കാക്ക ആള് കേമനാ ട്ടോ; വേണമെങ്കിൽ ഭാരവും അളക്കും!

caledonian-crow
SHARE

മനുഷ്യന്‍ വികസിപ്പിച്ചെടുത്ത അതിപ്രധാന സാങ്കേതിക വിദ്യകളിലൊന്നാണ് ഭാരം അളക്കാനുള്ള മാര്‍ഗ്ഗം. പല കാരണങ്ങള്‍ കൊണ്ടാണ് വസ്തുക്കളുടെയും ജീവികളുടെയും മനുഷ്യരുടേയും തന്നെ ഭാരം അളക്കേണ്ടി വരുന്നത്. ഭാരം എന്നത് നിത്യജീവിതത്തില്‍ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നായതു കൊണ്ട് ഒരു വസ്തുവിനെ കാണുമ്പോള്‍ തന്നെ അതിന്‍റെ ഏകദേശ ഭാരം ഊഹിക്കാന്‍ മനുഷ്യനു കഴിയാറുണ്ട്. എന്നാല്‍ ശാസ്ത്രത്തിന്‍റെ പുതിയ കണ്ടെത്തലനുസരിച്ച് മനുഷ്യനു മാത്രമല്ല കാക്കകള്‍ കൂടി ഈ കഴിവുണ്ട്. ഉപകരണങ്ങളുപയോഗിച്ച് ഭക്ഷണം കൈക്കലാക്കാന്‍ കാക്കകള്‍ക്കു കഴിയുമെന്ന കണ്ടെത്തലിനു പിന്നാലെയാണ് ഇവയുടെ ഭാരം അളക്കാനുള്ള കഴിവു കൂടി കണ്ടെത്തിയിരിക്കുന്നത്. 

ന്യൂ കാലെഡോണിയന്‍ വിഭാഗത്തില്‍ പെട്ട കാക്കകളിലാണ് ഈ സവിശേഷമായ കഴിവ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യനില്‍ അല്ലാതെ മറ്റൊരു ജീവിക്കു ഭാരം അളക്കാന്‍ കഴിയുമെന്നു തിരിച്ചറിയുന്നത് ഇതാദ്യമായാണ്. ഒരു വസ്തു അനങ്ങുന്നതു കണ്ടാണ് കാക്ക അതിന്‍റെ ഭാരം തീരുമാനിക്കുക. നിരീക്ഷണത്തിലൂടെയാണ് ഇവ ഈ കഴിവ് സ്വായത്തമാക്കിയതെന്നും ഗവേഷകര്‍ കരുതുന്നു. ഒരു കാര്‍ഡ് ബോര്‍ഡ് കാറ്റത്തു പറന്നു പോകുന്നതു കണ്ടാല്‍ അത് വലിയ ഭാരമില്ലാത്ത വസ്തുവാണെന്നു മനസ്സിലാക്കാന്‍ ഒരു മനുഷ്യന് വേഗത്തില്‍ സാധിക്കും. അവന്‍റെ വികസിത ബുദ്ധിയാണ് ഇതിനു സഹായിക്കുന്നത്. എന്നാല്‍ മറ്റൊരു ജീവിക്കും ഈ അനുമാനത്തിലെത്താനുള്ള ബുദ്ധിവളര്‍ച്ചയില്ല. ഇപ്പോഴത്തെ കണ്ടെത്തല്‍ നടന്ന ന്യൂ കാലെഡോണിയന്‍ കാക്കകള്‍ക്കൊഴികെ. 

crow

മുമ്പ് ചിമ്പാന്‍സികളിലും മറ്റും ഭാരം തിരിച്ചറിയാന്‍ സാധിക്കുമോ എന്ന് മനസ്സിലാക്കാനുള്ള പരീക്ഷണങ്ങള്‍ ഗവേഷകര്‍ നടത്തിയിരുന്നു. ഇവയ്ക്ക് ഒരിക്കല്‍ കൈകാര്യം ചെയ്ത വസ്തുവിനെ അതിന്‍റെ ഭാരം കൊണ്ടു തിരിച്ചറിയാന്‍ സാധിക്കുമെങ്കിലും നിരീക്ഷണത്തിലൂടെ ഭാരം മനസ്സിലാക്കാനുള്ള കഴിവ് ചിമ്പാന്‍സികള്‍ക്കും ഇല്ലെന്നു കണ്ടെത്തി.

വനത്തില്‍ നിന്നു പിടികൂടിയ 12 കാക്കകളിലാണ് ഭാരം മനസ്സിലാക്കുവാനുള്ള കഴിവിനേക്കുറിച്ചു ഗവേഷകര്‍ പഠനം നടത്തിയത്. കാക്കകളെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു പഠനം. ഒരു വിഭാഗം കാക്കകള്‍ക്ക് ഭാരമുള്ള വസ്തുക്കള്‍ നല്‍കിയ ഗവേഷകര്‍ ഇവ ഈ വസ്തുക്കള്‍ ഒരു നിശ്ചിത സ്ഥാനത്തു കൊണ്ടു വയ്ക്കുമ്പോള്‍ ഭക്ഷണം നല്‍കുകയും ചെയ്തു. രണ്ടാമത്തെ വിഭാഗം കാക്കകള്‍ക്ക് ഭാരം കുറഞ്ഞതും ഭാരമുള്ളതുമായ രണ്ട് തരത്തിലുള്ള വസ്തുക്കള്‍ നല്‍കി. ഇവ ഭാരമുള്ളവ നിശ്ചിത സ്ഥലത്തെത്തിക്കുമ്പോള്‍ പ്രതിഫലം നല്‍കിയില്ല. മറിച്ച് ഭാരമില്ലാത്തവ ഈ സ്ഥാനത്തെത്തിച്ചപ്പോള്‍ അവയ്ക്ക് പ്രതിഫലമായി ഭക്ഷണം നല്‍കുകയും ചെയ്തു.

ഇതോടെയാണ് രണ്ടാമത്തെ ഗ്രൂപ്പില്‍ പെട്ട കാക്കകള്‍ ഭാരം കൂടിയ വസ്തുക്കള്‍ ഒഴിവാക്കി ഭാരം കുറഞ്ഞ വസ്തുക്കള്‍ തിരഞ്ഞെടുക്കാന്‍ ആരംഭിച്ചത്. വസ്തുക്കള്‍ എടുത്തു നോക്കാതെ തന്നെയാണ് കനം കുറഞ്ഞവയും അല്ലാത്തവയും തമ്മില്‍ കാക്കകള്‍ തിരിച്ചറിഞ്ഞത്. ഇതോടെയാണ് നോട്ടത്തിലൂടെ തന്നെ വസ്തുക്കളുടെ ഭാരം തിരിച്ചറിയാന്‍ കാക്കകള്‍ക്കു കഴിയുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നതും. മൂന്ന് ദിവസത്തോളം വസ്തുക്കളെ നിരീക്ഷിച്ച ശേഷമാണ് ഇവയുടെ ഭാരത്തിലുള്ള വ്യത്യാസം കാക്കകള്‍ മനസ്സിലാക്കിയത്. പരീക്ഷണത്തിനായി ഉപയോഗിച്ച മുറിയില്‍ ഘടിപ്പിച്ച ഫാനിലെ കാറ്റു മൂലം കനം കുറഞ്ഞ വസ്തുക്കള്‍ ഇളകുകയും അവയ്ക്ക് സ്ഥാനചലനം സംഭവിക്കുകയും ചെയ്തു. ഇതിലൂടെയാണ് കനം കുറഞ്ഞ വസ്തുക്കളെ കാക്കകള്‍ മനസ്സിലാക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA