വിസര്‍ജ്യം അത് മനുഷ്യരുടേതായാലും മൃഗങ്ങളുടേതായാലും പരിധി കഴിഞ്ഞാല്‍ പ്രകൃതിക്ക് ഹാനികരമാണ്. അതുകൊണ്ട് തന്നെ ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരം വിസര്‍ജ്യങ്ങളുടെ സംസ്കരണം ഉറപ്പു വരുത്തുന്നതും. എന്നാൽ വനങ്ങളില്‍ ഈ മൃഗങ്ങളുടെയെല്ലാം വിസര്‍ജ്യങ്ങള്‍ക്ക് എന്താണ് സംഭവിക്കുക? പ്രത്യേകിച്ചും ആനകളും ഹിപ്പോകളും പോലുള്ള വലിയ ജീവികൾ ദിവസേന കിലോക്കണക്കിന് വിസര്‍ജ്യം പുറന്തള്ളുന്ന ജീവികളാണ്.  അധികം ചിന്തിക്കാനൊന്നുമില്ല , അവ സ്വാഭാവിക പ്രക്രിയകളിലൂടെ മണ്ണില്‍ ലയിക്കുകയാണ് സാധാരണ ചെയ്യുക. 

എന്നാല്‍ ആഫ്രിക്കയിലെ ഹിപ്പോകളുടെ വിസര്‍ജ്യം ഇപ്പോഴൊരു തര്‍ക്ക വിഷയമാണ്. പറ്റിയാല്‍ ദിവത്തിന്‍റെ മുക്കാൽ ഭാഗവും വെള്ളത്തില്‍ ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഹിപ്പോകള്‍. അതുകൊണ്ട് തന്നെ ദിവസേന ഏതാണ്ട് 20 കിലോഗ്രാം കാഷ്ഠം പുറന്തള്ളുന്ന ഹിപ്പോകളുടെ വിസര്‍ജ്യത്തിന്‍റെ ഭൂരിഭാഗവും പതിക്കുന്നത് തടാകങ്ങളിലോ, നദികളിലോ അതിന്‍റെ കരകളിലോ ആയിരിക്കും. ഇവയെല്ലാം നദിയില്‍ കലരുകയും ചെയ്യും. ഇങ്ങനെ ഒരു ഹിപ്പോയുടെയല്ല ആയിരക്കണക്കിനു ഹിപ്പോകളുടെ വിസര്‍ജ്യമാണ് ആഫ്രിക്കയിലെ ഓരോ നദിയിലും കലരുന്നത്. ഇങ്ങനെ മാസായ് മാറാ നദിയില്‍ മാത്രം ഏതാണ്ട് മൂന്നര ടണ്‍ ഹിപ്പോ വിസര്‍ജ്യം ദിവസേന എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ഹിപ്പോ കാഷ്ഠം നദിക്ക് ഗുണമോ ദോഷമോ?

ഏതാണ്ട് 1 വര്‍ഷം മുന്‍പാണ് ഹിപ്പോകളുടെ കാഷ്ഠം നദികളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനം പുറത്തുവന്നത്. ആഫ്രിക്കന്‍ സമതലങ്ങളിലൂടെ ഒഴുകുന്ന നദികളിലെ മത്സ്യസമ്പത്തിന ഹിപ്പോകളുടെ കാഷ്ഠം പ്രതികൂലമായി ബാധിക്കുന്നു എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ അഭിപ്രായപ്പെട്ടത്. കെനിയയിലെ മാസായി മാറയിലെ ഹിപ്പോളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. നാലായിരത്തിലധികം ഹിപ്പോകളാണ് മസായി മാറയിലുള്ളത്. നന്നായി ഭക്ഷണം കഴിക്കുന്ന ഹിപ്പോകള്‍ അതുപോലെ തന്നെ മാലിന്യവും പുറന്തള്ളുന്നുണ്ട്.

