തണുപ്പ് അതിരു കടന്നു, ഒപ്പം ഭൂചലനവും; പേടിച്ചു വിറച്ച് ഷിക്കാഗോ
യുഎസിലെ മധ്യമേഖലകള്‍ കടുത്ത ശൈത്യത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. പതിവില്ലാത്ത വിധം അതികഠിനമായ തണുപ്പാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മൈനസ് 40 ഡിഗ്രി വരെയാണ് താപനില. പോളാര്‍ വെര്‍ട്ടക്സ് എന്ന പ്രതിഭാസമാണ് അസാധാരണമാം വിധമുള്ള ഈ തണുപ്പ് അമേരിക്കയുടെ മധ്യമേഖലകളിലേക്കെത്താന്‍ കാരണം. ശൈത്യകാലത്തു പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെടാറുള്ള ഷിക്കാഗോയില്‍ ഇത്തവണ രേഖപ്പെടുത്തിയത് മൈനസ് 46 ഡിഗ്രി സെല്‍ഷ്യസാണ്.
തണുപ്പ് അതികഠിനമായതോടെയാണ് ഷിക്കാഗോ നിവാസികളെ ഭയപ്പെടുത്തി തൊട്ടു പിന്നാലെ നേരിയ ഭൂചലനവുമെത്തിയത്. പലരും ഭൂചലനം അനുഭവിച്ചറിഞ്ഞില്ലെങ്കിലും ശക്തമായ ശബ്ദം എല്ലാവരും കേട്ടു. ഫ്രോസ്റ്റ് ക്വേക് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഈ ഭൂചലനത്തിനും ശക്തമായ ശബ്ദത്തിനും കാരണമായത്.
ക്രയോസിംസ് അഥവാ ഐസ് ക്വേക്സ്
താപനിലയില്‍ കുത്തനെ കുറവുണ്ടാകുമ്പോള്‍ ഭൂഗര്‍ഭജലത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഐസ് ക്വേകിലേക്കു നയിക്കുന്നത്. ഈ അവസരത്തില്‍ ഭൂഗര്‍ഭജലം തണുത്തുറയുകയും ഇതിന്‍റെ ഫലമായി വികസിക്കുകയും ചെയ്യും. ജലം വികസിക്കുന്നതോടെ ഭൂമിക്കടിയിലെ മണ്ണും പാറക്കെട്ടും ഉള്‍പ്പടെയുള്ളവയില്‍ ഇതിന്‍റെ സമ്മർദം അനുഭവപ്പെടുകയും പാറക്കെട്ടുകളും മറ്റും പൊടിയുന്നതിനു കാരണാവുകയും ചെയ്യും. കൂടാതെ ഭൗമോപരിതലത്തില്‍ വരെ ഈ പ്രവര്‍ത്തനത്തിന്‍റെ പ്രതിഫലനങ്ങളുണ്ടാകും. ഇതോടെയാണ് നേരിയ തോതിലുള്ള ഭൂചലനവും ശക്തമായ ശബ്ദങ്ങലും ക്രോസിംസ് പ്രതിഭാസത്തിനിടയില്‍ ഉണ്ടാകുന്നത്. പലപ്പോഴും ഭൗമോപരിതലത്തില്‍ വിള്ളലുകളും വീഴാറുണ്ട്.
ചിക്കാഗോയിലെ അന്തരീക്ഷ താപനിലയില്‍ പെട്ടെന്നുണ്ടായ കുറവു കണക്കിലെടുത്താല്‍ ഇവിടെ ഐസ് ക്വേക്സ് പ്രതിഭാസമുണ്ടായതില്‍ അദ്ഭുതപ്പെടാനില്ലെന്നു ഭൗമശാസ്ത്രജ്ഞനായ സ്റ്റീവ് ബറ്റാല്‍ജിയ പറയുന്നു. ഐസായി മാറിയ വെള്ളം ചെലുത്തുന്ന സമ്മർദം താങ്ങാനാവാതെയാണ് മണ്ണ് മുകളിലേക്കുയരുന്നതും ഇതിന്‍റെ ഫലമായി വിള്ളലുകളുണ്ടാകുന്നതും. ഷിക്കാഗോയില്‍ മാത്രമല്ല പെന്‍സില്‍വാനിയ, ഇന്ത്യാനപോളിസ് തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള ഐസ് ക്വേക്സ് പ്രതിഭാസങ്ങള്‍ അനുഭവപ്പെട്ടു.
ഐസ് ക്വേക്സ് സാധാരണമാകുന്നു
ഇപ്പോള്‍ ഇത്തരം പ്രതിഭാസങ്ങള്‍ അദ്ഭുതപ്പെടുത്തുമെങ്കിലും കാലാവസ്ഥയുടെ ഇപ്പോഴത്തെ ഗതിയനുസരിച്ചു ഭാവിയില്‍ ഐസ് ക്വേക്സുകള്‍ സാധാരണമാകാനാണ് സാധ്യതയെന്നു ഗവേഷകര്‍ പറയുന്നു. അതേസമയം അപ്രതീക്ഷിതമായി കേട്ട ശബ്ദങ്ങള്‍ ഷിക്കാഗോ മേഖലയില്‍ വിതച്ച ഭീതി ചില്ലറയല്ല. പലരും സ്വന്തം വീട്ടില്‍ നിന്നോ പരിസരത്തു നിന്നോ ആണ് ശബ്ദം കേട്ടതെന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്. ഐസ് ക്വേക്സിനെ സംബന്ധിച്ച അറിയിപ്പുകള്‍ വൈകാതെ സമൂഹമാധ്യമങ്ങളിൽ എത്തിയപ്പോഴാണ് ആളുകള്‍ക്ക് ശബ്ദത്തിന്‍റെ സ്രോതസ്സു പിടി കിട്ടിയത്.