ബോട്ട് പ്രൊപ്പല്ലർ ‘ജീവൻ മുറിച്ചു’, കഠിനവേദനയിൽ കരഞ്ഞ് തിമിംഗലം; ഞെട്ടിക്കുന്ന കാഴ്ച!
ഏതാനും ദിവസങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ലോകവ്യാപകമായി പങ്കുവയ്ക്കുന്ന ഒരു ചിത്രമുണ്ട്. വാല്‍ മുറിഞ്ഞു തൂങ്ങിയ നിലയിലുള്ള ഒരു തിമിംഗലത്തിന്‍റെ ദൃശ്യം. തിമിംഗലം ബോട്ടില്‍ വന്നിടിച്ചാല്‍ ബോട്ടിനാണ് അപകടമെന്നാണ് പൊതുവായ ധാരണ. എന്നാല്‍ ഇത് മിഥ്യാധാരണ മാത്രമാണ്. ഒരു ബോട്ടിന് തിമിംഗലത്തിന്‍റെ മേല്‍ എത്രമാത്രം ആഘാതമേല്‍പ്പിക്കാനാകും എന്നതിന്‍റെ ഉദാഹരണമാണ് ഈ ചിത്രം. ബോട്ടിന്‍റെ പ്രൊപ്പല്ലര്‍ കൊണ്ടാണ് വാൽ അടർന്നുപോയത്. ബാക്കിയായത് വാലിന്റെ ഒരു ചെറിയ ഭാഗം മാത്രം.
അണ്ടര്‍ വാട്ടര്‍ ഫൊട്ടോഗ്രാഫറായ ഫ്രാന്‍സിസ് പെറസ് ആണ് കാനറി ദ്വീപിന്‍റെ സമീപത്തുനിന്ന് ഈ തിമിംഗലത്തിന്‍റെ ചിത്രം പകർത്തിയത്. ക്രിസ്റ്റീന മിറ്റര്‍മീയര്‍ എന്ന സമുദ്രഗവേഷകയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജൂണ്‍ പതിമൂന്നിന് പങ്കുവച്ച ഈ ചിത്രം ഞെട്ടലോടെയാണ് ലോകം കണ്ടത്. ബോട്ടുകള്‍ തിമിംഗലങ്ങള്‍ക്ക് ഇത്രമാത്രം അപകടകരമാണെന്ന് ഭൂരിഭാഗം പേരും തിരിച്ചറിയുന്നത് ഈ ചിത്രത്തിലൂടെയാണെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നു തന്നെ വ്യക്തം. പൈലറ്റ് വെയ്ൽ വിഭാഗത്തിൽ പെട്ട തിമിംഗലമാണ് അപകടത്തിൽ പെട്ടത്.
അതികഠിനമായ വേദനിലൂടെ കടന്നു പോകുന്ന അവസ്ഥയിലായിരുന്നു ആ തിമിംഗലത്തിന്‍റെ ശബ്ദങ്ങളെന്ന് ക്രിസ്റ്റീന പറയുന്നു. ഈ ശബ്ദം തന്നെയാണ് ഫൊട്ടോഗ്രാഫറായ പെറസിനെ ഇവിടേക്കെത്തിച്ചതും. പെറസും, ക്രിസ്റ്റീനയും അടങ്ങുന്ന ഗവേഷക സംഘം ഒടുവില്‍ തിമിംഗലത്തെ ദയാവധത്തിന് വിധേയമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്രിസ്റ്റീനയുെടെ ഈ തീരുമാനത്തെ പിന്തുണച്ച് അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ നിരവധി പേര്‍ അഭിനന്ദനവുമായി രംഗത്തെത്തി.
തിമിംഗലത്തിന് ചികിത്സ നല്‍കുകയെന്നത് സാധ്യമല്ലാത്ത അവസ്ഥയാണുണ്ടായിരുന്നതെന്ന് ക്രിസ്റ്റീന വിശദീകരിച്ചു. തിമിംഗലത്തിന്‍റെ വേദന കുറയ്ക്കാനോ ആയുസ്സ് നീട്ടാനോ ചികിത്സയിലൂടെ സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവിയെ ദയാവധത്തിനു വിധേമാക്കിയത്. തിമിംഗലങ്ങള്‍ക്കു മാത്രമല്ല ഡോള്‍ഫിന്‍ മുതല്‍ മുകളിലേക്ക് വലുപ്പമുള്ള എല്ലാ സമുദ്ര ജീവികളും ബോട്ടുകളുമായുള്ള കൂട്ടയിടി മൂലവും പ്രൊപ്പല്ലറില്‍ നിന്നും പരുക്കേല്‍ക്കുന്നുണ്ട്.
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഫോർ നേച്ചറിന്റെ കണക്കുകള്‍ അനുസരിച്ചും ബോട്ടുകളില്‍ നിന്ന് പരുക്കേല്‍ക്കുന്ന തിമിംഗലങ്ങളുടെ എണ്ണം ഏറെ വലുതാണ്. പ്രത്യേകിച്ചും ലോകത്തെ പല പ്രധാനപ്പെട്ട കപ്പല്‍ പാതകളും ചെറുകിട ഫെറി പാതകളും വരെ കടന്നു പോകുന്നത് തിമിംഗലങ്ങള്‍ വേട്ടയാടുകയും കൂട്ടം ചേരുകയും ഇണ ചേരുകയുമൊക്കെ ചെയ്യുന്ന പ്രദേശത്താണ്. പലപ്പോഴും വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ബോട്ടുകള്‍ക്ക് പെട്ടെന്നു പൊങ്ങി വരുന്ന തിമിംഗലങ്ങളെ ഒഴിവാക്കാനാകാത്ത അവസ്ഥയുണ്ട്. കപ്പലുകൾക്ക് തിമിംഗലങ്ങള്‍ അടുത്തു വന്നാല്‍ പോലും കാണാന്‍ സാധ്യവുമല്ല. അതു കൊണ്ടു തന്നെ കൂട്ടിയിടിച്ചാൽ പോലും കപ്പലുകൾ അറിയാറുമില്ല.