കുരങ്ങന്‍മാരുമായുള്ള അപൂർവ സൗഹൃദം; രണ്ടര വയസ്സുകാരന് ദൈവീക പരിവേഷം നൽകി ഗ്രാമവാസികൾ!

ബെംഗളൂരുവിനു സമീപമുള്ള ഹൂബ്ലി ഗ്രാമത്തിലാണ് കുരങ്ങന്‍മാരുമായി ഗാഢ സൗഹൃദം സ്ഥാപിച്ച രണ്ടര വയസ്സുകാരനുള്ളത്. ഒരു പറ്റം കുരങ്ങന്‍മാരുമായി സൗഹൃദം സ്ഥാപിച്ചതോടെ സമര്‍ത്ഥ് ബംഗാരി എന്ന ഈ കുട്ടിക്ക് ദൈവീക പരിവേഷം നൽകുകയാണ് ഗ്രാമവാസികൾ. ഹനുമാന്‍ കുട്ടിയുടെ രൂപത്തില്‍ വന്നതാണെന്നാണ് ഒരു വിഭാഗം ഗ്രാമീണരുടെ വിശ്വാസം. വെര്‍വെറ്റ് ഇനത്തില്‍ പെട്ട ഈ കുരങ്ങന്‍മാര്‍ക്കൊപ്പമാണ് സമര്‍ത്ഥ് ഇപ്പോള്‍  മിക്കസമയവും ചിലവഴിക്കുന്നത്. കളിയും ഭക്ഷണം കഴിപ്പുമെല്ലാം ഈ കുരങ്ങന്‍മാർക്കൊപ്പമാണ്.

മിക്കപ്പോഴും രാവിലെ ആറ് മണിക്ക് തന്നെ അലാറം വച്ചതു പോലെ കുരങ്ങന്‍മാരെത്തും. കിടപ്പു മുറിയില്‍ കയറി സമര്‍ത്ഥിനെ ഉണര്‍ത്തും. രാവിലെ ചിലപ്പോള്‍ സമര്‍ത്ഥിന്റെ പ്രഭാത ഭക്ഷണം പങ്കിടാന്‍ വരെ അവയുണ്ടാകും. ഉച്ചയ്ക്കു ശേഷം സമര്‍ത്ഥ് നഴ്സറിയില്‍ നിന്നു മടങ്ങിയെത്തിയാല്‍ കുരങ്ങന്‍മാരെത്തുന്നതും കാത്ത് സമര്‍ത്ഥ് ഇരിക്കും. നാലു മണിയാകുന്നതോടെ പോക്കറ്റിലും കയ്യിലും നിറയെ ധാന്യങ്ങളുമായി കുരങ്ങന്‍മാരുടെ അടുത്തേക്കു പോകും.

സാധാരണ ഭക്ഷണം കൊടുക്കാന്‍ ചെല്ലുന്നവരോടു കാണിക്കുന്ന അമിതാവേശമോ ആക്രമണ സ്വഭാവമോ ഒന്നും സമര്‍ത്ഥിനോട് കുരങ്ങന്‍മാര്‍ക്കില്ല. സമര്‍ത്ഥിന്റെ കയ്യില്‍ നിന്ന് സാവധാനത്തില്‍ ഇവ ധാന്യങ്ങള്‍ വാങ്ങി കഴിക്കും. ചില ദിവസങ്ങളില്‍ കുരങ്ങന്‍മാര്‍ക്ക് പലഹാരങ്ങളും സമര്‍ത്ഥിന്റെ വകയായി ഉണ്ടാകും.ആദ്യമൊക്കെ ഭയമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുരങ്ങന്‍മാര്‍ക്കൊപ്പം സമര്‍ത്ഥിനെ വിടാന്‍ മാതാപിതാക്കള്‍ക്കും ആശങ്കയില്ല.

ഏതായാലും ഈ അപൂര്‍വ്വ സൗഹൃദമാണ് കുട്ടിക്ക് ദൈവത്തിന്റെ പ്രതിച്ഛായ ഗ്രാമത്തിലുണ്ടാക്കിയിരിക്കുന്നത്. അച്ഛന്‍ സുനിലും അമ്മ നന്ദയും അടക്കമുള്ള ഗ്രാമീണര്‍ കരുതുന്നത് ഈ കുട്ടി ഹനുമാന്റെ അവതാരമാണെന്നാണ്. സമര്‍ത്ഥിന് ആറ് മാസം പ്രായമുള്ളപ്പോള്‍ ഒരു കുരങ്ങന്‍ കയ്യില്‍ നിന്ന് ഭക്ഷണം തട്ടിപ്പറിച്ചിരുന്നു. സമര്‍ത്ഥ് ഭക്ഷണവുമായി പുറത്ത് ഇരിക്കുമ്പോഴൊക്കെ പിന്നീട് കുരങ്ങന്‍മാര്‍ വന്നു തുടങ്ങി. സമര്‍ത്ഥഥാകട്ടെ മടി കൂടാതെ ഭക്ഷണം അവയ്ക്ക് നല്‍കുകയും ചെയ്തു. ഇത് സ്ഥിരമായത് ഒരു വയസ്സിനു ശേഷമാണ്. ഇതോടെയാണ് കുരങ്ങന്‍മാരും സമര്‍ത്ഥും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദം ആരംഭിക്കുന്നതും.