വീണ്ടും കൂറ്റൻ മഞ്ഞുമനുഷ്യൻ; ഹിമാലയത്തിൽ യതിയുടെ കാൽപ്പാടുകൾ കണ്ടുവെന്ന് ഇന്ത്യന്‍ സൈന്യം!
നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപം മഞ്ഞുമനുഷ്യൻ അഥവാ യതിയുടേത് എന്നു കരുതുന്ന വലിയ കാൽപ്പാട് കണ്ടതായി ഇന്ത്യൻ സേന വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സേന ഈ വിവരം പുറത്തുവിട്ടത്. മഞ്ഞിൽ പതിഞ്ഞ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാൽപ്പാടിന്റെ ചിത്രവും ട്വിറ്ററിൽ പങ്കുവച്ചു.ഏപ്രിൽ ഒൻപതിന് സൈന്യത്തിന്റെ പർവതാരോഹക സംഘമാണ് ഈ കാൽപ്പാട് കണ്ടതെന്നും ട്വിറ്ററിൽ പറയുന്നു. ‘ആർക്കും ഇതുവരെ പിടികൊടുക്കാത്ത ഹിമമനുഷ്യനെ’ മക്കാലു–ബാരുൺ നാഷനൽ പാർക്കിനു സമീപം മാത്രമാണ് മുൻപ് കണ്ടിട്ടുള്ളതെന്നും ഇതിൽ വ്യക്തമാക്കുന്നു.
ഹിമാലയത്തിലെ കൂറ്റൻ മഞ്ഞുമനുഷ്യന്റെ രഹസ്യം
മഞ്ഞും ദുരൂഹതകളും നിറഞ്ഞ ഹിമാലയന്‍ മലനിരകളില്‍ കയ്യിലൊരു കൂറ്റന്‍ കല്ലായുധവുമായി ചുറ്റിത്തിരിയുന്ന യെതി എന്ന ഭീമന് നൂറ്റിഎണ്‍പതിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. ചരിത്രപുസ്തകങ്ങളിലെ കണക്കുകൾ പ്രകാരമാണിത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലാണ് യെതിയെന്ന ഭീമന്‍ മനുഷ്യനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറംലോകമറിഞ്ഞു തുടങ്ങിയത്. ഹിമാലയത്തിലെത്തിയ സാഹസിക യാത്രികരിലൂടെയായിരുന്നു അത്. എന്നാല്‍ യെതി എത്രയോ വര്‍ഷങ്ങളായി ഹിമാലയത്തില്‍ ജീവിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നവരായിരുന്നു അവിടത്തെ ബുദ്ധഭിക്ഷുക്കള്‍. വിസിലടിക്കുന്നതു പോലുള്ള ശബ്ദവും പുറപ്പെടുവിച്ച് മഞ്ഞിലൂടെ നടക്കുന്ന യതിയെ എവറസ്റ്റ് യാത്രികരും പലപ്പോഴും കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ് നോർഗെ വരെ പങ്കുവച്ചിട്ടുണ്ട് തന്റെ പൂര്‍വികര്‍ യെതിയെ നേരിട്ടു കണ്ടിട്ടുള്ള കാര്യം.
യതി എന്നും എല്ലാവർക്കും ഒരു സമസ്യയായിരുന്നു. ഹിമാലയൻ മലനിരകളിലും മഞ്ഞുമൂടിക്കിടക്കുന്ന മറ്റിടങ്ങളിലും ഈ മഞ്ഞുമനുഷ്യനെ പലപ്പോഴും കണ്ടതായി പലരും അവകാശപ്പെട്ടു. മഞ്ഞുമനുഷ്യൻ അഥവാ യതി സത്യമാണെന്നു വിശ്വസിക്കാൻ പോന്ന തെളിവുകളും ഈ വിശ്വാസത്തിന് ആക്കം കൂട്ടി.
