ഹിമാലയം ഉരുകുന്നു; വർഷം അരമീറ്റർ വീതം
വാഷിങ്ടൻ ∙ ഹിമാലയത്തിലെ മഞ്ഞുമലകൾ ആഗോള താപനം മൂലം അതിവേഗം ഉരുകിത്തീരുകയാന്നെന്നു പഠനം. 1975 – 2000 കാലയളവിനെ അപേക്ഷിച്ച് 2000 നു ശേഷം ഇതിന്റെ തോത് ഇരട്ടിയായതായി കണ്ടെത്തി. ഇങ്ങനെ പോയാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ 80 കോടി ആളുകൾക്കു ഭാവിയിൽ ശുദ്ധജലം മുടങ്ങുമെന്ന് കൊളംബിയ സർവകലാശാലയിലെ വിദഗ്ധർ പ്രവചിക്കുന്നു.
ഇന്ത്യ, ചൈന, നേപ്പാൾ ഭൂട്ടാൻ എന്നിവിടങ്ങളിലെ 2000 കിലോമീറ്ററിൽ വരുന്ന 650 ഹിമപർവതങ്ങളിൽ നിന്ന് 40 വർഷമായി യുഎസ് ചാര ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങൾ താരതമ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ കിട്ടിയത്.
ഭൂമിയുടെ മൂന്നാം ധ്രുവം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയത്തിൽ ഇപ്പോൾ 60,000 കോടി ടൺ മഞ്ഞുണ്ടെന്നാണ് ഏകദേശ കണക്ക്. 1975- 2000 ൽ വർഷം തോറും ശരാശരി 25 സെന്റിമീറ്റർ ഉയരത്തിൽ ഹിമപാളി ഉരുകിയൊലിച്ചുപോയി. 2000 നു ശേഷം ഇത് 50 സെന്റിമീറ്ററായി. ആഗോള താപനില ഇക്കാലയളവിൽ ഒരു ഡിഗ്രി സെൽഷ്യസ് കൂടിയതാണു കാരണം.
പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതി മലിനീകരണമാണ് ആഗോള താപനത്തിനും അതുവഴിയുള്ള കാലാവസ്ഥാ വ്യതിയാനത്തിനും കാരണമെന്നാണ് പാശ്ചാത്യരുടെ നിലപാട്.