Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ നിന്നെത്തിയ കൂനൻ തിമിംഗലം ആലപ്പുഴയിൽ; പിന്നിട്ടത് 1500 കി.മീ

Oman Whale

പുതുവൽസരത്തലേന്നു കൊച്ചി തീരക്കടലിൽ ഒരു അപൂർവാതിഥി വിരുന്നിനെത്തി. ഒമാനിലെ മസീറ ഉൾക്കടലിൽനിന്നു ഡിസംബർ 12നു യാത്ര തുടങ്ങിയ, ‘ലുബാൻ’ എന്നു ശാസ്ത്രജ്ഞർ പേരിട്ട അറേബ്യൻ കൂനൻ തിമിംഗലം. 1500 കിലോമീറ്റർ പിന്നിട്ടാണ് ഈ പെൺതിമിംഗലം ഗോവ തീരത്തും പിന്നീടു കൊച്ചി തീരത്തുമെത്തിയത്. ഇപ്പോൾ ആലപ്പുഴ ഭാഗത്തേക്കാണു നീങ്ങുന്നത്. 

‘എൻവയൺമെന്റ് സൊസൈറ്റി ഓഫ് ഒമാൻ’ ഉപഗ്രഹ സഹായത്തോടെ ടാഗ് ചെയ്ത 14 കൂനൻ തിമിംഗലങ്ങളിൽ (Humpback Whales) ഒന്നാണു ലുബാൻ. മസീറ ഉൾക്കടലിൽനിന്നു നവംബറിലാണു ലുബാനെ ടാഗ് ചെയ്തത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ഇവയുടെ സഞ്ചാരം നിരീക്ഷിക്കുന്നത്.

പ്രതിവർഷം ശരാശരി 25,000 കിലോമീറ്റർ ദേശാടനം നടത്തുന്ന കൂനൻ തിമിംഗലങ്ങൾ ലോകത്തിൽ ഏറ്റവുമധികം ദൂരം യാത്രചെയ്യുന്ന സസ്തനികൾ ആണ്. എന്നാൽ അറബിക്കടലിൽ കാണപ്പെടുന്ന കൂനൻ തിമിംഗലങ്ങൾ ജനിതകമായി ഏറെ വ്യത്യാസമുള്ളവയായതിനാൽ ദേശാടനം നടത്തുന്നവയല്ല എന്നായിരുന്നു ശാസ്ത്രലോകത്തിന്റെ ധാരണ. ലുബാൻ കേരള തീരത്തെത്തിയതോടെ ഇതു തിരുത്തപ്പെടുകയാണ്. 

കേരള തീരത്തു കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അറേബ്യൻ സീ വെയിൽ നെറ്റ്‌വർക്ക് ഇന്ത്യൻ പ്രതിനിധി ഡോ.ദീപാനി സുതാരിയയും കേരള സർവകലാശാലാ അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി പ്രഫ.എ.ബിജുകുമാറും സംഘവും. 

തിമിംഗലപ്പെരുമ 

Humpback whale

∙ അറബിക്കടലിൽ കൂനൻ തിമിംഗലങ്ങൾ നൂറിൽ താഴെ മാത്രം. 

∙ വംശനാശ ഭീഷണി മൂലം ഐയുസിഎൻ റെഡ് ഡേറ്റ ബുക്കിൽ. 

∙ ഇന്ത്യൻ സമുദ്രത്തിൽ നാലിനം കൂനൻ തിമിംഗലങ്ങൾ. 

∙ കൂനൻ തിമിംഗലങ്ങളുടെ ശരീരത്തിന്റെ മുകൾ ഭാഗം കറുപ്പോ ചാരനിറമോ ആണ്; കീഴ്ഭാഗവും വാലിന്റെ അറ്റവും വെളുപ്പ്. 

∙ തലയ്ക്കു മുകളിലും വളരെ നീണ്ട ചിറകുകളുടെ (ഫ്ലിപ്പേഴ്സ്) അരികുകളിലും കാണുന്ന മുഴകൾ ഇവയുടെ പ്രത്യേകത‌. 

∙ ആൺ തിമിംഗലങ്ങൾ 13–14 മീറ്റർ വരെയും പെൺതിമിംഗലങ്ങൾ 15–16 മീറ്റർ വരെയും വളരും.