വയനാട്ടിൽ കണ്ടെത്തിയത് അപൂർവയിനം തവള ജനുസ്സിനെ!
പശ്ചിമഘട്ടത്തിലെ വയനാട്ടിൽ നിന്ന് ഒരു പുതിയ തവള ജനുസ്സിനെക്കൂടി കണ്ടെത്തി. ഈ ജനുസ്സിൽ ഒരേയൊരു സ്പീഷീസിനെ മാത്രമാണു കണ്ടത്തിയിട്ടുള്ളത്. ഡൽഹി സർവകലാശാലയിലെ പ്രഫ. എസ്.ഡി. ബിജുവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തുന്ന സൊണാലി ഗാർഗും ചേർന്നാണു പുതിയ തവള ജനുസ്സിനെ കണ്ടെത്തിയത്. നേച്ചർ റിസേർച്ച് ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോർട്സ് എന്ന രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണത്തിൽ ഈ കണ്ടെത്തലുകൾ ഇന്നലെ പ്രസിദ്ധീകരിച്ചു.
റോഡരികിലെ വെള്ളക്കെട്ടിൽ നിന്നാണു പുതിയ ജനുസ്സ് തവളയെ കണ്ടെത്തിയത്. ഡിഎൻഎ ബാർ കോഡിങ് ഉൾപ്പെടെ ഉപയോഗിച്ചാണ് ഈ തവള പുതിയ ജനുസ്സിൽ പെട്ടതാണെന്നു കണ്ടെത്തിയത്. വെള്ളക്കെട്ടിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെടുന്നതും തീർത്തും ചുരുങ്ങിയ പ്രജനനകാലം കഴിഞ്ഞാൽ പിന്നെ അപ്രത്യക്ഷമാകുന്നതും ആയിരിക്കാം ഈ തവളകൾ ഗവേഷകരുടെ ശ്രദ്ധയിൽപെടാതെ പോയതിനു കാരണമെന്നു ഡോ.ബിജുവും സൊണാലിയും പറയുന്നു.
കണ്ണുകളാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന രണ്ടു കറുത്ത പൊട്ടുകളാണ് ഈ തവളകളുടെ പ്രത്യേകത. മിസ്റ്റിസെലസ് ഫ്രാങ്കി എന്നതാണു പുതിയ തവളയ്ക്കു പേരിട്ടിരിക്കുന്നത്. ലത്തീൻ ഭാഷയിൽ വിചിത്രം എന്നാണു മിസ്റ്റിസെലസ് എന്നതിനർഥം. ബ്രസൽസിലെ വ്റിജെ സർവകലാശാലയിലെ പ്രഫ. ഫ്രാങ്കി ബൊസ്യൂടിനെ ആദരിക്കാനാണു ഫ്രാങ്കി എന്നു സ്പീഷീസ് പേരു നൽകിയത്.