരിഞ്ഞ് തലയുയർത്തി നിൽക്കുന്നത്.

ടെക്ക ചന്ദ്രിയേരി എന്ന ബോട്ടാണിക്കൽ നാമധേയത്തിൽ അറിയപ്പെടുന്ന ഈ ചെടി കാച്ചിൽ (കാവക്ക) ഇനത്തിൽപ്പെട്ടതാണ്. ഇതിന്റെ കിഴങ്ങ് കരൾവീക്കം, അൾസർ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ നിർമ്മിക്കുവാൻ ഉപയോഗിക്കുന്നുണ്ട്. ഇതിനുള്ള മരുന്ന് അടങ്ങിയ ടെക്നിലിയോഡ് എന്ന സ്റ്റൈറോയിഡ് അടങ്ങിയതിനാലാണ് ഇതിന് ടെക്ക എന്ന പേര് വരാൻ കാരണം. തിരുവനന്തപുരം മേഖലകളിൽ ഇത്തരം പൂക്കൾ ഉള്ളതായും പറയുന്നുണ്ട്.