പതിറ്റാണ്ടിലെ കൊടും തണുപ്പിലേക്കു ബെംഗളൂരു. ഇന്നലെ നഗരത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 12.4 ഡിഗ്രി സെൽഷ്യസ്‍. 2012ലെ 12 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇതിനു മുൻപ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ താപനില. സാധാരണ ദിവസങ്ങളിൽ ബെംഗളൂരുവിൽ 25 ഡിഗ്രിയാണ് കുറഞ്ഞ താപനില. എന്നാൽ ഇന്നലെ ഏറ്റവും കൂടിയ താപനില 27 ഡിഗ്രിയും.
വരും ദിവസങ്ങളിലും ബെംഗളൂരു തണുത്തു വിറയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.വടക്കൻ മേഖലയിൽ നിന്നുള്ള കാറ്റാണ് സംസ്ഥാനത്തു തണുപ്പു കൂടാൻ കാരണം. ഇതു പലയിടത്തും കടുത്ത പുകമഞ്ഞും ഉണ്ടാക്കുന്നുണ്ട്. കർണാടകയിലെ മറ്റു നഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൈസൂരു, കുടക്, ശിവമൊഗ്ഗ എന്നിവിടങ്ങളിൽ താപനില 10 ഡിഗ്രി വരെയായി താഴ്ന്നു.
പുകമഞ്ഞ്: 15 വിമാനങ്ങൾ വൈകി
പുകമഞ്ഞു കാരണം ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു 15 വിമാനങ്ങൾ പുറപ്പെടാൻ വൈകി. രാവിലെ 8നു മുൻപുള്ള സർവീസുകളെയാണ് മഞ്ഞ് ബാധിച്ചത്. വരും ദിവസങ്ങളിലും പുകമഞ്ഞ് കാരണം വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാമെന്ന് അധികൃതർ അറിയിച്ചു.
കൂടുന്നു, രോഗങ്ങൾ
ബെംഗളൂരുവിൽ ശൈത്യ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ശ്വാസകോശ അസുഖങ്ങളുമായെത്തുന്നവർ മുൻ വർഷത്തേക്കാൾ 25% കൂടിയതായി ഡോക്ടർമാർ പറയുന്നു. 50–80 പ്രായത്തിലുള്ളവരെയാണു തണുപ്പ് ഏറെ വലയ്ക്കുന്നത്.പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന അസുഖങ്ങൾ. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ വിശദ പരിശോധന നടത്തുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.