Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂനൻ തിമിംഗലം ലുബാൻ ശ്രീലങ്കൻ തീരത്തേക്ക്; വന്നത് ഇര തേടിയോ ഇണയെ തേടിയോ?

humpback whale

ഒമാനിലെ മസീറ ഉൾക്കടലിൽനിന്ന് 1500 കിലോമീറ്റർ പിന്നിട്ടു കൊച്ചി തീരക്കടലിലെത്തിയ ലുബാൻ എന്ന കൂനൻ പെൺതിമിംഗലം ആലപ്പുഴ പിന്നിട്ട് ശ്രീലങ്കൻ തീരത്തേക്കു നീങ്ങുന്നതായി ഉപഗ്രഹങ്ങളിൽനിന്നു ലഭിക്കുന്ന സിഗ്‌നലുകളിൽനിന്നു വ്യക്തമായി.  അനുയോജ്യമായ ഇണയെ തേടിയാകാം ഈ പെൺതിമിംഗലം ദേശാടനം നടത്തുന്നതെന്നാണു സമുദ്ര സസ്തനി വിദഗ്ധയായ ഡോ. ദീപാനി സുതാരിയ പറയുന്നത്. എന്നാൽ കേരള തീരസമുദ്രത്തിൽ കൂനൻ തിമിംഗലങ്ങളുടെ ഇഷ്ടഭക്ഷണമായ കൊഞ്ചും മത്തിയും സുലഭമായതും ഈ ദേശാന്തര ഗമനത്തിനു പ്രേരകമായിട്ടുണ്ടാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.  

വംശനാശ ഭീഷണി നേരിടുന്ന അറബിക്കടൽ കൂനൻ തിമിംഗലങ്ങൾ ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ എത്താറുണ്ടെങ്കിലും ഇവയെപ്പറ്റി കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. പ്രാദേശികമായി തിമിംഗലങ്ങളുടെ ജനസംഖ്യ, ദേശാടനത്തിനുള്ള കാരണങ്ങൾ, ആഹാരം, ജീവശാസ്ത്രം, ഇവ യാത്രചെയ്യുന്ന പ്രദേശങ്ങളിലെ പാരിസ്ഥിതിക സവിശേഷതകൾ എന്നിവ രേഖപ്പെടുത്തുന്നതു സംരക്ഷണ-പരിപാലന പദ്ധതികൾക്ക് അനിവാര്യമാണെന്നു കേരള സർവകലാശാല അക്വാറ്റിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ.ബിജുകുമാർ അഭിപ്രായപ്പെടുന്നു. 

Oman Whale

കൂടാതെ ഏറെ ചെലവുള്ള കടൽ സസ്തനികളുടെ നിരീക്ഷണവും പഠനവും യാഥാർഥ്യമാകാൻ ശാസ്ത്രജ്ഞർ, കോസ്റ്റ്ഗാർഡ്, നേവി, സന്നദ്ധ സംഘടനകൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ ശൃംഖല ഉണ്ടാക്കേണ്ടിവരും. ഇതിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ നാട്ടറിവിനും ഏറെ പ്രാധാന്യം ഉണ്ട്. ഇവർ തിമിംഗലങ്ങളെ കടലാന എന്നാണു വിളിക്കുന്നത്.

കടലിലെ രാജാവായ ഇവയെ കാണുന്നതു ശുഭസൂചനയായി കാണുന്നതിനാൽ മുതിർന്ന മത്സ്യത്തൊഴിലാളികൾ ഇവയെ കാണുമ്പോൾ എഴുന്നേറ്റുനിന്ന് ആദരവു പ്രകടിപ്പിക്കാറുണ്ട്.  ഇവയുടെ സാന്നിധ്യം മത്തി കൂടുതലുള്ള പ്രദേശങ്ങളിലാണെന്നും ഇവയ്ക്കൊപ്പം ഡോൾഫിനുകളെയും കാണാൻ കഴിയുമെന്നും  മൽസ്യത്തൊഴിലാളികൾ പറയുന്നതായും ബിജുകുമാർ അറിയിച്ചു.  ഇവയെ കണ്ടെത്തുന്ന വിവരം ശാസ്ത്രലോകവുമായി പങ്കുവയ്ക്കുന്നതു രാജ്യത്തെ ജൈവവൈവിധ്യ രേഖകൾ ശക്തമാക്കാനും സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സഹായകരമാവും.

Humpback whale

∙മസീറ ഉൾക്കടലിൽ  റേഡിയോ ടാഗ് ഘടിപ്പിച്ചത് 14 കൂനൻ തിമിംഗലങ്ങളെ 

∙അതിൽ ഏക പെൺതരി ലുബാൻ

∙കൂനൻ തിമിംഗലങ്ങളുടെ ഭാരം 36,000 കിലോ വരെ

∙തിമിംഗലങ്ങൾക്കു റേഡിയോ ടാഗ് ഘടിപ്പിക്കുന്നത് അവയെ പിടിക്കാതെ

∙തിമിംഗലങ്ങൾ ഉപരിതലത്തിൽ വരുമ്പോൾ ബോട്ടിൽ ഇരുന്നാണു ടാഗ് ഘടിപ്പിക്കുന്നത്.  

∙ബ്രസീലിൽനിന്നു മഡഗാസ്കർ വരെ 9800 കിലോമീറ്റർ ദേശാടനം നടത്തി 2010ൽ ഏറ്റവും ദീർഘദൂരം സഞ്ചരിച്ച സസ്തനി എന്നു റെക്കോർഡ് ഇട്ടു. എന്നാൽ അടുത്തവർഷം ഇതിലും ആയിരം കിലോമീറ്റർ അധികം ദേശാടനം നടത്തി നോർത്ത് പസിഫിക് ചാരത്തിമിംഗലം ഈ റെക്കോർഡ് തിരുത്തി.