ഏതാണ്ട് 20 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നരവംശം ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത്. 20 ലക്ഷം വര്‍ഷങ്ങളെന്നത് ഭൂമിയുടെ ആയുസ്സുമായി താരതമ്യപ്പെടുത്തിയാല്‍ 24 മണിക്കൂറില്‍ ഏതാണ്ട് 1 മിനിട്ടില്‍ താഴെ മാത്രമാണ്.ഇതിൽ ആധുനിക മനുഷ്യന്‍റെ കാലം കണക്കു കൂട്ടാന്‍ പോലും ആകാത്ത വിധം ചെറുതും. പക്ഷേ ആധുനിക മനുഷ്യന്‍ ഭൂമിയിലെ ജൈവവ്യവസ്ഥയിലും പരിസ്ഥിതിയിലും സൃഷ്ടിച്ചിട്ടുള്ള ആഘാതങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇതിനുദാഹരണമാണ് കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഭൂമുഖത്തെ 60 ശതമാനം ജീവികള്‍ ഇല്ലാതായതില്‍ മനുഷ്യന്‍ വഹിച്ച പങ്ക്.

ലിവിങ് പ്ലാനറ്റ് റിപ്പോര്‍ട്ട് 2018

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പുറത്തിറക്കിയ ലിവിങ് പ്ലാനറ്റ് റിപ്പോര്‍ട്ട് 2018 ലാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ ഭൂമിയുടെ ജൈവവൈവിധ്യത്തെ തകര്‍ക്കുന്നതില്‍ മനുഷ്യര്‍ വഹിച്ച പങ്കിനെക്കുറിച്ചു വിശദീകരിക്കുന്നത്. 45 വര്‍ഷത്തിനിടെ മനുഷ്യര്‍ നടത്തിയത് വിവിധ ജീവിവര്‍ഗങ്ങളുടെ കൂട്ടക്കുരുതിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1970 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായത് 60 ശതമാനം ജീവിവര്‍ഗങ്ങളാണ്. ഇതില്‍ കടല്‍മത്സ്യങ്ങള്‍ മുതല്‍ ഉഭയജീവികളും, ഉരഗങ്ങളും, പക്ഷികളും , സസ്തനികളും വരെ ഉള്‍പ്പെടുന്നു. ഈ കാലയളവില്‍ ഭൂമിക്കുണ്ടായ ഈ ആരോഗ്യക്ഷയം പരിഹരിക്കാനാവാത്തതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്. ഭൂമിയിലെ ജൈവവൈവിധ്യത്തിന്‍റെയും ആവാസവ്യവസ്ഥയുടെയും പ്രകൃതി വിഭവങ്ങളുടെയുമെല്ലാം നിലവിലെ സ്ഥിതിയുടെ കണക്കെടുപ്പാണ് റിപ്പോര്‍ട്ടിന്‍റെ ലക്ഷ്യം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഭൂമിയില്‍ സംഭവിക്കുന്ന മനുഷ്യ നിര്‍മിത പാരിസ്ഥിതിക ദുരന്തത്തിന്‍റെ ക്രോഡീകരിച്ച കണക്കുകള്‍ ഇത്തവണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കണക്കുകളില്‍ പ്രധാനപ്പെട്ടവ ഇവയാണ്.

കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടെ ആമസോണ്‍ വനമേഖലയുടെ 20 ശതമാനം ഇല്ലാതായി.

2000 മുതല്‍ 2013 വരെ നശിപ്പിക്കപ്പെട്ടത് 92 ദശലക്ഷം സംരക്ഷിത വനമേഖല.

1500 എ.ഡി യ്ക്ക് ശേഷം ഭൂമുഖത്ത് നിന്ന്  അപ്രത്യക്ഷമായ ജീവിവര്‍ഗ്ഗങ്ങളില്‍ 75 ശതമാനവും ഇല്ലാതായത് മനുഷ്യരുടെ ചൂഷണവും കൃഷിയും മൂലം.

30 വര്‍ഷത്തിനിടെ സമുദ്രത്തിലെ 50 ശതമാനം പവിഴപ്പുറ്റുകള്‍ നശിപ്പിക്കപ്പെട്ടു.

സമുദ്രത്തിന്‍റെ അസിഡിറ്റി 30 കോടി വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന അളവിലെത്തുന്നതിന് മലിനീകരണവും ആഗോളതാപനവും കാരണമായി.

10 വര്‍ഷത്തിനിടെ മനുഷ്യര്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളിയത് ഏതാണ്ട് 100 ബില്യണ്‍ ടണ്‍ കാര്‍ബണ്‍.

2018 ഏപ്രിലില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ശരാശരി 410 പിപിഎം ആയിരുന്നു. എട്ട് ലക്ഷം വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവാണ് ഇത്.

മനുഷ്യരുടെ ഇടപെടലില്‍ കാര്യമായി പാരിസ്ഥിതിക ആഘാതം സംഭവിക്കാത്തതായി അവശേഷിക്കുന്നത് ഇനി 25 ശതമാനം ഭൂമി മാത്രം. 2050 ആകുമ്പോഴേയ്ക്കും ഇത് 10 ശതമാനമായി ചുരുങ്ങും.

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചെങ്കിലും ഇതൊന്നും തന്നെ പ്രകൃതിയിലുള്ള മനുഷ്യന്‍റെ ആശ്രയത്വം കുറച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെ ഇത്തരം സാങ്കേതിക വിദ്യകളുടെ അനിയന്ത്രിതമായ ഉപയോഗം പ്രകൃതിക്ക് തിരിച്ചടിയായിട്ടുമുണ്ട്. പ്രകൃതി എന്നത് നമുക്ക് ആവശ്യമുള്ള ഒരു കാര്യമല്ല മറിച്ച് നിലനില്‍പ്പിന് അനിവാര്യമായ ഒന്നാണെന്ന് മനുഷ്യര്‍ തിരിച്ചറിയണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അത് കൊണ്ട് തന്നെ പ്രകൃതിയുടെ ചൂഷണത്തേക്കാള്‍ സംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഈ തിരിച്ചറിവിലേക്കെത്താന്‍ ഇനിയും വൈകിയാല്‍ മനുഷ്യര്‍ സ്വന്തം കടക്കല്‍ തന്നെ കത്തി വയ്ക്കുകയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.