സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിലെ കഥാനായകൻ ഒരു എലിയാണ്. വില്ലൻ ഒരു കാക്കയും.തന്റെ ഇരയെ കീഴ്പ്പെടുത്താനുള്ള ഒരു കാക്കയുടെ ശ്രമവും മരണത്തിനു കീഴടങ്ങാൻ കൂട്ടാക്കാതെ രക്ഷപെടാനുള്ള ഒരു എലിയുടെ ചെറുത്തുനിൽപ്പുമാണ് ഈ കഥയുടെ ഇതിവൃത്തം.
കണ്ടു മറന്ന ഏതോ ഒരു പഴയകാലമലയാള സിനിമയിലെ രംഗങ്ങളെ ഓർമപ്പെടുത്തും ഇവരുടെ സംഘട്ടനം. വെള്ളം കെട്ടി കിടക്കുന്ന ഒരു മൈതാനത്തിനു മുകളിലൂടെ പറക്കുമ്പോഴാണ് കാക്ക തന്റെ ഇരയെ കാണുന്നത്. ഇരയെ കീഴ്പെടുത്താൻ കൊക്കും നഖവും കൊണ്ട് കാക്ക പരിശ്രമിക്കുമ്പോൾ തന്നെക്കൊത്തിപ്പറിക്കുന്ന കാക്കയുടെ ചുണ്ടുകൾ വായ്ക്കുള്ളിലാക്കിയാണ് എലി പ്രതിരോധിക്കുന്നത്.
എത്ര ശ്രമിച്ചിട്ടും പിടിവിടാതെ കടിച്ചുകിടക്കുന്ന എലിയെ കുടഞ്ഞു തെറിപ്പിക്കാൻ കാക്ക പരിശ്രമിച്ചു. ഓരോ ശ്രമവും പരാജയത്തിൽ കലാശിച്ചപ്പോൾ ഒടുവിൽ എലിയെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്നു. വെള്ളത്തിൽ നിന്നും പിടഞ്ഞുമാറിയ എലിയെ തന്റെ കാലുകൾ കൊണ്ട് ആക്രമിച്ച് അതിൻെറ വായിൽ നിന്നും കൊക്ക് വിടുവിക്കാൻ കാക്ക ശ്രമിക്കുന്നത് സിനിമകളിലെ സ്റ്റണ്ട് സീനുകളെ ഓർമിപ്പിക്കും.
ഈ സംഘട്ടന രംഗത്തിന് സാക്ഷിയായവർ ആരോ വന്ന് ഒരു വടി കൊണ്ട് ഇവരുടെ പിടിവിടുവിക്കാൻ നോക്കുമ്പോളും വിടാൻ കൂട്ടാക്കാതെ രണ്ടുപേരും ആക്രമണം തുടരുകയാണ്. ഒടുവിൽ വടി കൊണ്ടുള്ള തട്ടലിൽ പിടിവിട്ട കാക്കയുടെ കൊക്കിനിടയിലൂടെ പ്രാണനും കൊണ്ട് എലി രക്ഷപെടുന്നു. ആ നേരത്ത് കാക്കയിൽ നിന്നും തന്റെജീവൻ രക്ഷിച്ച മനുഷ്യനു വേണ്ടി ആ എലി പ്രാർത്ഥിച്ചിട്ടുണ്ടാവും വടിയും കൊണ്ടുവന്നു തന്നെ രക്ഷിച്ച ദൈവദൂതന് എന്നും നന്മകൾ വരുത്തണേയെന്ന്...