1925 ലാണ് ഹിമാലയത്തില്‍ അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തെ കണ്ടതായി ബ്രിട്ടിഷ് ജോഗ്രഫിക്കല്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ അവകാശപ്പെട്ടത്. പിന്നീട് ഇതുവരെ പലതവണ പല ഹിമാലയന്‍ യാത്രക്കാരും ഈ രൂപത്തെ കണ്ടതായി റിപ്പോര്‍ട്ടു ചെയ്തു. പാതി മനുഷ്യനും പാതി മൃഗവുമായി അറിയപ്പെട്ട ഈ ജീവിക്ക് യതി എന്ന പേരും നല്‍കി. യതി എന്നത് സത്യമോ മിഥ്യയോ എന്ന് തര്‍ക്കം നിലനിന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല.
ഈ ഭീമനെ തേടി പ്രത്യേക പര്യവേക്ഷണങ്ങള്‍ വരെ നടന്നു. ഇവയുടെ കാല്‍പ്പാടുകളും രോമവും അസ്ഥിയും വിസര്‍ജ്യവും വരെ ലോകത്തിനു മുന്നില്‍ തെളിവായെത്തി. എന്നാല്‍ എല്ലാ തെളിവുകളും പരിശോധിച്ച ശാസ്ത്രജ്ഞര്‍ ഒടുവില്‍ ഉറപ്പിച്ചു- യതി എന്നത് വെറുമൊരു സാങ്കല്‍പിക ഭീമന്‍ മാത്രമാണ്. യെതിയുടേതെന്ന പേരില്‍ ഇതുവരെ കണ്ടെത്തിയ അവശിഷ്ടങ്ങളെല്ലാം മറ്റു ജീവികളുടേതാണ്. ഡിഎന്‍എ പരിശോധനയിലൂടെയാണ് നേപ്പാള്‍-തിബറ്റ് അതിര്‍ത്തിയില്‍ നൂറ്റാണ്ടുകളായി ചുറ്റിത്തിരിയുന്ന ഈ ഭീമന്റെ രഹസ്യം ലോകത്തിനു മുന്നിലെത്തിയത്. എല്ലും പല്ലും തൊലിയും രോമവും വിസര്‍ജ്യവും ഉള്‍പ്പെടെ യതിയുടേതെന്നു വിശ്വസിക്കുന്ന ഒന്‍പതു സാംപിള്‍ തെളിവുകളാണ് ഗവേഷകര്‍ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കിയത്. അതില്‍ ഒന്ന് പര്‍വതങ്ങളില്‍ കാണപ്പെടുന്ന നായ്ക്കളുടേതാണെന്നു തെളിഞ്ഞു. ശേഷിക്കുന്നവയിൽ തൊലിയുടെ സാംപിളുകൾ ഏഷ്യയിൽ കാണുന്ന തരം കറുത്ത കരടികളുടേതായിരുന്നു. എല്ലുകളാകട്ടെ ടിബറ്റിലെയും ഹിമാലയത്തിലെയും തവിട്ടു കരടികളുടേതും.
യതി എന്നത് മനുഷ്യനോ മനുഷ്യമൃഗമോ അല്ല കരടിയാണെന്നാണ് ഇവര്‍ കണ്ടെത്തി. യതിയുടേതെന്നു വിശ്വസിച്ചിരുന്ന അസാധാരണ വലിപ്പുള്ള ഫോസില്‍ കരടിയുടേതാണെന്നും ഗവേഷകര്‍ കണ്ടെത്തി. പലപ്പോഴായി യതിയുടേതെന്നു കരുതി പലരും ശേഖരിച്ച ഫോസിലുകളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഈ ഫോസിലുകള്‍ മാത്രമാണ് യതി എന്ന ജീവി ഹിമാലയത്തിലുണ്ടെന്ന വാദങ്ങള്‍ക്കു ദുര്‍ബലമായ പിന്തുണയെങ്കിലും നല്‍കിയിരുന്നത്.
ഏതായാലും ശാസ്ത്രീയമായ വിശദീകരണത്തോടെയുള്ള ഈ കണ്ടെത്തൽ യതി എന്ന ഹിമമനുഷ്യനെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണു കരുതിയിരുന്നത്. എന്നാൽ ഇന്ത്യൻ സേന യതിയുടേതെന്നു കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയതോടെ യതി എന്ന കൂറ്റൻ മഞ്ഞുമനുഷ്യൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്.