കോഴിക്കോട്  കല്ലായിപ്പുഴയുടെ മരണം ഉടനുണ്ടാകുമെന്ന് ഹരിത ട്രിബ്യൂണൽ; രാജ്യത്തെ ഏറ്റവും മലിനമായ പുഴകളുടെ ‘റെഡ് സോൺ’പട്ടികയിൽ കല്ലായിപ്പുഴയും ഇടംപിടിച്ചു.ദേശീയ ഹരിത ട്രിബ്യൂണൽ രാജ്യത്തെ എല്ലാ നദികളിലെയും മാലിന്യത്തെക്കുറിച്ചു പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും മലിനമായ 351 നദികളെയാണ് റെഡ് സോണിൽ പെടുത്തിയിരിക്കുന്നത്.

ശ്വാസംമുട്ടി മരിച്ച് കല്ലായിപ്പുഴ

രാസ മാലിന്യങ്ങൾ, ശുചിമുറി മാലിന്യങ്ങൾ, ഇറച്ചിമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങി ഒരു പുഴയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടി മാലിന്യമാണ് കല്ലായിപ്പുഴയിലേക്ക് ഒഴുകിയെത്തുന്നത് എന്ന് പഠനങ്ങൾ പറയുന്നു. കൈവഴികളിലൂടെയും ഓടകളിലൂടെയും കനോലി കനാലിലൂടെയും ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് കല്ലായിപ്പുഴയെ കാളകൂട വിഷം പോലെയാക്കുന്നത്.

വെള്ളത്തിൽ ഓക്സിജന്റെ അളവുകുറഞ്ഞതോടെ മത്സ്യസാന്നിധ്യവും ഇല്ലാതായി. ഇരുവശത്തെയും കയ്യേറ്റങ്ങൾ പുഴയുടെ നടുക്കുവരെ എത്തിയ അവസ്ഥയുമായി. നാടും നാട്ടുകാരും ചേർന്ന് ഒരു പുഴയെ കൊന്നുകൊലവിളിക്കുന്ന കാഴ്ചയാണ് കല്ലായിപ്പുഴയിൽ കാണുന്നത്.27 വർഷം മുൻപ് എം.കെ.മുനീർ എംഎൽഎയാണ് കല്ലായിപ്പുഴയുടെ ദുരവസ്ഥ നിയമസഭയിൽ ആദ്യമായി അവതരിപ്പിച്ചത്.

അന്നുതൊട്ട് ഇന്നുവരെ ‘കല്ലായിക്കനവത്ത്’ പുഴ സംരക്ഷണത്തിനായി കൂട്ടായ പരിശ്രമങ്ങൾ നടന്നുവരികയാണ്. കയ്യേറ്റക്കാരെ ഒഴിപ്പിക്കലും ജണ്ടകെട്ടലും ഒരിക്കലുമഴിയാത്ത ഊരാക്കുടുക്കായി തുടരുന്നു. ഈ അവസ്ഥയിലാണ് പുഴയെ റെഡ് സോണിൽ ഉൾപ്പെടുത്തി ദേശീയ ഹരിത ട്രിബ്യൂണലിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കരട് ആക്‌ഷൻ പ്ലാനിന് അംഗീകാരം

കല്ലായിപ്പുഴയുടെ സംരക്ഷണത്തിനായി മലിനീകരണ നിയന്ത്രണ ബോർഡും ഡിസ‌്ട്രിക‌്ട‌് ലെവൽ ടെക‌്നിക്കൽ കമ്മിറ്റിയും ചേർന്ന‌് കരട് ആക്‌ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം ഈ കരട് പദ്ധതിക്ക് അംഗീകാരം നൽകി. ആക്‌ഷൻപ്ലാനിന് സംസ്ഥാനതല അംഗീകാരത്തിനായി ഉടൻ സമർപ്പിക്കുമെന്നും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.ബാബുരാജ് പറഞ്ഞു.

കരടുപദ്ധതി ഇങ്ങനെ

മാമ്പുഴയിൽനിന്നും ബേപ്പൂർ ,കനോലി കനാലുകളിൽനിന്നും മലിന ജലമാണ‌് കല്ലായ‌് പുഴയിൽ എത്തുന്നത‌്. ഒപ്പം ഓടകളും മറ്റ‌് കൈവഴികളും വഴി കക്കൂസ‌് മാലിന്യങ്ങൾ അടക്കമുള്ള എത്തിച്ചേരുന്നുണ്ട‌്. ഇവ ഇല്ലാതാക്കുകയാണ‌് ആദ്യലക്ഷ്യം. ബീച്ചിലും മെഡിക്കൽ കോളേജിലുമായി മലിനജല സംസ‌്കരണ പ്ലാന്റ‌് തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ‌്. മലിന ജലം സംസ‌്കരിച്ച ശേഷം മാത്രം പുഴകളിലും കടലിലും ഒഴുക്കിവിടാനാണ‌് തീരുമാനം.

പ്ലാസ‌്റ്റിക‌് കുപ്പികളടക്കമുള്ളവ വലിച്ചെറിയുന്ന സംസ‌്കാരം ഒഴിവാക്കാൻ പൊതുജനങ്ങളെ ബോധവൽക്കരിക്കും. കോട്ടൂളിയിലെ മലിനജല സംസ്കരണ പ്ലാന്റിന്റെ പ്രവൃത്തികൾ ഫണ്ടിന്റെ അഭാവം മൂലം മുടങ്ങിക്കിടക്കുകയാണ്. ഇതിനു ഫണ്ടു ലഭ്യമാക്കി നിർമാണം പൂർത്തിയാക്കാനും ലക്ഷ്യമിടുന്നുണ്ട്.