Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്തൊനീഷ്യ സൂനാമി: തകർന്നടിഞ്ഞത് 100 കിലോമീറ്റർ തീരം

indonesia-tsunami സുനാമിയിൽ തകർന്ന വീട്ടിൽനിന്ന് സാധനങ്ങൾ ശേഖരിക്കുന്ന യുവാവ്

ഇന്തൊനീഷ്യയിൽ അഗ്‌നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ സൂനാമിയിൽ മരിച്ചവർ 420 ആയി. 1500 പേർക്കു പരുക്കേറ്റു. തകർന്നടിഞ്ഞ 100 കിലോമീറ്റർ തീരമേഖലയിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനും മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനും ശ്രമം തുടരുന്നു. ശക്തമായ തിരകൾ അടങ്ങാത്തതിനാൽ ജാഗ്രതാ നിർദേശം നാളെ വരെ നീട്ടി. സുൺഡ കടലിടുക്ക് മേഖലയിൽ നിന്നു 16,000 പേരെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി. അഗ്നിപർവത ദ്വീപായ ‘അനക് ക്രാക്കട്ടോവ’യിൽ നിന്നു പുകയും ചാരവും വമിക്കുന്നതു തുടരുന്നുണ്ട്. 

ശനിയാഴ്ച രാത്രിയാണു തെക്കൻ സുമാത്രയ്ക്കും പശ്ചിമ ജാവയ്ക്കുമിടയിലെ തീരമേഖലയിൽ സൂനാമി ആഞ്ഞടിച്ചത്. അഗ്‌നിപർവത സ്ഫോടനം മൂലമുണ്ടായ സമുദ്രാന്തര മണ്ണിടിച്ചിൽ പ്രതിഭാസമാണു സൂനാമി ഉണ്ടാക്കിയതെന്നാണു നിഗമനം. അഗ്‌നിപർവത സ്ഫോടനം കഴിഞ്ഞ് 24 മിനിറ്റിനകം വിനോദസ‍‍ഞ്ചാരികൾ നിറഞ്ഞ തീരത്തേക്കു വൻതിരമാലകൾ അടിച്ചുകയറി. വീടുകളും ടൂറിസ്റ്റ് ഹോട്ടലുകളും കടകളുമടക്കം 700 കെട്ടിടങ്ങളാണു തകർന്നടിഞ്ഞത്.

Indonesia Tsunami

ജാവ തീരത്തെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ കാരിത ബീച്ച് തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ കൂമ്പാരമായി മാറി. തീരഗ്രാമങ്ങളും ഒലിച്ചുപോയി. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടക്കുന്നത്. സൂനാമി ബാധിത പ്രദേശങ്ങൾ ഇന്തൊനീഷ്യയുടെ പ്രസിഡന്റ് ജോക്കോ വിദോഡോ സന്ദർശിച്ചു. 

305 മീറ്റർ ഉയരമുള്ള അഗ്നിപർവത ദ്വീപിന്റെ ഏകദേശം 64 ഹെക്ടർ ഇടിഞ്ഞു താണുവെന്നാണു വിദഗ്ധരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ജൂൺ മുതൽ അഗ്നിപർവതം പുകയുകയായിരുന്നു.