കടൽ ഇനിയും തണുത്തുതുടങ്ങിയില്ല, കാലവർഷക്കാറ്റ് ആൻഡമാൻ നിക്കേ‍ാബാർ ദീപിൽ ശക്തമായതുമില്ല– കാലവർഷം ശരാശരി 10 ദിവസം വൈകിയേ ആരംഭിക്കൂവെന്നാണ് ഒടുവിലത്തെ നിരീക്ഷണം. ജൂൺ ആറോടെ കാലവർഷം എത്തുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനമെങ്കിലും അതിൽ മാറ്റം വരുമെന്നാണ് ഇതര ഏജൻസികളുടെ റിപ്പേ‍ാർട്ട്. ന്യൂനമർദ്ദം രൂപപ്പെടുന്ന സൂചനകളെ‍ാന്നും ഇതുവരെ ലഭിച്ചിട്ടില്ല.

അറബിക്കടലും ബംഗാൾ ഉൾക്കടലും ശക്തമായ ചൂടിൽതന്നെയാണ്. യഥാക്രമം 29, 30 ഡിഗ്രി സെൽഷ്യസാണ് ഇവയുടെ ഉഷ്ണം. അതിന്റെ ഭാഗമായി കരയിലും ശക്തമായ ചൂട് അനുഭവപ്പെടുന്നു. പലയിടത്തും കാർമേഘങ്ങളുണ്ടെങ്കിലും മഴ പെയ്യുന്നില്ല. അടുത്ത രണ്ടുദിവസത്തിനുള്ളിൽ തിരുവനന്തപുരം, കെ‍ാല്ലം ജില്ലകളിൽ കനത്ത മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കുന്നു. കടലിന്റെ ചൂട് കുറയാത്തതാണു ന്യൂമർദ്ദം വൈകാൻ കാരണം. എൽ നിനേ‍ാ ശക്തിപ്പെടില്ലെന്നായിരുന്നു ആദ്യ റിപ്പേ‍ാർട്ടെങ്കിലും അതു ശരിയല്ലെന്ന പുതിയ സൂചനകൾ ആശങ്ക ഉയർത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ കാലവർഷം കുറഞ്ഞേക്കും. ഇതുസംബന്ധിച്ചു നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നെങ്കിലും തിരഞ്ഞടുപ്പിനെ ബാധിക്കുമെന്നതിനാൽ പുറത്തവിട്ടില്ലെന്നാണു ആക്ഷേപം.

പരമ്പരാഗത രീതിയനുസരിച്ചു കാലവർഷക്കാറ്റ് ഈ സമയത്തു ആൻഡമാൻ നിക്കേ‍ാബാർ ദ്വീപിൽ ശക്തിപ്പെടേണ്ടതാണെങ്കിലും എത്തിയിട്ടില്ല. കാലവർഷം രണ്ടാഴ്ചയിലധികം വൈകിയാൽ ഒരു മിനി വരൾച്ചക്കുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. വടക്കൻ കേരളത്തിൽ കനത്ത മഴ താരതമ്യേന കുറവാണ്. ജൂൺ ആദ്യംതന്നെ കാലവർഷം ആരംഭിക്കുമെന്ന നിഗമനം മിക്കസമയത്തും ശരിയാകാറില്ല. 100 വർഷത്തിനിടെ ആകെ 5 തവണയാണ് ഈ രീതിയിൽ മഴക്കാലം തുടങ്ങിയത്.