മറ്റ് പ്രദേശങ്ങളിലെ നദികളുമായി താരതമ്യം ചെയ്യുമ്പോള്‍ മാസായി മാറയിലൂടെ ഒഴുകുന്ന നദികളില്‍ മത്സ്യത്തിന്റെ അളവ് വളരെ കുറവാണ്. ഈ കണ്ടെത്തലാണ് ഹിപ്പോകളുടെ സാന്നിധ്യവും മത്സ്യത്തിന്റെ കുറവും തമ്മിലുള്ള ബന്ധത്തെ താരതമ്യപ്പെടുത്തിയുള്ള പഠനത്തിലേക്കെത്തിച്ചതും. മാസായി മാറയിലെ ഹിപ്പോകളുടെ എണ്ണം കൂടയതനുസരിച്ചാണ് മത്സ്യങ്ങളുടെ എണ്ണത്തിലും കുറവുണ്ടായതെന്ന് ഈ പഠനം പറയുന്നു. ഹിപ്പോകള്‍ സൃഷ്ടിക്കുന്ന മാലിന്യം മൂലം മത്സ്യങ്ങള്‍ക്കു ജീവിതം സാധ്യമാകുന്നില്ല എന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ഈ പഠനത്തിനെതിരെ അന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഈ സമതലത്തില്‍ ഹിപ്പോകള്‍ ജീവിക്കുന്നുണ്ട്. വേട്ടയും വനനശീകരണവും മൂലം ഇന്നുള്ള ഹിപ്പോകളുടെ എണ്ണം അന്നത്തേതിന്‍റെ ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. ഇങ്ങനെയിരിക്കെ പെട്ടൊന്നൊരു ദിവസം എങ്ങനെയാണ് ഹിപ്പോകള്‍ മത്സ്യസമ്പത്തിനു തിരിച്ചടിയാകുന്നതെന്നായിരുന്നു എതിര്‍ക്കുന്നവരുടെ ചോദ്യം. ഇവരുടെ ഈ സംശയങ്ങളെ ശരിവയ്ക്കുന്നതാണ് പുതിതായി നടത്തിയ ഒരു പഠനത്തിന്‍റെ കണ്ടെത്തല്‍.

സിലിക്കണ്‍ വാഹകരായ ഹിപ്പോകള്‍

പുല്ലുകള്‍ പോലുള്ള സസ്യങ്ങളാണ് ഹിപ്പോകളുടെ പ്രധാന ആഹാരം. ഭൂമിയിലെ സിലിക്കണ്‍ ഡയോക്സൈഡിന്‍റെ വലിയൊരു ശതമാനം അടങ്ങിയിരിക്കുന്നത് പുല്ലുകളിലാണ്. അതുകൊണ്ട് തന്നെ ദിവസേന 40 കിലോയോളം പുല്ലു തിന്നുന്ന ഹിപ്പോകള്‍ ഭൂമിയിലെ സിലിക്കണ്‍ ചംക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്നു എന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. ബെല്‍ജിയത്തിലെ ആന്‍വേര്‍പ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയതും ഹിപ്പോകള്‍ പ്രകൃതിയില്‍നടത്തുന്ന നിര്‍ണായക ഇടപെടല്‍ കണ്ടെത്തിയതും.

ദിവസേന ഒരു ഹിപ്പോ 2.5 കിലോയോളം സിലിക്കണ്‍ വിസര്‍ജ്യത്തിലൂടെ പുറന്തള്ളുന്നുണ്ടെന്നാണു കണക്ക്. എല്ലാ ഹിപ്പോകളുടെയും വിസര്‍ജ്യത്തിന്‍റെ അളവെടുത്താല്‍ ഭൂമിയില്‍ നടക്കുന്ന സിലിക്കണ്‍ ചംക്രമണത്തിന്‍റെ 78 ശതമാനവും ഹിപ്പോകളുടെ വിസര്‍ജ്യത്തിലൂടെയാണെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മണ്ണില്‍ നിന്ന് നദിയിലേക്ക് സിലിക്കൺ എത്തിക്കുന്ന കണ്‍വേയര്‍ബെല്‍റ്ററ് പോലെയാണ് ഹിപ്പോകള്‍പ്രവര്‍ത്തിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

നദിയിലേക്കെത്തുന്ന ഈ സിലിക്കണ്‍ വെള്ളത്തിലെ ആല്‍ഗകളുടെ പ്രധാന ഊര്‍ജദായക വസ്തുവാണ്. ഈ ആല്‍ഗകളിലൂടെ മറ്റ് സസ്യങ്ങളിലേക്കും നദിയിലെ ജീവികളിലേക്കും സിലിക്കൺ കൈമാറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഹിപ്പോകള്‍ ജലത്തിലെ ജൈവസമ്പത്ത് ഇല്ലാതാക്കുന്നതിനല്ല നിലനിര്‍ത്തുന്നതിനാണു സഹായിക്കുന്നതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ജോനാസ് ഷോലിന്‍ക് പറയുന്നു. ആഫ്രിക്കന്‍ സമതലത്തിലൂടെ ഒഴുകുന്ന നദീതീരങ്ങളില്‍ ഹിപ്പോകളുടെ എണ്ണം ഭയപ്പെടുത്തുന്ന രീതിയില്‍ കുറഞ്ഞു വരികയാണ്. ഇത് ഭാവിയില്‍ നദിയിലെ ജൈവസമ്പത്തിനെ ബാധിക്കുമോ എന്നാണ് ആശങ്കപ്പെടേണ്ടതെന്നും ഷോലിന്‍ക് ചൂണ്ടിക്കാട്ടുന്നു.