അണക്കെട്ട് തകര്‍ത്ത് ഒരു പുഴ വീണ്ടും ഒഴുകുമ്പോള്‍

പുഴയിലെ വെള്ളം മുഴുവന്‍ കടലിലേക്ക് ഇങ്ങനെ വെറുതേ ഒഴുകി പോവുകയല്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അങ്ങനെയുള്ളവര്‍ക്ക് ഇത് വരെ കെട്ടിയതൊന്നും പോരാ ഇനിയും അണക്കെട്ടുകള്‍ കെട്ടണമെന്നും തോന്നിയേക്കാം. ഏതായാലും അമേരിക്കയില്‍ കെട്ടിയ അണക്കെട്ടുകള്‍ പൊളിക്കുന്ന കാലമാണിത്. അതും ബലക്ഷയത്തിന്‍റെ പേരിലല്ല മറിച്ച് നഷ്ടപ്പെട്ട ജൈവവ്യവസ്ഥ പുനസ്ഥാപിക്കാന്‍. രണ്ട് വര്‍ഷം മുന്‍പ് അണക്കെട്ട് തകര്‍ത്ത് ഒരു പുഴയെ സ്വതന്ത്രമാക്കിയപ്പോള്‍ ആ പുഴ പകരം നല്‍കിയത് സചേതനമായ ഒരു ജൈവവ്യവസ്ഥയാണ്.

അമേരിക്കയുടെ ചരിത്രത്തില്‍ തകര്‍ക്കപ്പെടുന്ന ഏറ്റവും വലിയ അണക്കെട്ടായിരുന്നു എല്‍വാ നദിക്ക് കുറുകയുള്ള 68 മീറ്റര്‍ ഉയരമുള്ള അണക്കെട്ട്. രണ്ട് മലകളെ തമ്മില്‍ ബന്ധിപ്പിച്ച് പണിതുയര്‍ത്തിയിരുന്ന ഈ അണക്കെട്ട് 2014 ആഗസ്റ്റിലാണ് തകര്‍ത്തത്. എല്‍വാ നദിയുടെ നഷ്ടപ്പെട്ട ജൈവവ്യവസ്ഥ പുനസ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. രണ്ട് വര്‍ഷം കൊണ്ട് തന്നെ സ്വതന്ത്രമാക്കിയതിന്‍റെ പ്രത്യുപകാരം എല്‍വാ നദി നല്‍കിക്കഴിഞ്ഞു. വംശനാശത്തിന്‍റെ വക്കോളമെത്തിയ സാല്‍മണ്‍ മീനുകളുടെ മൂന്ന് ജനുസ്സുകള്‍ ഇന്ന് നദിയില്‍ ധാരാളം. കൂടാതെ ഞണ്ടുകളും ഇഴജന്തുക്കളും പക്ഷികളുമുള്‍പ്പടെ 280 തിലധികം ജീവിവര്‍ഗ്ഗങ്ങള്‍ക്കാണ് നദി വീണ്ടും ഒഴുകിയതോടെ പുതുജീവന്‍ ലഭിച്ചത്.

നദിയിലെ ജീവികള്‍ക്ക് മാത്രമല്ല നദീജലം വീണ്ടും ഒഴുകിയെത്തുന്നത് സജീവമായതോടെ സമുദ്രത്തിലെ കൊലയാളി തിമിംഗലങ്ങള്‍ പോലും തീരത്തേക്ക് എത്തുന്നത് വര്‍ദ്ധിച്ചെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ നദി രണ്ട് വര്‍ഷം കൊണ്ട് മികച്ച ചതുപ്പ് കൂടി തീരപ്രദേശത്ത് നിര്‍മ്മിച്ചിട്ടുണ്ട്. ഇതും വരും സമയങ്ങളില്‍ കൂടുതല്‍ ജീവിവര്‍ഗ്ഗങ്ങള്‍ക്ക് ആവാസസ്ഥലമൊരുക്കുമെന്നാണ് കരുതുന്നത്.

ജന്തുക്കള്‍ക്ക് പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും മാത്രമല്ല മനുഷ്യര്‍ക്കും നേരിട്ട് സന്തോഷിക്കാനുള്ളതും നദി നല്‍കിയിട്ടുണ്ട്. വലിയൊരു മണല്‍തിട്ടയാണ് നദി രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത്.മുന്‍പ് ബീച്ചിന്‍റെ വീതി വളരെ കുറവായിരുന്ന പ്രദേശത്തേക്ക് ഇപ്പോള്‍ നിരവധി പേരാണ് സന്ദര്‍ശകരായി ഒഴിവ് സമയം ചിലവഴിക്കാന്‍ എത്തുന്നത്.