100 വയസ്സു പ്രായമുള്ള ഭീകരനെ കൊന്നു; കർഷകനു കനത്ത പിഴ!

Image Credit: QLD Police

ഓസ്ട്രേലിയയിലെ ക്യൂന്‍സ്​ലന്‍ഡിലാണ് കടുത്ത ശല്യമായിരുന്ന ഭീകരൻ മുതലയെ കര്‍ഷകന്‍ വെടിവച്ചു കൊന്നത്. തന്റെ കന്നുകാലികളെ സ്ഥിരമായി വേട്ടയാടാന്‍ തുടങ്ങിയതാണ് കര്‍ഷകനെ മുതലയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. അതേസമയം ലോകത്തെ ഏറ്റവും പ്രായമുള്ള മുതലയെ വെടിവച്ചു കൊന്ന കര്‍ഷകന് ഓസ്ട്രേലിയന്‍ സര്‍ക്കാന്‍ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

ക്യൂന്‍സ്‌ലന്‍ഡിലെ റോക്ഹാംപ്റ്റണിലുള്ള ഫിറ്റ്സോയ് നദിയില്‍ വച്ചാണ് മുതലയെ കര്‍ഷകന്‍ കൊന്നത്. അഞ്ചര മീറ്ററോളം നീളമുണ്ടായിരുന്ന മുതല ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മുതലകളില്‍ ഒന്നായിരുന്നു. മുതലയുടെ കണ്ണുകള്‍ക്കു നടുവിലായാണ് മുപ്പത്തിയൊന്നുകാരനായ  ലൂക്ക് ഓര്‍ക്കാര്‍ഡ് എന്ന കർഷകൻ വെടിവച്ചത്. ഒറ്റ വെടിക്കു തന്നെ മുതല ചത്തുവീണു.

ലൂക്കിന്റെ 13 ഹെക്ടറോളം വരുന്ന ഫാമിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും ഫിറ്റ്സോയ് നദിയാണ്. ഫാമിലെ കന്നുകാലികൾ വെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നതും ഈ നദിയെയാണ്. ഇതോടെയാണ് ലൂക്കിന്റെ കന്നുകാലികള്‍ ഈ കൂറ്റന്‍ മുതലയുടെ പ്രധാന ഇരകളായി മാറിയത്. 

ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന സാള്‍ട്ട് വാട്ടര്‍ ക്രോക്കഡൈല്‍ അഥവാ കായല്‍ മുതലകള്‍ പൊതുവെ 70 -80 വര്‍ഷം വരെയാണ ജീവിച്ചിരിക്കാറുള്ളത്. എന്നാല്‍ അപൂർവം ചില മുതലകള്‍ 100 വയസ്സിനു മേല്‍ ജീവിച്ചിരിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു അപൂർവ മുതലയെയാണ് ലൂക്ക് വെടിവച്ചു കൊന്നത്.

അഞ്ച് മീറ്ററിലധികം വലിപ്പമുള്ള എല്ലാ മുതലകളെയും സാംസ്കാരിക പ്രധാന്യമുള്ള ജീവികളായാണ് ഓസ്ട്രേലിയയില്‍ കണക്കാക്കുന്നത്. വന്യജീവി വകുപ്പിന്റെ അനുമതിയില്ലാതെ ഇവയെ വേട്ടയാടുന്നതും ഓസ്ട്രേലിയയില്‍ കുറ്റകരമാണ്.