കംഗാരുവിനെ കൊന്ന് പുലിത്തോലണിയിച്ച് ഓസ്ട്രേലിയന്‍ ക്രൂരത

മെല്‍ബണിനു സമീപം ഹൈവേയിലാണ് കംഗാരുവിനെ കൊന്നു പുലിത്തോല്‍ അണിയിച്ച് കസേരയില്‍ ഇരുത്തിയ നിലയില്‍ കാണപ്പെട്ടത്. ഇരുപ്പിന്‍റെ ഗമ കൂട്ടാനെന്ന പോലെ ഒരു കുപ്പി മദ്യവും കംഗാരുവിന്‍റെ കയ്യില്‍ കെട്ടിവച്ചിരുന്നു.  കംഗാരുവിനെ വെടിവെച്ചു കൊന്നശേഷമാണ് വേട്ടക്കാര്‍ ഈ ക്രൂരത സാധു മൃഗത്തോടു കാട്ടിയത്. കംഗാരുവിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  ഓസ്ട്രേലയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. 

മൂന്ന് തവണ നിറയൊഴിച്ചാണ് കംഗാരുവിനെ കൊന്നതെന്ന് പരിശോധനയ്ക്ക് ശേഷം വന്യജീവി വകുപ്പിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ കംഗാരുവേട്ടയ്ക്ക് അനുമതി നല്‍കാറുണണ്ടെങ്കിലും അതു നിശ്ചിത സമയത്തേക്കു മാത്രമാണ്. ഇപ്പോൾ അനുമതിയില്ലാത്ത സമയമാണ്. അതിനാല്‍ തന്നെ കുറ്റവാളികൾക്ക് 24 മാസമെങ്കിലും തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് വ്യക്തമാക്കി.

കുറ്റക്കാര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും ദിവസേന നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന വഴിക്കു സമീപമാണ് കംഗാരുവിനെ കണ്ടെത്തിയതെന്നതിനാല്‍ ഇവരെ കണ്ടെത്തുക അത്ര എളുപ്പമായേക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. കംഗാരുവിനെ കൊന്നിരിക്കുന്നത് ജഢം കണ്ടെത്തിയതിന് സമീപമല്ലെന്നാണ് നിഗമനം. ഇതും കുറ്റവാളികളെ കണ്ടെത്തുന്നതിനു തടസ്സമായേക്കാം. എന്തായാലും അന്വേഷണം പുരോഗമിക്കുകയാണ്.

Read More Environment News