Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണിരകള്‍ സസ്യവൈവിധ്യത്തിന് ഭീഷണി

Earthworms

മണ്ണിരകള്‍ പ്രകൃതിയിലെ സസ്യവൈവിധ്യത്തിന് ഭീഷണിയാകുന്നെന്ന പുതിയ നിഗമനത്തിലെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. കാനഡയിലെ വിവിധ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. അമേരിക്കയിലെ ക്യൂബെക്ക് മേഖലയിലെ തടാകങ്ങളുടെ തീരത്ത് നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ് സസ്യവൈവിധ്യത്തിന് മണ്ണിരകള്‍ ഭീഷണിയാകുന്നെന്ന മുന്നറിയിപ്പ് പുറത്തുവരുന്നത്.

പഠനത്തിനിടെ ഇവര്‍ മേഖലയിലെ മേപ്പിള്‍ മരങ്ങളുടെ വിവിധ ഇനങ്ങള്‍ കൂടുതല്‍ കരുത്തോടെ വളരുന്നത് ശ്രദ്ധിച്ചിരുന്നു. ഇതിനൊപ്പം കുറ്റിച്ചെടികളില്‍ പലതും നശിച്ചുപോകുന്നതും കണ്ടു. ചിത്രപ്പുല്ലുകള്‍ പോലുള്ളവയില്‍ പലതും മേഖലയില്‍ അപൂര്‍വ്വമായി മാറിയിരുന്നു. ഇതിന്റെ കാരണമായി കണ്ടെത്തിയത് മേഖലയിലെ മണ്ണിരകളുടെ വ്യാപനമാണ്.

മണ്ണിരകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകിയതോടെ ഇവയുടെ സ്വാഭാവിക പ്രവര്‍ത്തനഫലമായി മണ്ണിലെ ഈര്‍പ്പം കുറയുകയാണ് ചെയ്തത്. ചെറുചെടികളില്‍ പലതിന്റേയും വിത്തുകള്‍ക്ക് പൊട്ടിമുളയ്ക്കാനാവശ്യമായ ഈര്‍പ്പം മണ്ണില്‍ നിന്നും ഇല്ലാതായി. അങ്ങനെയാണ് പല ചെറുചെടികളും മേഖലയില്‍ അപൂര്‍വ്വമായി തുടങ്ങിയതെന്നും ഇവര്‍ കണ്ടെത്തി. അതേസമയം, മുളയ്ക്കാന്‍ കാര്യമായി ഈര്‍പ്പത്തിന്റെ ആവശ്യമില്ലാത്ത വിവിധ മേപ്പിള്‍ മരങ്ങള്‍ വ്യാപകമാവുകയും ചെയ്തു.

ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റുമേഖലയിലേക്കു കൂടി മണ്ണിരകള്‍ പടരുകയും അവിടങ്ങളിലെ സസ്യവൈവിധ്യത്തിന് പോലും ഭീഷണിയാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ലൈന്‍ ലാപോയിന്റെ പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകൃതി സ്വാഭാവികമായും അതിന്റെ തെരഞ്ഞെടുപ്പ് നടത്തുമെങ്കിലും മനുഷ്യരുടെ ഇടപെടലുകളാണ് സ്ഥിതിഗതികളെ വഷളാക്കുന്നതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

തടാകത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ഇവര്‍ പ്രധാനമായും പഠനം നടത്തിയത്. ഇവിടെക്ക് ചൂണ്ടയിടാനായി വരുന്നവര്‍ മണ്ണിരകളെ ഉപയോഗിക്കുകയും ബാക്കിയുള്ളവയെ പ്രദേശത്തേക്ക് വലിച്ചെറിയുകയും ചെയ്യാറുണ്ട്. ഇത് മേഖലയിലെ മണ്ണിരകളുടെ സാന്ദ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അതുകൊണ്ട് ബാക്കി വരുന്ന മണ്ണിരകളെ തടാകത്തിലേക്ക് തന്നെ വലിച്ചെറിയണമെന്നുമാണ് ഇവരുടെ നിര്‍ദ്ദേശം. ഫോറസ്ട്രി ഇക്കോളജി ആന്റ് മാനേജ്‌മെന്റിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.