തൊടുപുഴ പൂമാലയിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം അത്രയൊന്നും സഞ്ചാരികൾ കണ്ടിട്ടില്ലാത്തൊരു സ്ഥലമാണ്. വേനലിൽ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടുതന്നെ അധികം ആളുകളൊന്നും ഇവിടെ എത്താറുമില്ല. എന്നാൽ മൂലമറ്റം പവർഹൗസും തൊമ്മൻകുത്ത് വെള്ളച്ചാട്ടവുമെല്ലാം സന്ദർശിക്കുന്നതിനിടയിൽ ഇടത്താവളമായി കാണാവുന്നൊരു സ്ഥലമാണ് ഇടുക്കിയുടെ മനോഹര ഗ്രാമമായ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം.

തൊടുപുഴയിൽ നിന്നും 19 കിലോമീറ്റർ അകലെയുള്ള പൂമാലയിലെത്തിയാൽ നടന്നെത്താവുന്ന ദൂരത്തിലാണ് ഈ വെള്ളച്ചാട്ടം. പൂമാലക്ക് രണ്ട് ജംങ്ഷനുകളുണ്ട്. തൊടുപുഴയിൽ നിന്നും വരുമ്പോൾ പൂമാല സ്വാമിക്കവല എന്ന ജംങ്ഷനും കടന്ന് ഏകദേശം ഒരു കിലോമീറ്റർ പിന്നിടുമ്പോൾ ഗവൺമെന്റ് ട്രൈബൽ സ്കൂൾ കവലയിലെത്തും. ഇവിടെ വരെയാണ് സാധാരണ തൊടുപുഴ – പൂമാല സർവീസ് നടത്തുന്ന ബസുകൾ ഉണ്ടാവുക. അവിടെനിന്നും ഇറക്കമിറങ്ങിപോകുന്ന റോഡിലൂടെ 500 മീറ്ററോളം പോയാൽ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാൻ സിമന്റ് പടികളുമുണ്ട്. സഞ്ചാരികൾ അധികം ഇല്ലാത്ത സമയമാണെങ്കിൽ ഈ പടികളിലേക്കു കാടുകയറി വളർന്നുമൂടും. പടികൾ കയറി 400 മീറ്ററോളം മുകളിലേക്ക് നടന്നാൽ ചെങ്കുത്തായി വെള്ളം പതിക്കുന്നതിനു താഴെയെത്താം. താഴെനിന്നുള്ള കയറ്റം ട്രെക്കിങ് ഗണത്തിൽപെടുത്തുകയും ചെയ്യാം.

ഇത്രയും കയറ്റം കയറാൻ സാധിക്കാത്തവർക്ക് മറ്റൊരു വഴികൂടിയുണ്ട്. ഗവൺമെന്റ് ട്രൈബൽ സ്കൂൾ കവലയിൽ നിന്നും മേത്തൊട്ടി റോഡിലേക്ക് 250 മീറ്റർകൂടി മുന്നോട്ടേക്ക് പോകുക. അവിടെ നിന്നും വലത്തേക്കുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ 300 മീറ്ററോളം നടന്നാൽ വെള്ളച്ചാട്ടത്തിന്റെ മധ്യത്തിലുള്ള വ്യൂപോയിന്റിലെത്താം. പൂമാലയിൽ നിന്നും നാളിയാനിക്കുള്ള ടാറിട്ട റോഡിലൂടെ വാഹനം കൊണ്ടുവരാമെങ്കിലും ചെറിയ ഒന്നോ രണ്ടോ വാഹനങ്ങൾക്കുമാത്രമേ വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതക്ക് മുൻപിൽ പാർക്കുചെയ്യാനാകൂ. വാഹനങ്ങൾ പൂമാലയിൽത്തന്നെ നിറുത്തിയിട്ടുവരികയാകും നല്ലത്.

കാണാനുള്ളവ
മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകൾക്കിടയിലൂടെ തല്ലിത്തെറിച്ച് 200 അടിയോളം താഴെക്ക് പതിക്കുന്നതുകാണാം. വ്യൂപോയിന്റിൽ നിന്നാൽ വെള്ളിയാമറ്റം പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളും ദൃശ്യമാണ്. വെള്ളച്ചാട്ടത്തിനു താഴെ കുളിക്കുകയുമാകാം.

യാത്രാ സൗകര്യം
തൊടുപുഴയിൽ നിന്നും പൂമാല സർവീസ് നടത്തുന്ന സ്വകാര്യ-കെഎസ്ആർടിസി ബസ് സർവീസുകളെ ആശ്രയിക്കാം. ടാക്സി കാറുകളും തൊടുപുഴയിൽ ഒട്ടേറെയുണ്ട്. 19 കിലോമീറ്റർ ദൂരം തൊടുപുഴയിൽ നിന്നും ഇവിടേക്കുണ്ട്.

മറ്റുകാഴ്ചകൾ
മൂലമറ്റം പവർഹൗസ്, കുളമാവ് ഡാം, തൊമ്മൻകുത്ത് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും ഒരുമണിക്കൂറിൽ കുറവ് ദൂരം സ്വകാര്യ വാഹനങ്ങളിലാണെങ്കിൽ യാത്രചെയ്താൽ മതിയാകും. ബസ് സർവീസിനെയാണ് ആശ്രയിക്കുന്നതെങ്കിൽ ഇതിൽക്കൂടുതൽ സമയം വേണ്ടിവരും.

താമസ സൗകര്യം
തൊടുപുഴയിലാണ് താമസ സൗകര്യമുള്ളത്. പൂമാലയിൽ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും മറ്റുകടകളും ഉണ്ട്.
ആസ്വദിക്കാവുന്ന സമയം
കനത്ത വേനൽക്കാലമൊഴികെ പകൽനേരങ്ങളിൽ ഇവിടം ആകർഷകമാണ്. രാത്രി വെളിച്ചം സമീപത്തൊന്നും ഉണ്ടാകില്ല. മഴപെയ്താൽ കയറിനിൽക്കാനുള്ള ഇടവുമില്ല.

വഴി തെളിക്കാൻ ജിപിഎസ്
വെള്ളച്ചാട്ടം: 9°50'34.8"N 76°51'17.2"E
മുകളിലെത്താൻ നടന്നുപോകേണ്ടവഴി തിരിയുന്ന സ്ഥലം: 9°50'37.5"N 76°51'08.2"E