മുഖം മിനുക്കി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ

ബൊട്ടാണിക്കൽ ഗാർഡന്റെ ‍ഡയറക്ടർ ഡോ. ആർ. പ്രകാശ്കുമാർ.

∙ പരിസ്ഥിതി കൗൺസിലിന്റെ റിസർച് ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂഷനായി ഗാർഡൻ മാറുന്നു

∙ പ്രഖ്യാപനം ഒന്നിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തും

ആഴത്തിലേക്ക് വേരുകളും ഉയരത്തിലേക്ക് ചില്ലകളുമായി മലബാർ ബൊട്ടാണിക്കൽ ഗാർഡൻ വളർച്ചയുടെ പുതിയൊരു ഘട്ടത്തിലേക്ക്. സംസ്ഥാന ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗൺസിലിന്റെ (കെഎസ്‌സിഎസ്ടിഇ) റിസർച് ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂഷനായി മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒന്നിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തും.

ഒരുമണിക്കു നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി കെ.പി. മോഹനൻ അധ്യക്ഷനായിരിക്കും. മന്ത്രി എം.കെ. മുനീറടക്കമുള്ള പ്രമുഖർ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും വലിയ ജലസസ്യശേഖരവും അപുഷ്പികളുടെ മികച്ച നഴ്സറിയും അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ ഒട്ടേറെ സ്പീഷീസുകളുമടക്കം ഏറ്റവും മികച്ച സൗകര്യമാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് വിദ്യാർഥികൾക്കു നൽകുന്നത്.

1996ൽ സൊസൈറ്റിയായതു മുതൽ ഇങ്ങോട്ട് പടിപടിയായ വളർച്ചയാണ് ഗാർഡനുണ്ടായത്. ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകൃത റിസർച് സെന്റർ കൂടിയാണ്. സാധാരണയായി കടലാസിൽ അവസാനിക്കുന്ന പഠനങ്ങളും മറ്റു പ്രോജക്ടുകളുമെല്ലാം ഇവിടെ പുതിയ സസ്യങ്ങളും തോട്ടങ്ങളുമായി ഫലംകണ്ടു.

ബൊട്ടാണിക്കൽ ഗാർഡനിലെ ടെറിഡോഫൈറ്റ്സ് (പന്നൽ വർഗ) വിഭാഗം.

ഗവേഷണകേന്ദ്രത്തോടൊപ്പം പൊതുജനങ്ങൾക്ക് പ്രിയപ്പെട്ട ഒരു സന്ദർ‍ശന കേന്ദ്രവുമാകുക എന്ന ലക്ഷ്യത്തോടെയാണ് ഡയറക്ടർ ഡോ. ആർ. പ്രകാശ്കുമാറിന്റെ നേതൃത്വത്തിൽ സ്ഥാപനം യാത്രതുടരുന്നത്. കേന്ദ്രത്തിന്റെ വളർച്ചയിൽ എം.കെ. രാഘവൻ എംപിയുടെ സംഭാവനകളും വളരെ വലുതാണെന്ന് ഡയറക്ടർ പറയുന്നു. 15 ഏക്കറിൽ തയാറാക്കുന്ന മലബാർ അക്വാറ്റിക് ബയോപാർക്ക് പദ്ധതിയുടെ പ്രഖ്യാപനവും ഒന്നിനു നടക്കും.

ജലസസ്യങ്ങളിൽ ഒന്നാമത്

ജലസസ്യ വൈവിധ്യത്തിൽ രാജ്യത്തെ ലീഡ് ഗാർഡനാണ് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ. നാനൂറിലധികം ഇന്ത്യൻ ജലസസ്യങ്ങളാണ് ഇവിടെയുള്ളത്. ഈ വിഭാഗത്തിൽ രാജ്യത്തെതന്നെ ഏറ്റവും വലിയ ശേഖരം.

ഏറ്റവും ചെറിയ സപുഷ്പിയായ വൊൾഫിയ ഗ്ലോബോസ (കടുകുപച്ച) മുതൽ തുടങ്ങി 15ലധികം തരം ആമ്പലുകൾ, 36 തരം അപൂർവ സസ്യങ്ങൾ എന്നിങ്ങനെ പോകുന്നു ജലസസ്യ നഴ്സറി. നിലവിൽ ടാങ്കുകളിലും മറ്റും സൂക്ഷിച്ചിരിക്കുന്ന സസ്യങ്ങളെ സ്വാഭാവികമായ സാഹചര്യങ്ങളിലേക്ക് മാറ്റാനാണ് അക്വാറ്റിക് ബയോപാർക്ക് തുടങ്ങുന്നത്. നിർമാണം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. പെഡൽ ബോട്ടിൽ സഞ്ചരിച്ച് ജലസസ്യങ്ങൾ കാണാനും പഠിക്കാനുമാകുന്ന രീതിയിലാണ് 15 ഏക്കറിൽ പാർക്ക് വിഭാവനം ചെയ്യുന്നത്.

