ഇരുട്ട് നീങ്ങി ; അലാസ്കയിലെ ഗ്രാമങ്ങളിൽ സൂര്യൻ തിരിച്ചെത്തി‍!

alaska-first-sunrise
SHARE

അലാസ്കയിലെ ഈ ഗ്രാമത്തിൽ സൂര്യൻ അസ്തമിച്ചത് കഴിഞ്ഞ നവംബർ 18നാണ്. നീണ്ട 65 ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് കഴിഞ്ഞ ആഴ്ച ഇവിടെ സൂര്യൻ ഉദിച്ചത്. കൃത്യമായി പറഞ്ഞാൽ ജനുവരി 23ന് ഉച്ചയ്ക്ക് 1.4 ആയപ്പോഴാണ് ഇവിടെ സൂര്യൻ പ്രത്യക്ഷപ്പെട്ടത്. അതുവരെ രണ്ടു മാസക്കാലം ഈ ഗ്രാമങ്ങൾ ഇരുട്ടിലായിരുന്നു.

വടക്കന്‍ അലാസ്കയിലെ ഉട്ക്വിയാഗ്വിക് എന്ന ഗ്രാമം ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്തു കിടക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഒന്നാണ്. ശൈത്യകാലമാകുമ്പോഴേക്കും സൂര്യന്‍ അപ്രത്യക്ഷനാകുന്ന ഗ്രാമങ്ങളില്‍ ഒന്നാണിത്. പിന്നീട് ഏതാണ്ട് രണ്ടര മാസക്കാലത്തോളം ഈ പ്രദേശത്ത് എന്നും രാത്രിയായിരിക്കും. നവംബര്‍ അവസാനവാരത്തോടെ ഇവിടെ നിന്ന് യാത്രയാകുന്ന സൂര്യന്‍ തിരിച്ചെത്തുന്നത് ഫെബ്രുവരി ആദ്യ വാരത്തോടെയാണ്. അതുവരെ അക്ഷരാര്‍ത്ഥത്തില്‍ രാത്രിയെ പകലാക്കി മാറ്റിയാണ് ഇവിടുത്തുകാരുടെ ജീവിതം.

ഉട്ക്വിയാഗ്വിക്കിലെ ഈ ശൈത്യകാലത്തെ അവസാന സൂര്യസ്തമയം നവംബർ 18 ന് ഉച്ചയ്ക്ക് 2.14നായിരുന്നു. പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. ബോറോ എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ഉട്ക്വിയാഗ്വിക്കില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുക നേര്‍ വിപരീതമായ സ്ഥിതി വിശേഷമാണ്. അപ്പോള്‍ രണ്ട് മാസത്തിലേറെ സമയത്തേക്ക് ഈ പ്രദേശത്ത് സൂര്യന്‍ അസ്തമിക്കാറില്ല. മേയ് 12 മുതൽ ഓഗസ്റ്റ് 1വരെയാണ് ഈ പ്രതിഭാസം അനുഭവപ്പെടുക.

സൂര്യന്‍ അപ്രത്യക്ഷമാകാന്‍ കാരണം

utqiagvik

ഭൂമിക്ക് സ്വതവേയുള്ള ചെരിവും, ഭൂമിയുടെ ഭ്രമണപഥത്തിന്റെ ദീര്‍ഘവൃത്താകൃതിയും ചേര്‍ന്നാണ് ഈ അപൂര്‍വ പ്രതിഭാസത്തിനു വഴിവയ്ക്കുന്നത്. ഈ ചരിവുകള്‍ മൂലം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നത് ഭൂമിയുടെ ഉത്തരാർധ ഗോളത്തിലാണ്. ഈ സമയത്ത് ഉത്തരധ്രുവത്തില്‍ എപ്പോഴും സൂര്യപ്രകാശം ലഭിച്ചു കൊണ്ടേയിരിക്കും. ഇതിനാലാണ് വേനല്‍ക്കാലത്ത് ഉത്തരധ്രുവത്തില്‍ രണ്ടു മാസക്കാലത്തേക്ക് സൂര്യന്‍ അസ്തമിക്കാത്തതും.

അതേസമയം ഒക്ടോബര്‍ അവസാനത്തോടെ സൂര്യപ്രകാശം ദക്ഷിണാർധ ഗോളത്തിലാണ് നേരിട്ടു പതിക്കുന്നത്. പക്ഷേ ഭൂമിയുടെ ചരിവു മൂലം ഉത്തര ധ്രുവത്തിലെന്ന പോലെ ദക്ഷിണ ധ്രുവത്തിലേക്കു സൂര്യപ്രകാശം എപ്പോഴും പതിക്കില്ല. അതിനാല്‍ തന്നെ ദക്ഷിണ ധ്രുവത്തില്‍ പകലും രാത്രിയും അനുഭവപ്പെടും. പക്ഷെ ഉത്തരാ‍ർധത്തില്‍ എപ്പോഴും പകല്‍ അനുഭവപ്പെടുന്ന മാര്‍ച്ചു മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ അന്റാര്‍ട്ടിക്കില്‍ സൂര്യന്‍ ഉദിക്കില്ല.

അലാസ്കയിലെ സൂര്യസ്തമയം

വടക്കന്‍ അലാസ്കയുടെ മൂന്നിലൊന്നു ഭാഗവും സ്ഥതിചെയ്യുന്നത് ആര്‍ട്ടിക് സര്‍ക്കിളിലാണ്. ഈ പ്രദേശത്താണ് സൂര്യന്‍ ഉദിക്കാത്ത പ്രതിഭാസം ശൈത്യകാലത്ത് അനുഭവപ്പെടുന്നത്. സൂര്യന്‍ ഉദിക്കാത്ത പ്രതിഭാസം അനുഭവിക്കുന്ന സ്ഥിരമായ മനുഷ്യവാസമുള്ള പ്രദേശവും അലാസ്കയിലെ ഈ മേഖലയാണ്. അലാസ്കയിലെ തന്നെ ഏറ്റവും വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഗ്രാമം എന്ന നിലയിലാണ് ഉട്ക്വിയാഗ്വിക്കില്‍ ആദ്യം സൂര്യന്‍ അസ്തമിക്കുന്നതും. മറ്റ് വടക്കന്‍ അലാസ്കന്‍ ഗ്രാമങ്ങളിലും സൂര്യന്‍ ദിവസങ്ങളോളം ഉദിക്കില്ല എങ്കിലും ഈ പ്രതിഭാസം ഏറ്റവും കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്നത് ഉട്ക്വിയാഗ്വിക്കിലാണ്. കാക്റ്റോവിക്, പോയിന്റ് ഹോപ്, അനക്റ്റുവക് പാസ് എന്നിവയാണ് അലാസ്കയിലെ സൂര്യനുദിക്കാത്ത മറ്റു ഗ്രാമങ്ങള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA