ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിംമിംഗലം. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും ഭാരമുള്ള ഹൃദയവും ഇവയുടേതു തന്നെ. ശരാശരി 250 മുതല്‍ 350 വരെ കിലോവരെയാണ് ഇവയുടെ ഹൃദയത്തിന്‍റെ ഭാരം. വ്യാസം കണക്കാക്കിയാല്‍ ചുരുങ്ങിയത് മൂന്നു മനുഷ്യരെയെങ്കിലും ഈ ഹൃദയത്തിന് ഉള്‍ക്കൊള്ളാനാകും.
2014 ല്‍ വലിയ മഞ്ഞ് കട്ടകള്‍ക്കിടയില്‍ പെട്ട് 9 തിമിംഗലങ്ങള്‍ കൂട്ടത്തോടെ മരണപ്പെട്ടിരുന്നു. ഇവയില്‍ കരക്കടിഞ്ഞ രണ്ട് തിമിംഗലങ്ങളില്‍ ഒന്നിന്‍റെ ഹൃദയമാണ് ഇപ്പോള്‍ ഗവേഷകര്‍ എന്നന്നേക്കുമായി സൂക്ഷിച്ചു വയ്ക്കാനൊരുങ്ങുന്നത്. 273 കിലോ ഭാരമുള്ള ഈ ഹൃദയം നിലവിലെ സാഹചര്യത്തില്‍ ഇനി 1000 വര്‍ഷത്തേയ്ക്ക് കേടാവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
കാനഡയിലെ റോയല്‍ ഒന്‍റാറിയോ മ്യൂസിയത്തിലാണ് ഈ ഹൃദയം സൂക്ഷിച്ചിട്ടുള്ളത്. സാധാരണഗതിയില്‍ ഈ നീലത്തിമിംഗലത്തിന്‍റെ ഹൃദയത്തിന് വലിപ്പമേറെയുണ്ടെങ്കിലും തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിപ്പം കുറവാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഒരു കാറിന്‍റെ വലിപ്പം നീലത്തിമിംഗലത്തിന്‍റെ ഹൃദയത്തിനുണ്ടാകുമെന്നാണണു തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
ജര്‍മ്മന്‍ വിദഗ്ധര്‍ പ്ലാസ്റ്റിനേറ്റ് ചെയ്താണ് ഈ ഹൃദയത്തെ ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാന്‍ കഴിയുന്ന പാകത്തിലാക്കിയത്. ഹൃദയത്തിന്‍റെ ഉടമയായ നീലത്തിമിംഗലത്തിന്‍റെ അസ്ഥികൂടത്തിനൊപ്പം തന്നെയാണ് ഈ ഹൃദയവും പ്രദര്‍ശിപ്പിക്കുക.