അനുഭവിച്ച് പഠിക്കാം

ബോട്ടണി ഡിഗ്രി, പിജി വിദ്യാർഥികൾക്ക് പഠിക്കാനുള്ള ബെന്തം ആൻഡ് ഹൂക്കർ സിസ്റ്റം അനുസരിച്ചുള്ള സസ്യവർഗീകരണം ഗാർഡനിൽ യഥാർഥത്തിൽ തയാറാക്കുകയാണ്. പഠിക്കാൻ കടുപ്പമേറിയ വർഗീകരണം ഓരോ സസ്യത്തെയും നേരിൽക്കണ്ട് മനസ്സിലാക്കാം.

ഇതിൽ ഡൈകോട്ട് (ദ്വിബീജ പത്ര സസ്യം) വിഭാഗത്തിലെ സസ്യങ്ങളുടെ ഗാർഡൻ തയാറായിക്കഴിഞ്ഞു. മോണോകോട്ട് (ഏകബീജ പത്ര സസ്യം) വിഭാഗത്തിന്റെ പണി നടക്കുന്നു. വാൻ റീഡിന്റെ ഹോർത്തുസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കുന്ന സസ്യങ്ങളും ഗാർഡനിലുണ്ട്. ഹോർത്തുസ് വാലി എന്ന തോട്ടത്തിൽ പുസ്തകത്തിലെ 742 സ്പീഷീസിൽ 432 എണ്ണം ഇതുവരെ എത്തിച്ചിട്ടുണ്ട്.

അഞ്ച് ഏക്കറിൽ വൈദ്യമഠം

ഇന്ത്യൻ പാരമ്പര്യത്തിന്റെ ഭാഗമായ മുന്നൂറിലധികം ഔഷധസസ്യങ്ങളാണ് വൈദ്യമഠം തോട്ടത്തിലുള്ളത്. ഭീഷണി നേരിടുന്ന മൂവില, നാഗദന്തി, വയമ്പ്, ഒരില, ജ്യോതിഷ്മതി എന്നിവ സംരക്ഷിക്കുകയും പൊതുജനങ്ങൾക്കായി കൂടുതൽ വളർത്തിയെടുക്കുകയും ചെയ്യാനുള്ള പദ്ധതി ഗാർഡനിൽ തുടങ്ങിക്കഴിഞ്ഞു.

ബൊട്ടാണിക്കൽ ഗാർഡനിലെ ബ്രെയോഫൈറ്റ് വിഭാഗം നഴ്സറി.

വംശനാശ ഭീഷണി നേരിടുന്നതും അപൂർവവുമായ, സസ്യങ്ങളുടെ തോട്ടമാണ് ജാനകിയ. കാട്ടുതെങ്ങ്, നീർവാഴ, മരമഞ്ഞൾ, തിപ്പലി തുടങ്ങി എഴുപതോളം സസ്യങ്ങൾ ഈ വിഭാഗത്തിലുണ്ട്. കുന്നുകയറി മുകളിലോട്ടുപോകുമ്പോൾ പനന്തോട്ടം, ഫ്രൂട്ട് ഗാർഡൻ, നക്ഷത്രവനം തുടങ്ങി കണ്ണിനും മനസ്സിനും പച്ചപ്പിന്റെ കുളിർമയേകുന്ന ഒട്ടേറെ വിഭാഗങ്ങളുണ്ട് ഗാർഡനിൽ.

അപുഷ്പികളെക്കുറിച്ച് ദേശീയ വർക്‌ഷോപ്

അപുഷ്പികളായ ടെറിഡോഫൈറ്റുകളെക്കുറിച്ചും (പന്നൽവർഗം) ബ്രയോഫൈറ്റുകളെക്കുറിച്ചും അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ദേശീയ വർക്‌ഷോപ് ഗാർഡനിൽ ഒക്ടോബർ 12ന് ആരംഭിക്കും. പരിണാമപ്രക്രിയയിൽ വളരെ പ്രാധാന്യമുള്ള താണതരം സസ്യങ്ങളാണിവ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. വർക്‌ഷോപ്പിൽ പങ്കെടുക്കുന്നവരുടെയെല്ലാം കൂട്ടായ്മയിൽ ഈ വിഷയത്തിലെ പഠനങ്ങൾ ഭാവിയിലും തുടരാനുള്ള തീരുമാനത്തിലാണ് സംഘാടകർ. നിലവിൽ ഗാർഡനിൽ ടെറിഡോഫൈറ്റുകളുടെയും ബ്രയോ ഫൈറ്റുകളുടെയും മികച്ച ശേഖരമുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സസ്യങ്ങളാണ് ഗാർഡനിൽ എത്തിച്ച് സംരക്ഷിച്ചിരിക്കുന്നത്. പലതിനും നിലനിൽക്കാനാവശ്യമായ പ്രത്യേക സാഹചര്യങ്ങൾതന്നെ സൃഷ്ടിച്ചിരിക്കുന്നു.

കെഎസ്‌സിഎസ്ടിഇയുടെ കീഴിലെ റിസർച് ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂഷൻ പദവിയിലേക്കുയർത്തപ്പെടുന്നതോടെ കൂടുതൽ ഫണ്ടും സ്ഥിരം ജീവനക്കാരും ലഭിക്കുമെന്നാണ് പ്രതീക്ഷ. ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിച്ച മലബാർ ബൊട്ടാണിക്കൽ ഗാർഡൻ അനുകൂലമായ കാലാവസ്ഥയിൽ ഇനിയും പടർന്നുപന്തലിക്കുമെന്നതിൽ സംശയമില്ല