മഴ കനത്തു; പ്രശ്നമായി വീണ്ടും ഒച്ച്

മഴ വീണു ഭൂമി തണുത്തതോടെ ആഫ്രിക്കൻ ഒച്ചുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മൂന്നു വർഷം വരെ ഭൂമിക്കടിയിൽ പതുങ്ങിയിരിക്കാൻ ശേഷിയുള്ള ഒച്ചുകളുടെ ശല്യം കഴിഞ്ഞ വർഷം താരതമ്യേന കുറവായിരുന്നു. എന്നാൽ, ഇക്കുറി കൊച്ചിയെ ഒച്ച് വിഴുങ്ങുമെന്നാണു സൂചന.  

ലോകത്തെ ഏറ്റവും വലിയ ഒച്ചാണ് ആഫ്രിക്കൻ ഒച്ച് അഥവാ ജയന്റ് ആഫ്രിക്കൻ സ്നെയിൽ. കപ്പലിൽ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന മരത്തിലൂടെയും മറ്റുമാണ് ഇവ കൊച്ചിയുടെ മണ്ണിൽ ഇടം പിടിച്ചതെന്നാണു പറയപ്പെടുന്നത്. മഴക്കാലങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

ആറു മാസം കൊണ്ടു പ്രായപൂർത്തിയാകുന്ന ഇവ മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരത്തിലധികം മുട്ടയിടും. ഈ കാലാവസ്ഥയിലാണ് ഇവ മുട്ടയിട്ടു തുടങ്ങുന്നത്. ഏറെ ഭക്ഷണം കഴിക്കുന്ന ഇവ ചെടികൾ, ഇലകൾ, പഴങ്ങൾ എന്നിവ തിന്നു നശിപ്പിക്കുന്നു. ഓരോ തവണയും ഇരുനൂറോളം മുട്ടകൾ ഇടും. ഇതിൽ തൊണ്ണൂറു ശതമാനവും വിരിയും.

അഞ്ചു മുതൽ 10 വർഷം വരെയാണ് ആയുസ്. പ്രതികൂല കാലാവസ്ഥയിൽ മൂന്നു വർഷം വരെ കട്ടിയുള്ള തൊടിനുള്ളിൽ പുറത്തിറങ്ങാതിരിക്കാനുള്ള കഴിവുണ്ട്.

ഒച്ചു ശല്യം വ്യാപകമായതോടെ ഓംബുഡ്സ്മാൻ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഓംബുഡ്സ്മാൻ ആവശ്യപ്പെട്ടതിനെത്തുടർന്നു കോന്നിയിലെ വന ഗവേഷണ കേന്ദ്രം രാക്ഷസ ഒച്ചുകളെക്കുറിച്ചു പഠനം നടത്തിയിരുന്നു.

ഒച്ചുകളെ പ്രതിരോധിക്കാൻ ചില മാർഗങ്ങളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. തുരിശ്, പൊട്ടാസ്യം പെർമാംഗനേറ്റ്, ഉപ്പ് ഇവയിൽ ഏതെങ്കിലും വിതറി നശിപ്പിക്കാം. അറുപത് ഗ്രാം തുരിശ് (കോപ്പർ സൾഫേറ്റ്) 25 ഗ്രാം പുകയില എന്ന തോതിൽ മിശ്രിതമുണ്ടാക്കി തളിച്ചും ഇവയെ നശിപ്പിക്കാം.

ഒളിച്ചിരിക്കുന്ന സ്ഥലത്തു നിന്നു പുറത്തേക്കുവരാൻ പപ്പായയുടെ തണ്ടു ചെറിയ കഷണങ്ങളായി ഇവ വസിക്കുന്നുവെന്നു സംശയമുള്ള സ്ഥലങ്ങളിൽ വിതറുക. പപ്പായ ഇതിന്റെ ഇഷ്ട ഭക്ഷണമാണ്.

നനച്ച ചാക്കിൽ പപ്പായ ഇല നിറച്ചു പല സ്ഥലങ്ങളിലായി വച്ച് ഇവയെ ആകർഷിച്ചു ചാക്കിലാക്കി നശിപ്പിക്കാം. കുമ്മായം, ബ്ലീച്ചിങ് പൗഡർ എന്നിവ വിതറിയും ഒച്ചനക്കം ഇല്ലാതാക്കാം.


Read more Environment News